ഇഞ്ചി കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ് മണ്ണിൽ നിന്നും പകരുന്ന രോഗങ്ങളായ മൃദു ചീയലും ബാക്ടീരിയൽ വാട്ടവും. ഇത്തരം രോഗങ്ങൾ വന്നശേഷം രാസ കീടനാശിനികൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുക എന്നതാണ്. മൃദുചീയലും ബാക്ടീരിയൽ വാട്ടവും ഏകദേശം ഒരേ ലക്ഷണങ്ങൾ കാണിക്കുന്ന രോഗങ്ങളാണ്. ഇവയുടെ നിയന്ത്രണ മാർഗ്ഗങ്ങളും ഒരുപോലെ തന്നെയാണ്
മൃദുചീയൽ
ചെടിയുടെ കടഭാഗത്ത് നനഞ്ഞ പാടുകളായാണ് മൃദുചീയൽ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഇത് തണ്ടുകളിലേക്കും വളരുന്ന ഇഞ്ചിയിലേക്കും ബാധിക്കും. പ്രാരംഭഘട്ടത്തിൽ ഇലയുടെ അരിക് വശം മാത്രം മഞ്ഞ നിറമാകുന്നതായി കാണാം. മഞ്ഞളിപ്പ് വ്യാപിക്കുന്നതോടെ ഇലകൾ കൂമ്പി ഉണങ്ങുകയും ചെയ്യും.ക്രമേണ ചെടികൾ ചീഞ്ഞ് ഉണങ്ങി പോകുന്നു.
ബാക്റ്റീരിയൽ വാട്ടം
മൃദു ചീയലിന് സമാനമായ ലക്ഷണങ്ങളാണ് ബാക്ടീരിയൽ വാട്ടംവും കാണിക്കുന്നത്. കടഭാഗത്ത് നനഞ്ഞ പാടുകൾ ഉണ്ടാവുകയും അവ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും.ഇലകൾ താഴേക്ക് ചുരുണ്ട് കൂമ്പി നിൽക്കുന്നത് കാണാം. ചുവട്ടിലെ ഇലകളിൽ ആദ്യം മഞ്ഞളിപ്പുണ്ടാകും. ചെടികളുടെ തണ്ടിലെ കലകളിൽ കറുപ്പ് കലർന്ന നിറം കാണാം. രോഗബാധയുള്ള തണ്ടും പ്രകന്ദങ്ങളും ഞെരിക്കുമ്പോൾ പാലിനു സമാനമായ വെളുത്ത ദ്രാവകം ഊറിവരുന്നു.
നിയന്ത്രണ മാർഗങ്ങൾ
വെള്ളം കെട്ടിക്കിടക്കുകയും നീർവാർച്ച കുറയുകയും ചെയ്യുമ്പോഴാണ് ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നത്. അതിനാൽ കൃഷിസ്ഥലങ്ങളിൽ നീർവാർച്ച ഉറപ്പുവരുത്തണം. ശക്തമായ മഴയുള്ള സമയത്ത് ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കാം.ബെഡ്ഡുകൾ തയ്യാറാക്കുമ്പോൾ വെള്ളം ഒഴുകി പോകുന്ന രീതിയിൽ നടുഭാഗം ഉയർത്തിയും അരികുകൾ ചരിച്ചും തയ്യാറാക്കുക. മുൻകാലങ്ങളിൽ രോഗബാധ വന്നിട്ടില്ലാത്ത സ്ഥലങ്ങൾ കൃഷി ചെയ്യാൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
രോഗബാധയില്ലാത്ത വിത്തുകൾ തന്നെ നടാനായി തിരഞ്ഞെടുക്കണം. 15 ഗ്രാം ഭാരമുള്ളതും ഒരു മുള എങ്കിലും ഉള്ളതുമായ വിത്തിഞ്ചിയാണ് നടേണ്ടത്. വിത്തിഞ്ചികൾ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ മുക്കിവച്ചശേഷം വീണ്ടും അരമണിക്കൂർ തണലത്ത് ഉണക്കി നടാനായി ഉപയോഗിക്കാം. നടുന്ന സമയത്ത് കുഴിയൊന്നിന് 25 ഗ്രാം എന്ന തോതിൽ ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം ഇട്ടുകൊടുക്കാം. ശേഷം കുഴികൾ മണ്ണിട്ടു മൂടി അതിനുമുകളിൽ പുതയിടണം. കാഞ്ഞിരത്തിന്റെ തോൽ, ശീമക്കൊന്നയുടെ ഇല, തെങ്ങോല എന്നിവ പുതിയിടാനായി ഉപയോഗിക്കുന്നത് നല്ലതാണ്.
നട്ട് രണ്ട് മാസങ്ങൾക്ക് ശേഷവും നാലു മാസങ്ങൾക്ക് ശേഷവും 20 ഗ്രാം പച്ചചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിയെടുത്ത്, അതിൽ 20 ഗ്രാം സ്യൂഡോമൊണാസ് കലക്കി ചുവട്ടിൽ ഒഴിക്കാം. ഈ മാർഗങ്ങൾ കൃത്യമായി പിന്തുടർന്നാൽ ഒരു പരിധിവരെ ഈ രോഗത്തെ ഒഴിവാക്കാം.
രോഗം ബാധിച്ച ചെടികൾ പുഴുതു കളയണം. രോഗബാധയേറ്റ തടങ്ങൾ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ഉപയോഗിച്ച് കുതിർക്കുന്നത് നല്ലതാണ്.
ബാക്ടീരിയൽ വാട്ടം ബാധിച്ച തടങ്ങളിൽ മൂന്ന് സ്ക്വയർ മീറ്ററിന് 250 ഗ്രാം ചുണ്ണാമ്പും 15 ഗ്രാം ബ്ലീച്ചിംഗ് പൗഡറും ചേർത്ത് വിതറുന്നതും ഗുണം ചെയ്യും.
Discussion about this post