തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിന് തുടക്കമായി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഫലപ്രദമായി കൈ കഴുകിയാൽ കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാമെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് ക്യാമ്പയിൻ.
ഇതിന്റെ ഭാഗമായി സർക്കാർ-അർദ്ധ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയിൽ സ്ഥാപനത്തിലേക്ക് ജീവനക്കാരെയും പൊതുജനങ്ങളെയും പ്രവേശിക്കുന്നതിനുമുമ്പ് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതിനോ, ഹാൻഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നെന്ന് ഉറപ്പു വരുത്തുകയും വേണം. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേർന്ന് ‘ബ്രേക്ക് ദ ചെയിൻ’ കിയോസ്‌കുകൾ സ്ഥാപിക്കണം.
റസിഡൻഷ്യൽ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടങ്ങളിലേക്ക് പ്രവേശിക്കുന്നിടത്ത് ‘ബ്രേക്ക് ദ ചെയിൻ’ കിയോസ്‌കുകൾ സ്ഥാപിച്ച് വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും പ്രവേശിക്കുന്നവർ കൈകളിൽ വൈറസ് മുക്തിയായി കയറുന്നുവെന്ന് ഉറപ്പാക്കണം.
ബസ് സ്റ്റോപ്പുകൾ, മാർക്കറ്റ് എന്നീ പൊതു ഇടങ്ങളിൽ ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കണം. അതിന്റെ ഉപയോഗം ഉറപ്പ് വരുത്താനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകാം. രണ്ടാഴ്ച നീളുന്ന ബഹുജന ക്യാമ്പയിനായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുൾപ്പെടെയുള്ളവർ നേതൃത്വവും സഹകരണവും നൽകണമെന്നും മന്ത്രി കെ. കെ. ശെെലജ അഭ്യർത്ഥിച്ചു.
ക്യാമ്പയിന് പ്രചാരം നൽകാനായി നവമാധ്യമങ്ങളും മാധ്യമങ്ങളും വഴി
#breakthechain ഹാഷ്ടാഗ് പ്രചരിപ്പിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ ക്യാമ്പയനിൽ പങ്കെടുക്കുന്നതോടെ വൈറസിന്റെ സാന്ദ്രതയും വ്യാപനവും വലിയതോതിൽ കുറയ്ക്കുവാനും പകർച്ച വ്യാധിയുടെ പ്രാദേശിക വ്യാപനം വലിയ തോതിൽ നിയന്ത്രിക്കാനുമാകുെമെന്നാണ് വിലയിരുത്തൽ.
ഹസ്തദാനം പോലെ സ്പർശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകൾ ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകൾ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കണം. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടണം. ഇടയ്ക്കിടെ കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം തുടങ്ങിയ കാര്യങ്ങളാണ് വെെറസ് വ്യാപിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്.
Discussion about this post