മുളക്, തക്കാളി, വഴുതന എന്നിവയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വാട്ടരോഗം. വാട്ടരോഗം കുമിൾ മൂലമോ ബാക്ടീരിയ മൂലമോ ഉണ്ടാകാം. ചെടികളുടെ പലഭാഗത്തായി വെള്ളമെത്തിക്കുന്ന കുഴലിനെയാണ് ഈ രോഗം ബാധിക്കുന്നത്. അതിനാലാണ് വാട്ടമുണ്ടാക്കുന്നത്. വാടി നശിച്ചു പോയ ഒരു ചെടി പിളർന്നു നോക്കിയാൽ തണ്ടുകൾക്കുള്ളിൽ ബ്രൗൺ നിറം കാണാം.
കുമിൾ മൂലമുണ്ടാകുന്ന വാട്ടം താരതമ്യേന പതുക്കെയാണ് ഉണ്ടാക്കുന്നത്. ഇത് നിയന്ത്രിക്കുന്നതിനായി രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കാർബൺഡാസിം (ബാവിസ്റ്റിൻ ) ചെടിയുടെ കടക്കൽ ഒഴിച്ചു കൊടുക്കാം. ചുറ്റുമുള്ള ചെടികളിലേക്ക് പെട്ടെന്ന് പടരാൻ സാധ്യതയുള്ളതിനാൽ അവയുടെ ചുവട്ടിലും കീടനാശിനി ഒഴിക്കാം.
ചെടികൾ പെട്ടെന്ന് വാടി പോകുന്നതാണ് ബാക്ടീരിയൽ വാട്ടത്തിന്റെ ലക്ഷണം. ബാക്ടീരിയ മൂലമുള്ള വാട്ടം നിയന്ത്രിക്കുക അല്പം പ്രയാസമാണ്. നന്നായി വാടിയ ചെടി പിഴുതെടുത്ത് വേരിന് തൊട്ടു മുകളിൽ വച്ച് മുറിക്കുക. ഇത് വെള്ളത്തിൽ മുക്കി വെക്കുമ്പോൾ മുറിവിൽനിന്ന് ഒരു വെളുത്ത ദ്രാവകം പുറത്തുവരുന്നതായി കാണാം. ഇങ്ങനെ വാട്ടം ബാക്റ്റീരിയ മൂലമാണ് ഉണ്ടായതെന്ന് ഉറപ്പിക്കാം.
ബാക്ടീരിയൽ വാട്ടം വന്ന ചെടികൾ പിഴുതുമാറ്റി 3 ഗ്രാം സ്സ്ട്രെപ്റ്റോസൈക്ലിൻ 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ചെടി നിന്ന സ്ഥലങ്ങളിലും ചുറ്റുമുള്ള ചെടികൾക്കും ഒഴിച്ചു കൊടുക്കാം. വിള പരിക്രമണമാണ് ബാക്ടീരിയൽ വാട്ടത്തെ ചെറുക്കാനുള്ള മറ്റൊരു മാർഗം. ബാക്ടീരിയൽ വാട്ടം കണ്ട ഇടങ്ങളിൽ പിന്നീടുള്ള വർഷങ്ങളിൽ തക്കാളി, വഴുതന, മുളക് എന്നിവ ഒഴിവാക്കി വെള്ളരി വർഗ്ഗ പച്ചക്കറികളോ ചീരയോ വേണ്ടയോ കൃഷിചെയ്യാം. പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുന്നതും നല്ലതാണ്. വാട്ടരോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള വഴുതന ഇനങ്ങളാണ് ഹരിത, സൂര്യ, നീലിമ എന്നിവ. വെള്ളായണി വിജയ്, അനഘ, മനു പ്രഭ, മനു ലക്ഷ്മി എന്നിവയാണ് വാട്ട രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള തക്കാളി ഇനങ്ങൾ. ഉജ്ജ്വല, അനുഗ്രഹ, മഞ്ജരി എന്നിവ മുളകിലെ ഇനങ്ങളാണ്.
Discussion about this post