ലോക്ഡൗണൊക്കെയായി വീട്ടിലിരിപ്പല്ലേ എല്ലാവരും. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ ചെറിയ തോതിലെങ്കിലും കൃഷി ചെയ്തു തുടങ്ങാൻ ഇതിലും നല്ല അവസരമില്ല. ലോക്ഡൗൺ കാലത്ത് വീട്ടിൽ ലഭ്യമായ ധാന്യമണികൾ മാത്രം മതി രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു കുടുംബത്തിനാവശ്യമായ പോഷകാംശം നിറഞ്ഞ വിഷമയമില്ലാത്ത ഇലവിഭവങ്ങൾ വിളയിപ്പിച്ചെടുക്കാന്‍.
(വീഡിയോയ്ക്കും വിവരങ്ങൾക്കും കടപ്പാട് : ഹരിതകേരളം മിഷൻ. കൃഷിരീതി വിശദീകരിക്കുന്നത് ഹരിത കേരളം മിഷൻ കൃഷി ടെക്നിക്കൽ ഓഫീസർ ഹരിപ്രിയ ദേവി)
വീടുകളിൽ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന പഴയ പാത്രങ്ങളോ ഐസ്ക്രീം വാങ്ങിയ ബോക്സുകളോ ഇതിനായി ഉപയോഗിക്കാം. ആദ്യം ബോക്സ് നന്നായി വൃത്തിയാക്കിയ ശേഷം അടിഭാഗത്ത് രണ്ടോ മൂന്നോ ഹോൾ (ദ്വാരം) ഇടണം. വീട്ടിലുള്ള പപ്പടംകുത്തിയോ ചെറിയ കമ്പിയോ ഇതിനായി ഉപയോഗിക്കാം. കുറച്ച് ചെറുപയറ് ഒരു ദിവസം വെള്ളത്തിലിട്ട് കുതിർത്തതെടുക്കുക. (പയറിന്റെ മറ്റ് വകഭേദങ്ങളും ജീരകവും കടുകും ഒക്കെ ഇതേ രീതിയിൽ കൃഷി ചെയ്യാവുന്നതാണ്) വെള്ളത്തിൽ നിന്ന് എടുക്കുന്നതിന് മുൻപായി ഇഴ അകലമുള്ള തുണിയിൽ (തോർത്തോ മറ്റ് തുണികളോ ഉപയോഗിക്കാം) കുറച്ചു നേരം കെട്ടിവെയ്ക്കണം. മുള വന്ന പരുവത്തിൽ പയർ എടുത്ത് ഒരു ബൗളിലേക്കോ പാത്രത്തിലേക്കോ മാറ്റി വെയ്ക്കുക.
തുടർന്ന് ആദ്യം എടുത്തുവെച്ച ബോക്സിലേക്ക് മണ്ണും മണലും കലർന്ന മിശ്രിതമോ മണ്ണ് മാത്രമോ പകുതി വരെ നിറയ്ക്കണം. ഒരു ചെറിയ സ്പൂൺ ഉപയോഗിച്ചോ പരന്ന തടിക്കഷ്ണം ഉപയോഗിച്ചോ ബൗളിലിട്ട മണ്ണ് നിരത്തി ഒരേ നിരപ്പിലാക്കണം. ഇതിന് ശേഷം മുളപ്പിച്ച പയറ് അതിന് മുകളിലേക്ക് വിതറുക. അധികം വളരാൻ അനുവദിക്കാത്തതു കൊണ്ട് അടുപ്പിച്ച് വിതറാം. അതിന് ശേഷം വിത്തുകൾ മുളച്ചു വരാൻ പാകത്തിന് കനം കുറച്ച് ഒരു നിര കൂടി മണ്ണ് മുകളിൽ ഇടണം. പിന്നീട് അൽപം വെള്ളമെടുത്ത് മണ്ണ് നനച്ചു കൊടുക്കാം. മണ്ണിൽ ജലാംശം ഉറപ്പു വരുത്തിയാൽ മാത്രം മതിയെന്നതിനാൽ അധികം വെള്ളം നനയ്ക്കരുത്.
ഏഴ് മുതൽ 10 ദിവസം വരെ കഴിയുമ്പോഴേക്കും ഇത് ഇല പൊട്ടി വിളവെടുക്കാൻ പാകമാകും. ഇല വന്ന് അധിക ദിവസം കഴിയുന്നതിന് മുൻപ് തന്നെ കത്രികയോ ചെറിയ കത്തിയോ ഉപയോഗിച്ച് കട്ട് ചെയ്തെടുക്കാം. ഇല തോരനോ കറിയോ സാലഡോ ഒക്കെയായും മറ്റ് വിഭവങ്ങൾക്കൊപ്പവും ഇത് പാചകം ചെയ്തു കഴിക്കാം.
https://www.facebook.com/harithakeralamission/videos/263799928118070/
Discussion about this post