Flame Vine /Orange Trumpet Vine/Fire cracker Vine എന്നറിയപ്പെടുന്ന Pyrostegia venusta എന്ന അലങ്കാര വള്ളിച്ചെടിയെക്കുറിച്ചറിയാം.
അല്പം തണുപ്പുള്ള Sub tropical കാലാവസ്ഥ നിലനിൽക്കുന്ന ഇടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അവിടുത്തെ പൂക്കളുടെ ധാരാളിത്തവും നിറങ്ങളുടെ ആഴവും നമ്മളെ അതിശയിപ്പിക്കും. കളച്ചെടികളുടെ പൂക്കൾക്ക് പോലും എന്താ ഭംഗി എന്ന് തോന്നും. അത്തരത്തിൽ നമ്മെ ആകർഷിക്കുന്ന ഒരു അലങ്കാര വള്ളിച്ചെടിയാണ് തീജ്വാല വള്ളി.
കെട്ടിടങ്ങളുടെ മുകളിൽ പടർത്താനോ കാർ പോർച്ചിന് മുകളിൽ പടർത്താനോ വള്ളിക്കുടിൽ ഉണ്ടാക്കാനോ ഒക്കെ പറ്റിയ ചെടിയാണ് പൈറോസ്റ്റീജിയ. ഒരു കുലയിൽ പതിനഞ്ചും ഇരുപതും പൂക്കൾ കുലയായി പീടിച്ചു നിൽക്കും ലാറ്റിൻ അമേരിക്കയിൽ ജനിച്ച് ലോകം മുഴുവൻ പടർന്ന തീച്ചന്തം.
അടിമാലിയിൽ നിന്നും മൂന്നാറിലേക്ക് വരുമ്പോൾ പലയിടങ്ങളിലും ഇവൾ തീ പടർത്തി നിൽക്കുന്നത് കണ്ടു. പത്ത് പന്ത്രണ്ട് മീറ്റർ പൊക്കത്തിലൊക്കെ വളരും. നല്ല സൂര്യ പ്രകാശം വേണം. മിതമായ നന മതിയാകും. മൂന്ന് നാല് മുട്ടുള്ള, പകുതി മൂത്ത വള്ളികൾ മുറിച്ചെടുത്തു വേര് പിടിപ്പിച്ചതാണ് നടീൽ വസ്തു.
തേനീച്ച വളർത്തൽ ഉള്ള വീടുകളിൽ വളർത്താൻ പറ്റിയ ചെടിയാണിത്.കാരണം ആയിരക്കണക്കിന് പൂക്കളിൽ നിന്നുള്ള പൂന്തേൻ തേനീച്ചകൾക്ക് കിട്ടും. അതുപോലെ ചെറിയ കിളികളെയും ഈ പൂക്കൾ ആകർഷിക്കും. പക്ഷേ മണം തീരെയില്ല.
നമ്മുടെ തണുപ്പ് കാലത്താണ് പുഷ്പിക്കൽ. ഓരോ പൂക്കാലം കഴിയുമ്പോഴും വള്ളികൾ കോതി പുതിയ വള്ളികൾ വളരാൻ അനുവദിക്കണം.
തയ്യാറാക്കിയത്:
പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ
Discussion about this post