ഈഴക്കുന്നേൽ വീട്ടിലെ കൃഷിത്തോട്ടം കണ്ടാൽ ആരുമൊന്നാഗ്രഹിക്കും, സ്വന്തമായി അത്തരമൊരു കൃഷിയിടം നിർമ്മിക്കാൻ. പാലാ മരങ്ങാട്ടു പള്ളി പഞ്ചായത്തിലെ മണ്ണക്കനാട് എന്ന സ്ഥലത്താണ് ഈ ഏദന്തോട്ടം. കാണുന്നവരെയെല്ലാം കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്ന ഈ ഏദൻതോട്ടം എൽസി ജോൺ എന്ന കർഷകയുടേതാണ്.
മൂന്നു വർഷമായി എൽസി സമ്പൂർണ്ണ ജൈവ കൃഷി ആരംഭിച്ചിട്ട്. കൃഷിക്ക് ഏറെ പ്രാധാന്യം നൽകുന്ന കുടുംബത്തിൽ ജനിച്ചുവളർന്ന എൽസിക്ക് കൃഷിയെ വളരെയധികം സ്നേഹിക്കുന്ന ഒരു കോളേജ് അധ്യാപകനെ തന്നെ ജീവിതപങ്കാളിയായി ലഭിച്ചതോടെ കൃഷി ചെയ്യാൻ കൂടുതൽ ഉത്സാഹമായി. ടീച്ചറായി ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ച ഒരു മുഴുവൻസമയ കർഷകയായി മാറുകയായിരുന്നു എൽസി.
വൈവിധ്യങ്ങളുടെ കലവറ തന്നെയാണ് എൽസിയുടെ കൃഷിത്തോട്ടം. അഞ്ചേക്കറോളം വരുന്ന തോട്ടത്തിൽ അവക്കാഡോ, മിൽക്ക് ഫ്രൂട്ട്, ബറാബ, പ്ലം, ആപ്പിൾ തുടങ്ങി നൂറിൽപ്പരം ഫലവൃക്ഷങ്ങളുണ്ട്. ഓരോ വൃക്ഷങ്ങളിലെയും പല ഇനങ്ങളിലും പരിചയപ്പെടാം ഇവിടെയെത്തിയാൽ. പന്ത്രണ്ടോളം ഇനങ്ങളിലുള്ള പ്ലാവുകളും റംബൂട്ടാനും എൽസിയുടെ പുരയിടത്തിലുണ്ട്. ഫലവൃക്ഷങ്ങളോടോപ്പം അമ്പതിൽപരം പച്ചക്കറികളും എൽസി ജോൺ കൃഷി ചെയ്യുന്നു. വീട്ടുപരിസരത്തെ കൃഷി കൂടാതെ പ്രത്യേകമായി കപ്പ, മത്തൻ, ചേന, ചേമ്പ്, ജാതി എന്നിവയും വളർത്തുന്നു.ഇവയ്ക്കെല്ലാം തികച്ചും ജൈവ രീതിയിലുള്ള പരിചരണമാണ് നൽകുന്നത്. പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന ജൈവ വളങ്ങളും കീടനാശിനികളുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
ഫലവൃക്ഷങ്ങളും പച്ചക്കറികളും മാത്രമല്ല വളർത്തുമൃഗങ്ങളും കോഴിയും മീനുമെല്ലാം ഈ സംയോജിത കൃഷിയുടെ ഭാഗമാണ്. കാസർഗോഡ് കുള്ളൻ, എച്ച് എഫ്, ജഴ്സി എന്നീ ഇനങ്ങളിൽപെട്ട അഞ്ച് പശുക്കളാണ് ഫാമിലുള്ളത്. ജമ്നാപ്യാരി, മലബാറി എന്നീ ഇനങ്ങൾകൊപ്പം നാടൻ ഇനങ്ങളിലുള്ള ആടുകളെയും വളർത്തുന്നുണ്ട്. കരിങ്കോഴി, ഗ്രാമപ്രിയ, കാടക്കോഴി എന്നീ വിവിധ തരത്തിലുള്ള കോഴികളുമുണ്ട്. ഒപ്പം തേനീച്ച കൃഷിയിലും എൽസി സജീവം. ചെറുതേനും വൻ തേനുമെല്ലാം ഇവിടെ സുലഭമായി ലഭിക്കും. തിലാപ്പിയ, നട്ടർ, രോഹു, കട്ല എന്നിങ്ങനെ പോകുന്നു കൃഷിയിലെ മീൻ വൈവിധ്യം.
സ്വന്തം കുടുംബത്തിന് വിഷാംശമില്ലാത്ത ഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം ബന്ധുക്കൾക്കും അയൽവാസികൾക്കുമെല്ലാം തന്റെ കൃഷിയിൽ നിന്ന് ലഭിക്കുന്ന വിളവുകൾ നൽകാൻ എൽസി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ബാക്കിയുള്ളവ അടുത്തുള്ള ഇക്കോ ഷോപ്പിലും എത്തിക്കുന്നുണ്ട്. പഴങ്ങളും പച്ചക്കറികളും തേനുമെല്ലാം വിവിധതരം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാനും എൽസി സമയം കണ്ടെത്തുന്നു.തേൻ വെളുത്തുള്ളി, തേൻ മഞ്ഞൾ എന്നിങ്ങനെ വിവിധ ഉൽപന്നങ്ങൾക്ക് ഏറെ പ്രിയമുണ്ട്. പാഷൻ ഫ്രൂട്ടിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ജാം, സ്ക്വാഷ് എന്നിവയ്ക്ക് നല്ല ഡിമാൻഡാണ്. ഗുണമേന്മയുടെ കാര്യത്തിൽ ഒട്ടും കുറവ് വരുത്താത്തതിനാൽ ആവശ്യക്കാർ ചോദിച്ചെത്തുകയാണ് പതിവെന്ന് എൽസി പറയുന്നു.
കൃഷിയിലെ മികവിന് വിവിധ അവാർഡുകളാണ് ഈ കർഷക കരസ്ഥമാക്കിയത്. ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ്, കോട്ടയം ജില്ലയിലെ കർഷകശ്രീ അവാർഡ് എന്നിവയ്ക്കൊപ്പം ആലപ്പുഴയിലെ സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ മികച്ച ജൈവ കൃഷിക്കാരന് നൽകുന്ന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കൃഷിയിൽ കുടുംബത്തിന്റെ മുഴുവൻ പിന്തുണയും എൽസിയോടൊപ്പമുണ്ട്. കൃഷിയുടെ പ്രാധാന്യവും കൃഷിരീതികളും സ്വന്തം മക്കൾക്ക് പകർന്നു നൽകാനും ഇവർ മറക്കുന്നില്ല. സെൻ സേവിയേഴ്സ് കോളേജ് മുൻ പ്രിൻസിപ്പൽ ജോസഫ് അഗസ്റ്റിന്റെ ഭാര്യയാണ് എൽസി ജോൺ. ഉദ്യോഗസ്ഥരായ പല്ലവി, മെൽവിൻ, സ്കൂൾ വിദ്യാർത്ഥിയായ പുണ്യ എന്നിവർ മക്കളാണ്.
Discussion about this post