വീട്ടുവളപ്പുകളില്‍ കുറഞ്ഞ പരിചരണത്തില്‍ മികച്ച വിളവ് നല്‍കാന്‍ കഴിവുള്ള, രുചികരമായ കിഴങ്ങ് വിളയാണ് നന കിഴങ്ങ്. ചെറു കിഴങ്ങ് /ചെറുവള്ളി കിഴങ്ങ് എന്ന ഇനവും വലിപ്പം കൂടിയ നന കിഴങ്ങ് എന്ന ഇനവും സത്യത്തില്‍ Dioscorea esculenta എന്ന ശാസ്ത്രീയ നാമത്തില്‍ തന്നെയാണ് അറിയപ്പെടുന്നത്.
സവിശേഷമായ ഒരു ഗന്ധം കിഴങ്ങിനുണ്ട്. കിഴങ്ങിന്റെ പുറം ഭാഗത്തു മുള്ളു പോലെയുള്ള നാരുകള്‍ ഉണ്ട്. നന്നായി വേകുമ്പോള്‍ തൊലി എളുപ്പത്തില്‍ ഇളക്കി കളയാന്‍ കഴിയും. സാധാരണ മറ്റുള്ള കിഴങ്ങ് വര്‍ഗങ്ങളോടൊപ്പം പുഴുങ്ങിയാണ് ഇതും കഴിക്കുക. കിഴങ്ങുകളില്‍ 23-35% അന്നജവും 1-1.3% പഞ്ചസാരയും അടങ്ങിയിരിക്കുന്നു.
വള്ളികള്‍ മുള്ളോട് കൂടിയതും വലത്തുനിന്നും ഇടത്തേയ്ക്ക് ചുറ്റി വളരുന്നവയും ആണ് ഓരോ മൂട്ടില്‍ നിന്നും ധാരാളം കിഴങ്ങുകള്‍ ഉണ്ടാകും. നന്നായി പരിപാലിച്ചാല്‍ അഞ്ച് കിലോ മുതല്‍ പത്തു കിലോ വരെ ഒരു മൂട്ടില്‍ നിന്നും ലഭിക്കും.
വലിയ അളവില്‍ കൃഷി ചെയ്താല്‍ വിപണനത്തിന് ബുദ്ധിമുട്ട് നേരിട്ടേക്കാം. വിളവെടുക്കുമ്പോള്‍ ക്ഷതം പറ്റാതെ എടുക്കാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ പെട്ടെന്ന് കേട് വന്ന് പോകാന്‍ സാധ്യത ഉണ്ട്.
കാച്ചിലിന് യോജിച്ച അതേ കാലാവസ്ഥയാണ് കിഴങ്ങിനും. നല്ല ഇളക്കമുള്ള, നീര്‍ വാര്‍ച്ചയുള്ള, ജൈവാംശമുള്ള, ആഴമുള്ള മണ്ണാണ് അനുയോജ്യം. വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം. തെങ്ങ്, കവുങ്ങ് എന്നിവയുടെ ഇടവിളയായും ശോഭിക്കും.
നവംബര്‍ -ഡിസംബര്‍ (വൃശ്ചികം )മാസത്തില്‍ ആണ് നന കിഴങ്ങ് നടേണ്ടത്.
മണ്ണ് നന്നായി കിളച്ചു ഏതാണ്ട് 75രാ അകലത്തില്‍ കൂനകള്‍ എടുക്കണം. കൂനയൊന്നിന് ഒരു കിലോ അഴുകി പൊടിഞ്ഞ ചാണകപ്പൊടി ചേര്‍ക്കണം. കൂനകളില്‍ 100-150ഗ്രാം തൂക്കമുള്ള കിഴങ്ങുകള്‍ നടാം. ഒരു സെന്റില്‍ ഏതാണ്ട് 70കൂനകള്‍ എടുക്കാം. മുള വന്ന് ഒരാഴ്ചക്കക്കം അല്പം ചജഗ വളം ചേര്‍ത്ത് കൊടുക്കാം. അതിന് ശേഷം ഒരു മാസം കഴിഞ്ഞ് അല്പം നൈട്രജന്‍ വളവും പൊട്ടാഷ് വളവും ചേര്‍ത്ത് കൊടുത്താല്‍ നന്ന്.
വള്ളി നന്നായി പടര്‍ത്തി കയറ്റണം. ഇലകളില്‍ കൂടുതല്‍ വെയില്‍ വീണാല്‍ വിളവ് കൂടും
വൃശ്ചിക മാസത്തില്‍ നടുന്നതിനാല്‍ ആദ്യം അല്പമൊക്കെ നനച്ചു കൊടുക്കേണ്ടി വരും. നന്നായി കരിയിലകള്‍ കൊണ്ട് പുതയും നല്‍കാം. നനച്ചു കൃഷി ചെയ്യുന്ന കിഴങ്ങ് വിളയായത് കൊണ്ടാവാം നന കിഴങ്ങ് എന്ന പേര് വന്നത്. നന കിഴങ്ങ് കര്‍ക്കടക മാസത്തോടെ വിളവെടുക്കാം.
നന്നായി പരിപാലിച്ചാല്‍ ഒരു സെന്റില്‍ നിന്നും 100-150കിലോ വിളവ് ലഭിക്കും. വലിയ കീട രോഗ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല.
തയ്യാറാക്കിയത്
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍
Discussion about this post