കേരളത്തില്‍ കൃഷി ചെയ്യുന്ന കിഴങ്ങുവര്‍ഗ വിളകളില്‍ ഏറ്റവും പോഷകാംശം കൂടുതലുള്ള വിളയാണ് കൂര്‍ക്ക. പ്രത്യേകിച്ച് മധ്യകേരളത്തില്‍ ചരല്‍കലര്‍ന്ന മണ്ണുള്ള സ്ഥലങ്ങളിലാണ് കൂര്‍ക്ക കൃഷി കൂടുതലായുണ്ടാകുക. മഴക്കാലം തുടങ്ങുന്നതിന് മുമ്പാണ് കൂര്‍ക്ക കൃഷി ചെയ്യേണ്ടത്. ഏപ്രില്‍ അവസാനത്തോട് കൂടി വാരങ്ങള്‍ എടുത്ത് കിഴങ്ങ് നട്ടാല്‍ ആ കിഴങ്ങില്‍ നിന്ന് തലപ്പുകള്‍ വരും. 20 സെന്റിമീറ്ററെങ്കിലും വലുപ്പം തലപ്പുകള്‍ക്ക് വന്നുകഴിഞ്ഞാല്‍ ആ തലപ്പാണ് നടാനായി ഉപയോഗിക്കേണ്ടത്. നടേണ്ടത് ജൂണ്‍ മാസത്തിലാണ്.
നടീല്‍ രീതി
90 സെന്റിമീറ്റര്‍ വീതിയും 20 സെന്റിമീറ്റര്‍ ഉയരവുമുള്ള ബെഡുകളെടുത്ത് കൂര്‍ക്ക തലപ്പ് നടണം.നടുമ്പോള്‍ പകുതിയെങ്കിലും കിടത്തിവേണം തലപ്പ് നടേണ്ടത്. പകുതി ഭാഗമെങ്കിലും മണ്ണിനടിയില്‍ പോകണം. അങ്ങനെയാകുമ്പോള്‍ പെട്ടെന്ന് വേര് പിടിക്കും. ഏകദേശം അഞ്ച് മാസമാകുമ്പോഴേക്കും ഇലയൊക്കെ മഞ്ഞളിച്ച് കിഴങ്ങ് വിളവെടുപ്പിന് പാകമാകും.
ഇനങ്ങള്‍
കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയിട്ടുള്ള രണ്ട് ഇനം കൂര്‍ക്കകളാണുള്ളത്- നിധി, സുലഭ. ഇതു കൂടാതെ ശ്രീകാര്യത്തെ കിഴങ്ങുവിള ഗവേഷണ കേന്ദ്രം ശ്രീധര എന്നൊരു ഇനവും പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പുറമെ നാടന്‍ ഇനങ്ങള്‍ കര്‍ഷകരുടെ ഇടയിലുണ്ട്. പ്രധാനമായും രണ്ട് ഇനങ്ങളാണ് -ഒന്ന് ചെറിയ കിഴങ്ങായിരിക്കും. അതിന് നല്ല മണമുണ്ടാകും. മറ്റൊന്ന് അത്ര മണമില്ലാത്ത വലിപ്പമുള്ള കിഴങ്ങാണ്.
വളപ്രയോഗം
ജൈവവളത്തോട് നന്നായി പ്രതികരിക്കുന്ന വിളയാണ് കൂര്‍ക്ക. 1 ഹെക്ടറിന് 10 ടണ്‍ ജൈവവളം ചേര്‍ക്കണം. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ 65 കിലോ യൂറിയ, 330 കിലോ സൂപ്പര്‍ ഫോസ്‌ഫേറ്റ്, 100 കിലോ പൊട്ടാഷ് എന്നിവ ജൈവവളത്തോട് കലര്‍ത്തിയിട്ട് വേണം തടമെടുക്കാന്‍. നട്ട് 45 ദിവസമാകുമ്പോള്‍ വീണ്ടും മണ്ണ് കയറ്റിക്കൊടുക്കണം. ആ സമയത്ത് ഒരു ഹെക്ടറിന് 65 കിലോ യൂറിയ, 100 കിലോ പൊട്ടാഷ് എന്നിവ കൊടുക്കണം. പൂര്‍ണമായും ജൈവ രീതിയില്‍ കൃഷി ചെയ്യുകയാണെങ്കില്‍ അടിവളമായി കുറച്ചുകൂടി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. 13 ടണ്‍ ചാണകമെങ്കിലും ഒരു ഹെക്ടറിന് കൊടുക്കണം. കാലിവളത്തിനൊപ്പം 300 കിലോ മസൂരിഫോസ്/രാജ് ഫോസ്, 400 കിലോ ചാരം എന്നിവ കലര്‍ത്തി മിക്‌സ് ചെയ്തിട്ട് വേണം തടമെടുക്കാന്‍. 45 ദിവസം കഴിഞ്ഞ് വീണ്ടും 3 ടണ്ണോളം ചാണകവും 400 കിലോ ചാരവും കൂടി മിക്‌സ് ചെയ്ത് മണ്ണിനൊപ്പം കയറ്റിക്കൊടുക്കണം. വേര് ഭാഗത്ത് ഒരടിയെങ്കിലും മിശ്രിതമുണ്ടെങ്കില്‍ നല്ല രീതിയില്‍ കിഴങ്ങുണ്ടാകുന്ന വിളയാണ് കൂര്‍ക്ക. അതുകൊണ്ട് തന്നെ ഗ്രോബാഗിലും, ചട്ടിയിലും, ടെറസിലുമെല്ലാം കൂര്‍ക്ക കൃഷി ചെയ്യാന്‍ സാധിക്കും.ചട്ടിയില്‍ കൃഷി ചെയ്യുമ്പോള്‍ പോട്ടിംഗ് മിശ്രിതത്തോടൊപ്പം ജൈവവളക്കൂട്ട് രണ്ട് ചിരട്ടയെങ്കിലും നല്‍കണം. 10 കിലോ ഉണക്കിപ്പൊടിച്ച ചാണകവും 1 കിലോ വേപ്പിന്‍ പിണ്ണാക്കും 1 കിലോ മസൂരി ഫോസോ അല്ലെങ്കില്‍ രാജ് ഫോസോ, ഒപ്പം ഒരു കിലോ ചാരവും മിക്‌സ് ചെയ്ത ജൈവവളക്കൂട്ട് നടുന്ന സമയത്ത് രണ്ട് ചിരട്ടയെങ്കിലും ചേര്‍ത്തുകൊടുക്കുക. ഒന്ന്- ഒന്നര മാസത്തിന് ശേഷം മണ്ണിലളക്കിയിട്ട് ഒരു ചിരട്ട് കൂടി ജൈവവളക്കൂട്ട് കൊടുത്താല്‍ നല്ല രീതിയില്‍ ചട്ടിയിലും ഗ്രോബാഗിലും ടെറസിലുമെല്ലാം കൂര്‍ക്ക കൃഷി ചെയ്യാം.
വിവരങ്ങള്‍ക്ക് കടപ്പാട്: കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി
Discussion about this post