അറേബ്യൻ പെനിസുലയിൽ ഇന്ത്യൻ സ്വദേശികൾ എന്ന് വിശേഷിപ്പിക്കാവുന്ന കോമൺ ബാന്റ്ഡ് ഔൾ (Common Banded Awl) ചിത്രശലഭങ്ങളെ കണ്ടെത്തി. ഇരിഞ്ഞാലക്കുട സ്വദേശിയും ശാസ്ത്ര പ്രചാരകനുമായ കിരൺ കണ്ണനാണ് അബുദാബിയിൽ ഇതിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിയുന്നത്. ഇദ്ദേഹം കണ്ടെത്തിയ രണ്ട് ശലഭങ്ങളെ അബുദാബി എൻവയോൺമെന്റ് ഏജൻസി ഔദ്യോഗികമായി അവരുടെ എന്റമോളജി കളക്ഷനിൽ കാറ്റലോഗ് ചെയ്തു ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലും ഓസ്ട്രേലിയയിലും തെക്ക് കിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഈ ചിത്രശലഭത്തിൻറെ സാന്നിധ്യം ആദ്യമായാണ് യു.എ.ഇ യിൽ കാണുന്നത്. 5 സെൻറീമീറ്റർ വരെ വലിപ്പമുള്ള ഇവ തവിട്ടു നിറത്തിലുള്ള ശലഭങ്ങളാണ്. ആദ്യ കാഴ്ചയിൽ ഇവയ്ക്ക് നിശാശലഭങ്ങളോട് സാമ്യം തോന്നും. വർണ്ണ ചിറകുകൾ ഇല്ലയെന്നതാണ് ഈ ശലഭങ്ങളുടെ പ്രത്യേകത. ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യത്തെ കാണപ്പെടുന്ന ഈ ശലഭങ്ങൾ ഗൾഫിലേക്ക് എത്തിയത് മറ്റിനം ജീവജാലങ്ങൾ റേഞ്ച് എക്സ്റ്റൻഷൻ നടത്തുന്നതിന്റെ സൂചനയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. റേഞ്ച് എക്സ്റ്റൻഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ജീവി അതിൻറെ സ്വാഭാവിക ഭൗമ മേഖലയിൽ നിന്ന് വേറെയൊരു മേഖലയിലേക്ക് ജീവിത പരിസരം വ്യാപിപ്പിക്കുന്നതിനെയാണ്.
ഈ ശലഭത്തെ കണ്ടെത്തിയതിനെ പറ്റി ശാസ്ത്ര പ്രചാരകനായ കിരൺ കണ്ണൻ പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ഏപ്രിൽ 28ന് വൈകിട്ട് അബുദാബിയിലെ റിക്രിയേഷൻ പാർക്കിൽ സൂക്ഷ്മജീവികളെ തിരഞ്ഞ് നടക്കുകയായിരുന്നു കിരൺ. പാർക്കിൽ നിറയെ ആര്യവേപ്പുകൾ ഉണ്ടായിരുന്നു. ഏപ്രിൽ മാസം ആര്യവേപ്പ് മരങ്ങൾ പൂക്കുന്ന കാലയളവ് കൂടിയാണ്. ഈ സമയത്താണ് പൂക്കളിൽ നിന്ന് പൂക്കളിലേക്ക് പാറിപ്പറക്കുന്ന ഇത്തരം ശലഭങ്ങളെ പകർത്തുന്നത്. ആ നിമിഷം തന്നെ ചിത്രം മൊബൈലിൽ എടുക്കുകയും ഈ മേഖലയിലെ വിദഗ്ധരായ സ്നേഹിതരുടെ അഭിപ്രായം തേടുകയും ചെയ്തിരുന്നു. തുടർന്നാണ് ഇത് ഗൾഫിൽ മറ്റൊരിടത്തും കണ്ടെത്താൻ കഴിയാത്ത കോമൺ ബാന്റ്ഡ് ഔൾ ആണെന്ന് നിഗമനത്തിൽ എത്തുന്നത്. പക്ഷേ ശലഭത്തിന്റെ ആവാസവ്യവസ്ഥ കണ്ടെത്തുകയെന്നത് കിരൺ നേരിട്ട് പ്രധാന വെല്ലുവിളിയാണ്. പിന്നെയാണ് മിലേറ്റിയ പിനാറ്റ എന്ന ചെടിയുടെ ഇലകൾ ശലഭ ലാർവയുടെ പ്രധാന ഭക്ഷണം ആണെന്ന് തിരിച്ചറിയുന്നത്. പാർക്കിൽ ശലഭത്തിനെ കണ്ട സ്ഥലത്തോട് ചേർന്ന് തന്നെ ഈ ചെടിയുടെ നാല് മരങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. ശലഭത്തിന്റെ ആവാസ്ഥ നിരീക്ഷിക്കുന്ന സമയത്താണ് ഇലയിൽ ഒരു പുഴുവിന്റെ നിഴൽ വ്യക്തമായി കാണുന്നത്. ഈ ഇല ശ്രദ്ധിക്കാൻ കാരണം ഇലയ്ക്ക് ചുറ്റും ഒരു വേട്ടാളൻ പറക്കുന്നത് കണ്ടിരുന്നു. സാധാരണ വേട്ടാളൻ പറക്കുന്നത് ശലഭ ലാർവകളെ പിടിക്കാനോ അവയുടെ ശരീരം തുളച്ച് മുട്ടയിടാനോ ആണ്. ഇതാണ് നിർണായകമായ കണ്ടെത്തലിലേക്ക് വഴിതെളിച്ചതെന്ന് കിരൺ പറഞ്ഞു. എന്തുതന്നെയായാലും ഒരു പുതിയ ജീവി വർഗ്ഗം അറേബ്യൻ പെനിസുലയിലേക്ക് വ്യാപിച്ചതിന്റെ ശക്തമായ തെളിവാണ് കിരണിന് ലഭിച്ചത്. ശലഭത്തിനെ അബുദാബി എൻവയോൺമെൻറ് ഏജൻസിയിലെ ഡോ. അനിതയ്ക്ക് കിരൺ കൈമാറി.
Discussion about this post