ഫ്ലവർ ഓഫ് ഗോഡ് അഥവാ ദൈവത്തിന്റെ പുഷ്പം എന്നാണ് ഡയാന്തസ് അറിയപ്പെടുന്നത്. പുഷ്പങ്ങളുടെ ഭാഷയിൽ ഡയാന്തസ് ധീരതയുടെ പ്രതീകമാണ്. സ്വീറ്റ് വില്യം, കാർണേഷൻ, പിങ്ക് എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിലുള്ള ഡയാന്തസ് ചെടികളുണ്ട്. ഏകവർഷികളായ സസ്യങ്ങളും ദ്വിവർഷികളായ സസ്യങ്ങളും ബഹുവർഷികളായ സസ്യങ്ങളും ഡയാന്തസ് എന്ന ജനുസ്സിൽ ഉൾപ്പെടുന്നു. പിങ്ക്, ചുവപ്പ്, വെളുപ്പ്, പർപ്പിൾ എന്നീ നിറങ്ങളിൽ ആകർഷണീയമായ പുഷ്പങ്ങളാണ് ഡയാന്തസിന്റേത്. ഇതളുകളുടെ അറ്റം കത്രികകൊണ്ട് വെട്ടിയെടുത്തതുപോലെയാണ്.ഒരു ലെയർ ഇതളുകൾ മാത്രമുള്ളവയും അടുക്കുകളായി ഇതളുകളുള്ളവയുമുണ്ട്. ഇവയിൽ ഏതു തന്നെയായാലും ഭംഗിയിൽ ഒട്ടുംതന്നെ കുറവില്ല. 50 സെന്റീമീറ്ററോളം മാത്രം ഉയരം വയ്ക്കുന്ന സ്വീറ്റ് വില്യം, കേരളത്തിൽ ഏറെ പ്രചാരത്തിലുള്ള ഡയാന്തസ് ഇനമാണ്.
വിത്ത് മുളപ്പിച്ചും ചിനപ്പുകൾ മാറ്റി നട്ടും കമ്പ് മുറിച്ചുനട്ടും ഡയാന്തസ് വളർത്താം. ചീയൽ രോഗം വളരെ പെട്ടെന്ന് ബാധിക്കുന്ന സസ്യമാണിത് . അതിനാൽ നീർവാർച്ചയുള്ള മണ്ണിൽ തന്നെ ഡയാന്തസ് നടാൻ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, മണൽ, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കാം. ചെടികൾ നന്നായി വേരുപിടിച്ച ശേഷം വെയിലത്ത് വച്ച് വളർത്താം. ഒരു ദിവസം ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശം വേണം. വെള്ളമൊഴിക്കുമ്പോൾ ചുവട്ടിൽ കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചുവടിനോട് ചേർത്ത് പുതയിടുന്നത് നല്ലതല്ല.
ചെടികളുടെ ആകർഷണീയത കൂട്ടാനും കൂടുതൽ പൂക്കളുണ്ടാകാനും വാടിയ പൂവുകൾ യഥാസമയം ചെടിയിൽനിന്ന് നീക്കം ചെയ്യണം. വാടിയ പൂക്കൾ നിലനിർത്തിയാൽ അവയിൽ വിത്ത് ഉണ്ടാവുകയും ചെടിയുടെ ആകർഷണീയത കുറയുകയും ചെയ്യും.
നന്നായി ഉണങ്ങിപ്പൊടിഞ്ഞ ചാണകം, ആട്ടിൻകാഷ്ഠം എന്നിവ നല്ല ജൈവവളങ്ങളാണ്. കടല പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ തെളി നേർപ്പിച്ച് ഒഴിക്കുന്നതും നല്ലതാണ്. മാസത്തിലൊരിക്കൽ ചുവട്ടിൽ ജൈവവളം ചേർത്തു കൊടുക്കാം. അമിതമായ മഴ ചെടിയുടെ ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ടുതന്നെ മഴക്കാലത്ത് ഡയാന്തസ് ചെടികളെ മഴയേൽക്കാത്ത രീതിയിൽ മാറ്റി വയ്ക്കുന്നത് നല്ലതാണ്.
Discussion about this post