ഏത് കൃഷിയും ചെയ്യാനിറങ്ങുമ്പോള്‍ വ്യക്തമായി അതേ കുറിച്ച് മനസിലാക്കിയിരിക്കണം. മികച്ച വിളവ് ലഭിക്കാന്‍ കാലാവസ്ഥ അനുയോജ്യമാണോ എന്നറിവുണ്ടാകണം. അത്തരത്തില്‍ മഴക്കാലത്ത് കൃഷി ചെയ്യാന്‍ കഴിയുന്ന പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വെണ്ട
കേരളത്തിലെ മഴക്കാലത്ത് ഏറ്റവും നന്നായി വളരുന്ന പച്ചക്കറിയാണ് വെണ്ട. മെയ് മാസം പകുതിയോടെയാണ് വെണ്ടയുടെ മഴക്കാല കൃഷിയ്ക്കായി വിത്ത് പാകേണ്ടത്. വാരങ്ങളിലോ ഗ്രോബാഗുകളിലോ വിത്ത് നടാം. വാരങ്ങളില്‍ ചെടികള്‍ തമ്മില് 45 സെന്റിമീറ്ററും വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂര്‍ മുമ്പ് വെണ്ടവിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്താന്‍ ശ്രദ്ധിക്കണം. നട്ട് 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കുള്ളില്‍ വെണ്ട പൂവിടുകയും തുടര്‍ന്ന് മൂന്നു മാസത്തോളം കായ്ക്കുകയും ചെയ്യും.
ചെടികള്‍ വളരുന്നതോടെ ചെറിയ തോതില്‍ നനയ്ക്കണം. ജൂണില്‍ മഴ തുടങ്ങുന്നതോടെ ചെടികള്‍ തഴച്ചുവളരാന്‍ തുടങ്ങും. മഞ്ഞളിപ്പ് രോഗമാണ് വെണ്ട കൃഷി നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ മഴക്കാലത്ത് മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകള്‍ തീരെ കുറവായിരിക്കും.ചെറിയ തോതില്‍ ജൈവവളം അടിവളമായി നല്‍കിയാല്‍ മികച്ച വിളവു ലഭിക്കും.
മുളക്
മഴക്കാല കൃഷിയില്‍ മുളകും മുന്നിലാണ്. നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ മഴക്കാലത്ത് കുറവായിരിക്കുന്നതാണ് ഇതിന് കാരണം. വിത്തുകള്‍ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്. വിത്തുകള്‍ മെയ് പകുതിയോടെ തവാരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കാം. 20-25 ദിവസം പ്രായമായ തൈകള്‍ മാറ്റിനടണം. ചെടികള്‍ തമ്മില് 45 സെന്റിമീറ്ററും വാരങ്ങള്‍ തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം നല്‍കണം. തൈകള് നട്ട് അമ്പതാം ദിവസം മുതല്‍ വിളവെടുപ്പ് തുടങ്ങാം. നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോ ജൈവവളം നല്‍കാന്‍ മറക്കരുത്. വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം.
വഴുതന
മഴക്കാലത്ത് നന്നായി വിളയുന്ന പച്ചക്കറികളിലൊന്നാണ് വഴുതന. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതന നന്നായി വളരുന്നത്. ഒരിക്കല്‍ പിടിച്ചുകിട്ടിയാല്‍ രണ്ട് വര്‍ഷം വരെ വിളവെടുക്കാന്‍ കഴിയും. അധികം പരിചരണവും ആവശ്യമില്ല. മെയ് രണ്ടാം വാരത്തോടെ വിത്തിട്ട് 20 മുതല്‍ 25 ദിവസംവരെ പ്രായമാകുമ്പോള്‍ തൈകള്‍ മാറ്റിനടാവുന്നതാണ്. ചെടികള്‍ തമ്മില് 60 സെന്റിമീറ്ററും വാരങ്ങള്‍ തമ്മില്‍ 75 സെന്റി മീറ്ററും ഇടയകലം നല്‍കണം. മാറ്റിനട്ട് 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കകം വഴുതിനയുടെ വിളവെടുപ്പ് തുടങ്ങാം. നാടന്‍ വഴുതന ഇനങ്ങളും വിപണിയില്‍ ലഭ്യമായ നിരവധി ഇനം വിത്തുകളും വീടുകളിലും കൃഷി ചെയ്യാം.
പാവല്‍
മഴക്കാലത്ത് മണ്ണ് കൂനകൂട്ടിയാണ് പാവല്‍ തൈകള്‍ നടേണ്ടത്. തൈ നട്ട് 45ാമത്തെ ദവസം പൂക്കളുണ്ടാകും. ആദ്യമുണ്ടാകുന്ന പൂക്കള്‍ ആണ്‍പൂക്കളായിരിക്കും. അവ കൊഴിഞ്ഞു പോകാന്‍ സാധ്യതയുണ്ട്.
കായീച്ചയാണ് പാവലിന്റെ ഏറ്റവും വലിയ ശത്രു. ജൈവവളമായ ബയോഗ്യാസ് സ്‌ളറി, പച്ചച്ചാണകം കലക്കിയത്, എല്ലുപൊടി എന്നിവ ഉപയോഗിക്കാം.
പയര്‍
പയര്‍ കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയം ജൂണ്‍-ജൂലൈ മാസങ്ങളാണ്. തടങ്ങളോ വാരങ്ങളോ എടുത്തു വേണം പയര്‍ വിത്ത് നടാന്‍.
Discussion about this post