രോഗത്രികോണം (Disease Triangle)പ്രകാരം ഒരു ചെടിക്കോ മനുഷ്യനോ സാംക്രമിക രോഗം വരണമെങ്കില്‍ അവിടെ മൂന്ന് കാര്യങ്ങള്‍ അനുകൂലമാകണം..
1.രോഗ ഹേതു (സൂക്ഷ്മ ജീവികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ )അവിടെ ഉണ്ടാകണം
2.വശംവദനായ/പരിക്ഷീണനായ
(Vulnerable ) ഒരു ആതിഥേയ ചെടി/ജീവി ഉണ്ടാകണം
3.അനുകൂല കാലാവസ്ഥ ഉണ്ടാകണം
ഇത് മൂന്നും അനുകൂലമെങ്കില്‍ പിന്നെ രോഗം ഉറപ്പ്. മനുഷ്യന് വരുന്ന പോലെ എല്ലാത്തരം (ബാക്ടീരിയ, ഫംഗസ്, വൈറസ്, മൈക്കോപ്ലാസ്മ ലരേ ) രോഗങ്ങളും ചെടികള്‍ക്കുമുണ്ട്. വാട്ടം, അഴുകല്‍, ഇലപ്പുള്ളി, കൊമ്പുണക്കം, ഇല കുരുടല്‍, കറയൊലിപ്പ് തുടങ്ങിയ രോഗങ്ങളാണ് ചെടികളെ ബാധിക്കുന്നത്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ ഈച്ചയും കൊതുകും ഉറുമ്പും പാറ്റയും എങ്ങനെ ആണോ അകന്നു നില്‍ക്കുക അതുപോലെ തന്നെ കൃഷിയിടവും വൃത്തിയാക്കി സൂക്ഷിക്കണം.
പൊതുവേ ഇക്കാര്യത്തില്‍ കര്‍ഷകര്‍ വരുത്തുന്ന വീഴ്ചകള്‍ ഇവയാണ്:
1.തോട്ടത്തില്‍ രോഗബാധിതമായ ഒരു ചെടി അല്ലെങ്കില്‍ ചെടികള്‍ നില്‍ക്കുമ്പോള്‍ തന്നെ പുതിയ തൈകള്‍ നടുന്നത്. ഉദാഹരണത്തിന്, നിലവില്‍ മണ്ഡരി ബാധിച്ചു മുളക് കുരുടി നില്‍ക്കുമ്പോള്‍ പുതിയ തൈകള്‍ നടുന്നത് അവയും കീട ബാധിതമാകാന്‍ കാരണമാകും. ഇല വളയല്‍(Yellow Leaf Curl) വൈറസ് രോഗം ബാധിച്ച തക്കാളി ചെടികള്‍ മാറ്റാതെ പുതിയ തൈകള്‍ നടുന്നതും നല്ലതല്ല. റിങ് സ്പോട് രോഗം ബാധിച്ചു കുരുടിയ പപ്പായ ചെടികള്‍ വെട്ടി മാറ്റാതെ പുതിയ പപ്പായ തൈകള്‍ നടുന്നതും ദോഷം ചെയ്യും.
2.നടുന്ന ചെടിയുടെ കുടുംബത്തില്‍ ഉള്ള ചില ചെടികള്‍ പുരയിടത്തില്‍ കാണും. അവ രോഗ കീടങ്ങളുടെ Alternate host (രണ്ടാം വീട് )ആയി വര്‍ത്തിക്കും. ഉദാഹരണത്തിന് വെണ്ടയുടെ ഇല ചുരുട്ടി പുഴുവിനെ ചെമ്പരത്തിചെടിയുടെ ഇലയിലും കാണാം. രണ്ടു പേരും Malvaceae എന്ന കുടുംബക്കാരാണ്. മുളകിലെ വെള്ളീച്ചയെ പേരയിലും മരച്ചീനിയിലും കാണാം. വെണ്ടയിലെ നരപ്പു രോഗം(Yellow vein mosaic disease) അപ്പ എന്ന ചെടിയില്‍ (Ageratum conyzoides)കാണാം. വിളകളില്‍ അനുവര്‍ത്തിക്കുന്ന കീട രോഗ നിയന്ത്രണ മാര്‍ഗങ്ങള്‍ ഇത്തരം ചെടികളിലും ചെയ്യണം. എങ്കില്‍ ഇവയെല്ലാം നിയന്ത്രിക്കാം.
നെല്‍ക്കൃഷിയിലെ കീടങ്ങളും രോഗകാരികളും കൃഷിയില്ലാക്കാലങ്ങളില്‍ വരമ്പത്തെ പുല്ലുകളിലും കളകളിലും ആണ് അധിവസിക്കുന്നത്. അതിനാല്‍ തന്നെ പുല്ലു ചെത്തി, വരമ്പ് വെട്ടി, ചെളി കൊണ്ട് പ്ലാസ്റ്റര്‍ ചെയ്യാത്ത പക്ഷം കീടരോഗങ്ങള്‍ പുല്ലില്‍ നിന്നും നെല്ലിലേക്കു പകരാന്‍ സാധ്യത കൂടും. പറമ്പില്‍ ചാണകം കൂട്ടി ഇടുന്നത് തെങ്ങിലെ കൊമ്പന്‍ ചെല്ലിയുടെ പുഴുക്കള്‍ പെരുകാന്‍ കാരണമാകും.കുരുമുളക് ചെടികള്‍ പടര്‍ത്തുന്ന താങ്ങു മരങ്ങളുടെ ചില്ലകള്‍ യഥാസമയം കോതി തണല്‍/വെയില്‍ ക്രമീകരിച്ചില്ലെങ്കില്‍ കുരു മുളക് മണികളുടെ പരിപ്പ് തിന്നു പൊള്ളയാക്കുന്ന പൊള്ളുവണ്ടിന്റെ ആക്രമണം കൂടും.
തോട്ടത്തിന്റെ വൃത്തിയില്ലായ്മ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതു വാഴകളെ ആണ്. വാഴത്തോട്ടത്തില്‍ മാണ വണ്ട് (കരിക്കന്‍ കേട് ), തടതുരപ്പന്‍ പുഴു (പിണ്ടിപ്പുഴു ), ഇലപ്പുള്ളി (സിഗെറ്റോക )എന്നിവ ഗുരുതരമാകുന്നതിന് കാരണം തോട്ടത്തിന്റെ വൃത്തിക്കുറവാണ്.
കൃത്യമായ അകലത്തില്‍ നടുക
ഉണങ്ങുന്ന ഓരോ ഇലയും തടയോട് ചേര്‍ത്ത് മുറിച്ചു മാറ്റുക. ഏത്തവാഴയുടെ കന്നുകള്‍ എല്ലാം തന്നെ അപ്പപ്പോള്‍ ചവിട്ടി ഒടിക്കുക.
കുല വെട്ടിയാല്‍ ഉടന്‍ തന്നെ തടയും വെട്ടി കഷ്ണിച്ചു കുമ്മായം വിതറി തടങ്ങളിലോ ഇടച്ചാലുകളിലോ ഇടുക.
നാടന്‍ വാഴകളില്‍ ഒരു മൂട്ടില്‍ രണ്ടില്‍ അധികം തൈകള്‍ നിര്‍ത്താതിരിക്കുക. അവ മുറിച്ചു കഷ്ണിച്ചു തടത്തില്‍ ചേര്‍ക്കുക.
ഇലപ്പുള്ളി രോഗം ബാധിച്ച ഇലകള്‍ തടയോട് ചേര്‍ത്ത് മുറിച്ചു മാറ്റി കത്തിച്ചു കളയുക.
വൃത്തിയില്ലാത്ത തോട്ടം രോഗ കീടങ്ങളെ ക്ഷണിച്ചു വരുത്തും.
ഓണത്തിനായി ഒരുങ്ങി നില്‍ക്കുന്ന വാഴത്തോട്ടങ്ങള്‍ ഈ ചിത്രത്തില്‍ കാണുന്ന പോലെ വൃത്തിയായി സൂക്ഷിക്കുക. പിണ്ടിപ്പുഴു വരാതെ കാക്കുക.
തയ്യാറാക്കിയത്
പ്രമോദ് മാധവന്‍
ചാത്തന്നൂര്‍ കൃഷി ഓഫീസര്‍
Discussion about this post