നമ്മുടെ അടുക്കളയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉലുവ. നല്ല കയ്പുള്ള, മഞ്ഞനിറമുള്ള ഉലുവയും അതിന്റെ പച്ചനിറമുള്ള ഇലകളും ആഹാരത്തിന്റെ ഭാഗമാണ്. ഏതിനും വ്യത്യസ്തമായ രുചി പകരുന്നതിനൊപ്പം അവ ആരോഗ്യത്തിനും ഗുണം ചെയ്യും.
ഉലുവയില്‍ മാംസ്യം, ജീവകം സി, നിയാസിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യവും കാത്സിയവുമുണ്ട്. പിന്നെ മഗ്നീഷ്യവും ഫോസ്ഫറസും ഇരുമ്പും സോഡിയവും. ഇതിനൊക്കെ പുറമെ ചെറിയ അളവില്‍ നാകം, ചെമ്പ്, മാംഗനീസ്, സെലീനിയം എന്നിവയും ഉണ്ട്. സ്ത്രൈണ ഹോര്‍മോണായ ഈസ്ട്രജന് തുല്യമായ ഡയോസ്ജനിന്‍ എന്ന ഘടകം വേറെയും.
ഉലുവയും അതിന്റെ ഇലയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഈ ഇലകളില്‍ നാരുകളും മറ്റ് അവശ്യ പോഷകങ്ങളും കൂടുതലായി അടങ്ങിയിട്ടുള്ളവയാണ്. ഉലുവയില്‍ കാണപ്പെടുന്ന വെള്ളത്തില്‍ ലയിക്കുന്ന നാരുകളായ ഗാലക്‌റ്റോമന്നന്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന തരത്തില്‍ വയര്‍ നിറഞ്ഞു എന്ന വികാരം വര്‍ദ്ധിപ്പിച്ച് വിശപ്പ് നിയന്ത്രിക്കുന്നു. ഇത് ശരീരത്തിലെ മെറ്റബോളിസവും വര്‍ദ്ധിപ്പിക്കും. അതിലൂടെ ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളഞ്ഞ്, മൊത്തത്തിലുള്ള ആരോഗ്യത്തെയും വര്‍ദ്ധിപ്പിക്കുന്നു. മിതമായ അളവില്‍ ഉലുവ കഴിക്കുകയാണെങ്കില്‍ ഗുണങ്ങള്‍ ഏറെയുണ്ട്. ഇരുപത്തഞ്ച് ഗ്രാം ഉലുവ പതിവായി കഴിക്കുകയാണെങ്കില്‍ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗീരണം മന്ദീഭവിപ്പിക്കാനും അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കപ്പെടാനും കഴിയും.
ഉലുവയ്ക്ക് ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ഇതിന് ചില ദോഷവശങ്ങളുമുണ്ട്. ഗര്‍ഭിണികള്‍ ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. മാസം തികയുന്നതിന് മുമ്പേ പ്രസവിക്കുന്നതിന് അത് ചിലപ്പോള്‍ കാരണമാകാം.
രക്തം കട്ടി കുറയ്ക്കാന്‍ കഴിവുള്ള ഒന്നാണ് ഉലുവ. ബ്ലഡ് തിന്നര്‍ എന്നു പറയും. ഇതിനായി മരുന്നു കഴിയ്ക്കുന്നവര്‍ ഉലുവ കഴിച്ചാല്‍ ഇത് അമിതബ്ലീഡിംഗിന് വഴിയൊരുക്കിയേക്കും. ചില മരുന്നുകള്‍ കഴിക്കുന്നവരില്‍ ഇത് ആ മരുന്നുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. ചിലരില്‍, കൂടിയ അളവില്‍ ഉലുവ കഴിക്കുന്നതിന്റെ ഫലമായി അലര്‍ജി പ്രതികരണങ്ങള്‍ ഉണ്ടാകാവുന്നതാണ്. ചിലപ്പോള്‍ വയറിളക്കവും.
ഉലുവച്ചെടിയുടെ വിത്തുകള്‍ സുഗന്ധവ്യഞ്ജനമായും ഉണക്കിയ ഇലകള്‍ ഔഷധമായും പച്ചക്കറികളില്‍ ചേര്‍ക്കാനും ഉപയോഗിക്കാറുണ്ട്. ഉണങ്ങിയ ഇലകളെയാണ് കസൂരി മേത്തി എന്ന് പറയുന്നത്. ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ ഉലുവ ഉത്പാദിപ്പിക്കുന്ന രാജ്യം. വിത്ത് മുളപ്പിച്ച് വളര്‍ത്തുന്ന ഇലവര്‍ഗങ്ങള്‍ താരതമ്യേന എളുപ്പത്തില്‍ വിളവെടുക്കാമെന്നതും മേന്മയാണ്. 30 ദിവസങ്ങള്‍ കൊണ്ട് വിളവ് ലഭിക്കും. നല്ല ഗുണനിലവാരമുള്ള മണ്ണും വെള്ളവും അനുയോജ്യമായ കാലാവസ്ഥയും മാത്രം മതി.
ഇന്‍ഡോര്‍പ്ലാന്റായും ഉലുവ ചെടി വളര്‍ത്താം. ജനലിലൂടെ ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം വെയ്ക്കാന്‍. ബാല്‍ക്കണിയിലും മട്ടുപ്പാവിലുമെല്ലാം വെച്ചും ഉലുവ എളുപ്പത്തില്‍ വളര്‍ത്താം.
Discussion about this post