കാഴ്ചയിൽ ഇടത്തരം വലിപ്പമുള്ള ചക്ക പോലെയാണ് ദുരിയാൻ എന്ന ഫലം. മുള്ളോടുകൂടിയ പുറം തോടിന് ചക്കയെക്കാൾ കട്ടിയുണ്ട്. ഉള്ളിൽ നാലഅഞ്ചു ചുളകളുണ്ടാകും. അവയ്ക്കുള്ളിൽ വലിപ്പമേറിയ വിത്തുകളുമുണ്ടാകും.പഴുത്താൽ രൂക്ഷഗന്ധം പുറപ്പെടുവിക്കുമെങ്കിലും രുചിയിൽ മുൻപൻ തന്നെ. ഔഷധഗുണത്തിലും ബഹുകേമം.വൈറ്റമിനുകൾ ആന്റി ഓക്സിഡന്റുകൾ ധാതുക്കൾ എന്നിവകൊണ്ട് സമ്പുഷ്ടമാണിത്. മാനസിക ആരോഗ്യത്തിനും ക്ഷീണമകറ്റുന്നതിനും വാർദ്ധക്യസഹജമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ദുരിയാൻ വളരെ നല്ലതാണ്. ഉറക്കമില്ലായ്മ, വിളർച്ച, വന്ധ്യത, പ്രമേഹം എന്നിവയ്ക്ക് മരുന്നാണ്. ഇത്രയധികം ഗുണങ്ങളുള്ള ദുരിയാൻ എന്ന ഫലത്തിന് ലോകത്താകെ ആരാധകരേറുകയാണ്. തായ്‌ലൻന്റുകാർ ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന ലോക ദുരിയാൻ ഉത്സവം പോലും ആഘോഷിക്കുന്നുണ്ട്.കേരളത്തിലെ മണ്ണിലും ദുരിയാൻ നട്ടുവളർത്താനാകും. കോട്ടയം, ഇടുക്കി, റാന്നി എന്നീ പ്രദേശങ്ങളിൽ ദുരിയാൻ കൃഷി ചെയ്യുന്നുണ്ട്.
തെക്ക്-കിഴക്കൻ ഏഷ്യയാണ് ദുരിയാന്റെ ജന്മദേശം. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇവ നന്നായി വളരും. 40 മീറ്റർ വരെ ഉയരം വയ്ക്കുന്ന വൃക്ഷമാണിത്. പഴങ്ങളിൽ അടങ്ങിയിട്ടുള്ള തയോൾ, സൾഫൈഡുകൾ എന്നിവയാണ് രൂക്ഷ ഗന്ധം നൽകുന്നത്.
ഏറെ പ്രിയമേറിയ ദുരിയാൻ ഇനമാണ് മലേഷ്യൻ ഇനമായ മുസാങ് കിംഗ്. ഏറ്റവും രുചിയേറിയ ഈ ഇനത്തിന് കിലോഗ്രാമിന് 500 രൂപ മുതൽ 2000 രൂപ വരെ വിലയുണ്ട്. മലമ്പ്രദേശങ്ങളിൽ കൃഷി ചെയ്യാനുതകുന്ന ഇനമാണ് റെഡ് പ്രോൺ.
നീർവാർച്ചയുള്ളതും വളക്കൂറുള്ളതുമായ പശിമരാശി മണ്ണിലും എക്കൽ മണ്ണിലും ദുരിയാൻ നന്നായി വളരും. തീവ്രമായ തണുപ്പും വരൾച്ചയും താങ്ങാനാവില്ല എന്നുമാത്രം. വരൾച്ച മൂന്നു മാസത്തിലധികം നീണ്ടു നിന്നാൽ വൃക്ഷങ്ങൾ നശിച്ചു പോകാനിടയുണ്ട്.
വിത്ത് മുളപ്പിച്ചും ബഡ്ഡ് ചെയ്തും ഗ്രാഫ്റ്റ് ചെയ്തും തൈകളുൽപാദിപ്പിക്കാം. ഒന്നിലധികം വൃക്ഷങ്ങൾ നടുമ്പോൾ വരികൾ തമ്മിൽ 10 മീറ്ററും വൃക്ഷങ്ങൾ തമ്മിൽ ഏഴര മീറ്ററും അകലം പാലിക്കണം. ഒരു മീറ്റർ ആഴവും നീളവും വീതിയുമുള്ള കുഴികളിൽ തൈകൾ നടാം. തൈകൾക്ക് മൂന്നുമാസത്തോളം തണൽ ആവശ്യമാണ്.വൃക്ഷത്തിന്റെ ആകൃതി നിയന്ത്രിക്കുന്നതിന് കൊമ്പുകോതുന്നത് നല്ലതാണ്. കൃത്യമായി കൊമ്പുകോതുകയാണെങ്കിൽ 12 മീറ്റർ ഉയരത്തിൽ വളർത്താനാകും. തൊണ്ട്, വൈക്കോൽ, കരിയില എന്നിവകൊണ്ട് പുതയിടുന്നത് നല്ലതാണ്.
ദുരിയാൻ പുഷ്പിക്കുന്നതിന് രണ്ടുമൂന്നാഴ്ച നീളുന്ന വരണ്ട കാലാവസ്ഥ ആവശ്യമാണ്. പുഷ്പിച്ചു കഴിഞ്ഞാൽ കായ്കൾ പാകമാകുന്നതിന് 3 മുതൽ 5 മാസം വരെയെടുക്കും. പൂവിട്ട ശേഷം നാലാഴ്ച കഴിഞ്ഞ് കായ്കൾ വളരാൻ പാകത്തിന് മാത്രം ജലം നൽകണം. വിത്ത് മുളപ്പിച്ചുണ്ടാകുന്ന തൈകൾ പത്ത് വർഷത്തിന് ശേഷം മാത്രമേ വിളവു നൽകുകയുള്ളൂ. എന്നാൽ ബഡ് ചെയ്തതും ഗ്രാഫ്റ്റ് ചെയ്തതുമായ തൈകൾ നാലഞ്ചുവർഷം കൊണ്ട് കായ്ഫലം നൽകും. മെയ് മുതൽ ഒക്ടോബർ വരെയാണ് വിളവെടുപ്പ് കാലം. വിളഞ്ഞ കായ്കൾ പറിച്ചുവെച്ച് പഴുപ്പിക്കാം. പഴുത്ത കായ്കൾ രാത്രിയിൽ താനേ കൊഴിഞ്ഞുവീഴും.
ദുരിയാൻ ഉപയോഗിച്ച് ഐസ്ക്രീം, ജാം, ബിസ്ക്കറ്റ്, ചിപ്സ്, മിഠായി സിറപ്പ് തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങളുമുണ്ടാക്കാം. പച്ചക്കായ കറിവയ്ക്കാനാകും. വിത്തുകൾ വേവിച്ച് ഉണക്കി വറുത്ത് കഴിക്കാം. തായ്‌ലൻഡിലാണ് ദുരിയാൻ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്നത്.
Discussion about this post