‘അനശ്വരതയുടെ വിത്ത് എന്നാണ് എള്ള് അറിയപ്പെടുന്നത്. സെസാമം ഇൻഡിക്ക എന്നാണ് ശാസ്ത്രനാമം. എള്ളിന്റെ വിത്തിൽ 50 ശതമാനത്തോളം എണ്ണ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റുകൾ, മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ജീവകം എന്നിവ എള്ളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.ലോകത്ത് ഏറ്റവും കൂടുതൽ സ്ഥലത്ത് എള്ളു കൃഷി ചെയ്യുന്നതും ഏറ്റവും കൂടുതൽ എള്ള് ഉൽപാദിപ്പിക്കുന്നതും ഇന്ത്യയിലാണ്. കേരളത്തിൽ ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് എള്ളുകൃഷി കൂടുതലായി നടത്തുന്നത്.
കൃഷിക്കാലം
താഴ്ന്ന നിലങ്ങളിൽ ഡിസംബർ – ഏപ്രിൽ മാസങ്ങളിൽ മൂന്നാം വിളയായി കൃഷി ചെയ്യാം. ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളാണ് കരപ്പാടത്ത് കൃഷിചെയ്യാൻ നല്ലത്. കരപ്പാടത്ത് മൂപ്പ് കൂടിയ ഇനങ്ങളും നെൽപ്പാടത്ത് മൂപ്പ് കുറഞ്ഞ ഇനങ്ങളും വളർത്താം.
വിത്തുകൾ രണ്ട് മൂന്ന് ഇരട്ടി മണലുമായി ചേർത്താണ് വിതയ്ക്കേണ്ടത്. നല്ലവണ്ണം പരുവപ്പെടുത്തി നിരപ്പാക്കിയ മണ്ണിൽ ചാണകമോ കമ്പോസ്റ്റോ അടിവളമായി ചേർത്ത് വിത്ത് വിതയ്ക്കാം.എള്ള് വിതയ്ക്കുമ്പോൾ അധികം ഇൗർപ്പം പാടില്ല.
വളപ്രയോഗം
260 ഗ്രാം യൂറിയ, 333 ഗ്രാം മസൂരിഫോസ്, 200 ഗ്രാം പൊട്ടാഷ് എന്നീ നേർവളങ്ങളാണ് ഒരു സെന്റിലേക്ക് നൽകേണ്ടത്. മുഴുവൻ ഫോസ്ഫറസും, പൊട്ടാഷും, 195 ഗ്രാം യൂറിയയും നടുന്ന സമയത്ത് നൽകാം . വിതച്ച് 20-35 ദിവസത്തിനുശേഷം ബാക്കിയുള്ള യൂറിയ ഇലകളിൽ തളിച്ച് കൊടുക്കാം. ഇതിന് 3% വീര്യമുള്ള യൂറിയ ലായനി ഉപയോഗിക്കാം. ഇതിനായി ഒരു സെന്റിലേക്ക് 65 ഗ്രാം യൂറിയ വേണ്ടി വരും. വളങ്ങൾ നൽകുന്നതിന് രണ്ടാഴ്ച്ച് മുന്നേ 1 – 3 കിലോ കുമ്മായമോ ഡോളോമൈറ്റോ മണ്ണിൽ ചേർക്കാം .
കായ്‌കൾ മഞ്ഞനിറമാകുമ്പോഴാണ് ചെടികൾ പിഴുതെടുക്കേണ്ടത്. വേരുകൾ മുറിച്ചുമാറ്റിയശേഷം കെട്ടുകളായി 3-4 ദിവസം വയ്കണം . ഇലകൾ കൊഴിഞ്ഞുകഴിയുമ്പോൾ വെയിലത്ത് നിരത്തി വടി കൊണ്ടടിച്ച് കായ്കൾ പൊട്ടിച്ച് വിത്തെടുക്കാം. മൂന്നു ദിവസം ഇത് തുടരാം. ആദ്യത്തെ ദിവസം ശേഖരിക്കുന്ന എള്ള് വിത്തിനായി ഉപയോഗിക്കാം. വിത്ത് സംഭരിച്ചു വയ്ക്കുന്നതിന് ഏതാണ്ട് 7 ദിവസത്തെ ഉണക്ക് വേണ്ടി വരും.
Discussion about this post