വൈറ്റമിൻ എ, ആന്റിഓക്സിഡന്റ്സ് എന്നിവയുടെ കലവറയാണ് കറിവേപ്പില. കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ വിഷാംശം ഇല്ലാത്ത കറിവേപ്പിലക്കായി ഇത് വീട്ടിൽ തന്നെ വളർത്തുന്നതാണ് ഏറ്റവും നല്ലത്.
നല്ല നീർവാർച്ചയുള്ളതും വെള്ളം കെട്ടിനിൽകാത്തതും നന്നായി സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് കറിവേപ്പിലകൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. കറിവേപ്പിലയുടെ വേരുകളിൽ നിന്നും പൊട്ടിവരുന്ന ചെറിയ ചിനപ്പുകളാണ് പ്രധാന നടീൽവസ്തു. വിത്ത് മുളപ്പിച്ചും കറിവേപ്പിലത്തൈകൾ ഉൽപാദിപ്പിക്കാം. ടിഷ്യുകൾച്ചർ തൈകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. മഴക്കാലത്തിന് തൊട്ടുമുൻപ് കറിവേപ്പില നടാം. ഒന്നരയടി താഴ്ചലും ഒരടി വ്യാസത്തിലും കുഴികളെടുത്ത് 10 കിലോ ജൈവവളം മേൽമണ്ണ് കൂട്ടി നിറച്ച്, തൈകൾ നടണം. ശേഷം ചുവട്ടിൽ മണ്ണ് കയറ്റിക്കൊടുക്കാം. ഒന്നിൽ കൂടുതൽ തൈകൾ നടുമ്പോൾ ചെടികൾ തമ്മിൽ 4 മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കണം.
ഒരു മീറ്ററെങ്കിലും ഉയരത്തിൽ വളർന്നതിന് ശേഷം ഇലകൾ നുള്ളുന്നതാണ് നല്ലത്. ഒരു മീറ്റർ ഉയരത്തിൽ വളർന്നശേഷം അഗ്രഭാഗം നുള്ളിക്കളയുന്നത് ധാരാളം പാർശ്വ ശാഖകൾ ഉണ്ടാകാൻ സഹായിക്കും.മണ്ണിര കമ്പോസ്റ്റ്, കഞ്ഞിവെള്ളം എന്നിവ കറിവേപ്പിലക്ക് ഉത്തമ വളങ്ങളാണ്.
മണ്ഡരിയുടെ ആക്രമണവും അതുമൂലമുണ്ടാകുന്ന ഇലകുരിടിപ്പുമാണ് പ്രധാന പ്രശ്നം. ഇതിനെ നിയന്ത്രിക്കുന്നതിനായി സോപ്പ് വെള്ളം ചീറ്റികൊടുക്കുകയോ വേപ്പെണ്ണ 20മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുകയോ ചെയ്യാം.
Discussion about this post