ഇന്ത്യന്‍ ഇതിഹാസങ്ങളില്‍ വരെ പരാമര്‍ശിച്ചിട്ടുള്ള ഒരു പഴമാണ് ഇലന്തപ്പഴം. പ്രധാന ജീവകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ഈ പഴം ഇംഗ്ലീഷില്‍ ചൈനീസ് ആപ്പിള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. സിസിഫസ് മൗറിഷ്യാന എന്നതാണ് ഇലന്തപ്പഴത്തിന്റെ ശാസ്ത്രനാമം.1.5 മീറ്റര്‍ മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ ഇലന്തപ്പഴം വളരും.വിവിധ ഇനങ്ങളിലുള്ള ഇലന്തപ്പഴമുണ്ട്. വിറ്റാമിന്‍ സിയുടെ കലവറയായ ഈ പഴത്തില്‍ കാല്‍സ്യം, അയണ്‍, ഫോസ്ഫറസ്, വിറ്റാമിന്‍ ബി എന്നിവയും അടങ്ങിയിരിക്കുന്നു. കൂടുതല്‍ മഴയുള്ള പ്രദേശങ്ങളിലും തണുപ്പു പ്രദേശങ്ങളിലുമാണ് ഇലന്തപ്പഴം നന്നായി വളരുക. കേരളത്തിലെ കാലാവസ്ഥയിലും ഇലന്തപ്പഴം കൃഷി ചെയ്യാന്‍ സാധിക്കും.
ഇലന്തപ്പഴം കൃഷി ചെയ്യാന്‍ ഗ്രാഫ്റ്റ് ചെയ്ത തൈകളാണ് നടാന്‍ ഉപയോഗിക്കുന്നത്. വിത്തുപരിചരണത്തിന് ശേഷം നട്ടാല്‍ കിളിര്‍ക്കുമെങ്കിലും കായ്ക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. 2 വര്‍ഷത്തിനുള്ളില്‍ ചെടി പൂത്തുതുടങ്ങും. 2x2x2 അടി വലിപ്പമുള്ള കുഴികളെടുത്ത് ചാണകവും വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും ചേര്‍ത്ത് ഒരാഴ്ച വെക്കുക. തുടര്‍ന്ന് 20 ഗ്രാം വാം ചേര്‍ത്ത് തൈ നടാം. ക്ഷാരസ്വഭാവമുള്ള മണ്ണിലാണ് ചെടികള്‍ നന്നായി വളരുക. 9.2 പി.എച്ച് ആണ് അനുയോജ്യം. നല്ല സൂര്യപ്രകാശവും നന്നായി വെള്ളവും വളവും ലഭിച്ചാല്‍ നിറയെ കായ്ക്കും. ഓരോ മാസവും കുറച്ച് കുമ്മായം നല്‍കണം. രണ്ടാഴ്ച ഇടവിട്ട് വൈകുന്നേരങ്ങളില്‍ ചെടി നനച്ച ശേഷം 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കുക. 50 ലിറ്ററിന്റെ പ്ലാസ്റ്റിക് പാത്രങ്ഹളില്‍ മണ്ണ്, മണല്‍, ചാണകം, ചകിരിച്ചോര്‍, കുമ്മായം എന്നിവ നിറച്ച ശേഷം ജൈവവളം ചേര്‍ത്ത് ഒരാഴ്ചയ്ക്ക് ശേഷം VAMഉം ചേര്‍ത്ത് തൈ നടാം.
മണ്ണില്‍ വെക്കുന്നതിനേക്കാള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ നടുന്നതിനാണ് കായ്ഫലം കൂടുതല്‍ കണ്ടുവരുന്നത്. ഇളം മഞ്ഞനിറമാകുമ്പോഴാണ് വിളവെടുക്കേണ്ടത്. കൂടുതല്‍ പഴുക്കുമ്പോള്‍ കായ ബ്രൗണ്‍ നിറമാകും.
പച്ചയായും ഉണക്കിയും കായ്കള്‍ ഉപയോഗിക്കാം. പഴം ഉണക്കി കുരുകളഞ്ഞ് പുളി, ഉണക്കമുളക്, ശര്‍ക്കര, ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ച് ഉപയോഗിക്കാം. അച്ചാര്‍, ജാം, വൈന്‍ മുതലായവ ഉണ്ടാക്കാം.
Discussion about this post