ഉദ്യാനത്തിലെ ശോഭയുള്ള ഉണങ്ങാറായ പുഷ്പങ്ങളെ വരുമാനമാർഗ്ഗമാക്കിയാലോ? ഡ്രൈ ഫ്ലവർ അലങ്കാരങ്ങൾക്ക് ഇന്ന് മാർക്കറ്റിൽ വലിയ ഡിമാൻഡാണ്. പൂക്കളും തണ്ടുകളും മൊട്ടുകളും ഇലകളും ശാഖകളും ഉണക്കിയെടുക്കാം. ഫ്ലവർ വെയ്സ് അലങ്കരിക്കാനും ഫോട്ടോ ഫ്രെയിമുകൾ നിർമ്മിക്കാനും സീനറികൾക്കുമെല്ലാം ഉണങ്ങിയ പൂക്കൾ ധാരാളമായി ഉപയോഗിക്കുന്നു. തൊടിയിൽ നിന്ന് ശേഖരിക്കുന്ന കളകളുടെ ആകർഷകമായ തണ്ടുകൾ പോലും ഉണക്കി നിറങ്ങൾ കൊടുത്താൽ എളുപ്പം വിറ്റഴിയുന്ന ഡ്രൈ ഫ്ലവർ അറേഞ്ച്മെന്റ് ആക്കാം. അകം പൊള്ളയായ മുളംതണ്ടുകൾ ഇവ സൂക്ഷിക്കാൻ അനുയോജ്യമായ ഫ്ലവർവെയ്സുകളാണ്. എന്നാൽ പൂവുകൾ ദീർഘകാലം നിലനിൽക്കുന്ന രീതിയിൽ നന്നായി ഉണക്കി എടുക്കാൻ കഴിയണം. പൂക്കൾ ഉണക്കി സംരക്ഷിക്കുന്നതിന് പല മാർഗ്ഗങ്ങളുണ്ട്. വായുവിൽ ഉണക്കുക, ഉയർന്ന മർദ്ദത്തിൽ ഉണക്കുക, പൂഴ്ത്തി വച്ച് ഉണക്കുക എന്നിവയാണ് പ്രധാന മാർഗങ്ങൾ.
വായു ഉപയോഗിച്ച ഉണക്കുന്ന രീതി പ്രധാനമായും റോസാപ്പൂക്കളിലാണ് ഉപയോഗിക്കാറുള്ളത്. ഇതിനുവേണ്ടി പൂക്കളുടെ പുറമേയുള്ള ഇതളുകൾ നീക്കം ചെയ്യണം. തുടർന്ന് തണ്ടിന്റെ അടിഭാഗം ചെറുതായി മുറിച്ചുകളയുക. പൂക്കളുടെ ഇതളുകൾക്ക് കേടുവരാതിരിക്കാൻ അവ ഒരു ക്ലിപ്പുപയോഗിച്ച് പിടിച്ചു വയ്ക്കാം. ആവശ്യമെങ്കിൽ കൂടുതൽ ക്ലിപ്പുകൾ ഉപയോഗിക്കാം. അതിനുശേഷം ഒരു നീണ്ട നൂൽ ഉപയോഗിച്ച് പ്ലാസ്റ്റിക് ഹാങ്ങറിൽ തലകീഴായി കെട്ടിത്തൂക്കിയിടാം. ഏകദേശം രണ്ടാഴ്ച കഴിയുമ്പോൾ പൂർണ്ണമായും ഉണങ്ങിയ പൂവ് ലഭിക്കും.
മറ്റൊന്ന് ഉയർന്ന മർദ്ദത്തിൽ ഉണക്കുന്ന രീതിയാണ്. പൂക്കളും ഇലകളും ഒരു ന്യൂസ് പേപ്പറിന്റെയോ ബ്ലോട്ടിങ് പേപ്പറിന്റെയോ ഇടയിൽ വയ്ക്കുക. അതിനു മുകളിലായി ഒരു കാർഡ് ബോർഡ് വയ്ക്കാം. കാർഡ് ബോർഡിനു മുകളിൽ ഭാരം കൊടുക്കുന്നതിനായി ഒരു മരത്തടിയും വയ്ക്കാം. ഇലകളിലും പൂക്കളിലും ഉള്ള ജലാംശത്തെ പേപ്പർ ഒപ്പിയെടുക്കും.
എംബെഡ്ഡിങ് അഥവാ പൂഴ്‌ത്തിവയ്ക്കൽ മറ്റൊരു രീതിയാണ്. മൃദു പുഷ്പങ്ങളായ് റോസ്, കാർനേഷൻ എന്നിവ ഉണക്കുന്നതിനായി ഈ രീതി ഉപയോഗിക്കാം. പൂക്കൾ മണലിലോ സിലിക്കയിലോ പൂഴ്ത്തിവെച്ച് സംരക്ഷിക്കുന്ന രീതിയാണിത്. ഇവ കൂടാതെ മരപ്പൊടിയും ബോറാക്സ്, അലൂമിനിയം സൾഫേറ്റ് എന്നിവയും ഉപയോഗിക്കാം. ഈ മീഡിയങ്ങളിൽ ഏതെങ്കിലുമൊന്നിൽ പൂക്കൾ പൂഴ്ത്തി വച്ചാണ് ഉണ്ടാക്കേണ്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവ ഉണങ്ങിക്കിട്ടും. പൂക്കളുടെ നിറം അതുപോലെ തന്നെ നിലനിൽക്കും എന്നതാണ് ഈ രീതിയുടെ മേന്മ.
ഇന്ത്യയിൽ പൂക്കളുടെ കയറ്റുമതിയിൽ മൂന്നിൽ രണ്ട് ശതമാനവും ഉണങ്ങിയ പുഷ്പങ്ങളാണ്. ഇതിന്റെ ആവശ്യകത ഓരോവർഷവും ഉയരുന്നുമുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രതീക്ഷ കൂടിയാണ് ഈ സംരംഭം. വീട്ടമ്മമാർക്കും വരുമാനം നേടാൻ ഉത്തമ മാർഗമാണിത്.
Discussion about this post