കാര്യം, മഴ നമ്മളെ ഇപ്പോള്‍ നന്നായി വല യ്ക്കുന്നെണ്ടെങ്കിലും ഈ മഴയാണ് നമ്മുടെ ജീവനാഡി. ഭൂഗര്‍ഭത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ വെള്ളത്തെ തിരിച്ചു വിളിച്ചാണ് നമ്മള്‍ ജനുവരി മുതല്‍ മെയ് വരെ കാലക്ഷേപം നടത്തുന്നത്.
എന്തായാലും വേനല്‍ കടുക്കുമ്പോള്‍ ആദ്യം ബാധിക്കുന്നത് ഏത്തവാഴകളെയും പിന്നെ കുരുമുളകിനെയും ആയിരിക്കും. തെങ്ങിനെ പ്രത്യക്ഷത്തില്‍ ബാധിക്കുന്നില്ല എന്ന് തോന്നുമെങ്കിലും വേനല്‍ മാസം കഴിഞ്ഞ് ഏതാണ്ട് 40 മാസം കഴിഞ്ഞ് തേങ്ങയിടുന്ന ഒഴികള്‍ ശുഷ്‌കമായിരിക്കും. ചില ഒഴികള്‍ കേമമാകുന്നതും വെള്ളത്തിന്റെയും വള ലഭ്യതയുടെയും കാലാവസ്ഥയുടെയും ആനുകൂല്യത്താല്‍ ആണ്.
ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ചിട്ടയായി നനച്ചാല്‍ തേങ്ങയുടെ എണ്ണം ഗണ്ണ്യമായി കൂടും.നാല് അഞ്ച് ദിവസം കൂടുമ്പോള്‍ 200-400 ലിറ്റര്‍ വെള്ളം ഒരു തടത്തില്‍ ഒഴിക്കാം. തുള്ളി നനയാണെങ്കില്‍ ഒരു ദിവസം 49-45 ലിറ്റര്‍ മതിയാകും.
മണ്ണില്‍ വീഴുന്ന വെള്ളം നാലു തരത്തില്‍ നഷ്ടപ്പെടാം.
1. Surface run off. (ഉപരിതല നീരോഴുക്ക് )
2. Percoalation (കുത്തനെ താഴേക്ക് ഉള്ള നീര് വലിവ് )
3. Evaporation (ബാഷ്പീകരണം )
4. Transpiration (സ്വേദനം ).
ശരിയായ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ആദ്യത്തെ മൂന്ന് ജലനഷ്ടവും ഏറെക്കുറെ ലഘുകരിക്കാം. പ്രത്യേകിച്ചും പുതയിടുന്നതിലൂടെ.
എന്നാല്‍ നാലാമത്തെ ജലനഷ്ടം സംഭവിക്കണം. ഇല്ലെങ്കില്‍ കുഴപ്പമാണ്. കാരണം സ്വേദാനം എന്നാല്‍ ഇലകളിലൂടെ ഉള്ള ജലനഷ്ടമാണ്. ഇലയുടെ അടിവശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന ആസ്യരന്ധ്രങ്ങളിലൂടെ (stomata ) വെള്ളം നീരാവിയായി പുറത്തേക്ക് വമിക്കുന്നു. അഥവാ ചെടി വിയര്‍ക്കുന്നു. ഈ വിയര്‍ക്കല്‍ നടക്കുമ്പോള്‍ ചെടിയുടെ ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുന്നു. അപ്പോള്‍ മണ്ണില്‍ നിന്നും ഒരു വലി (pull )നടക്കുന്നു. വേരുകള്‍ വഴി വെള്ളം മുകളിലേക്കു കയറുന്നു. കൂട്ടത്തില്‍ വള മൂലകങ്ങളും. മഴക്കാലത്ത് ഈ വിയര്‍ക്കല്‍ ഇല്ലാത്തത് കൊണ്ട് വലിയുമില്ല. വളം വലുച്ചെടുക്കലും ഇല്ല. അതിനാല്‍ ചെടികളുടെ വളര്‍ച്ച മന്ദഗതിയിലാകുന്നു. സ്വേദാനം കുറയ്ക്കാന്‍ ആവശ്യമെങ്കില്‍ കുറച്ചു പച്ച ഓലകള്‍ വെട്ടി മാറ്റാം. പക്ഷെ ഓലകള്‍ അങ്ങനെ വെട്ടിമാറ്റുന്നത് നല്ലതുമല്ല. കാരണം ആഹാരനിര്‍മാണ ശാലകളാണല്ലോ ഇലകള്‍.
അപ്പോള്‍, തെങ്ങിനെ സംബന്ധിച്ചിടത്തോളം കാലവര്‍ഷം അകത്തും തുലാവര്‍ഷം പുറത്തും എന്നാണ് അതായത് കാലവര്‍ഷം മുഴുവന്‍ തെങ്ങിന്‍ തടത്തിനകത്തും തുലവര്‍ഷം മുഴുവന്‍ തെങ്ങിന്‍ തടത്തിനു പുറത്തും വീഴണം. പുറത്ത് എന്ന് പറഞ്ഞാല്‍, രണ്ടാം വളവും കൊടുത്ത് കരിയിലകളും തൊണ്ടും വിളാവാശിഷ്ടങ്ങളും എല്ലാം ഇട്ടു വട്ടക്കിളയലും കിളച്ചു മൂടിയ തടങ്ങളില്‍ തുലാവര്‍ഷത്തിന്റെ അവസാനപെയ്ത്തുകള്‍ വീഴണം. ആ മഴത്തുള്ളികളെ തെങ്ങിന്‍ തടത്തിലെ പുത ഒരു സ്‌പോഞ്ച് പോലെ വലിച്ചെടുത്തു ഉപരിതലത്തില്‍ നില നിര്‍ത്തും. .
തടങ്ങളില്‍ ഒരുവരി തൊണ്ടു മലര്‍ത്തിയും അതിനുമുകളില്‍ ഒരു വരിത്തൊണ്ട് കമഴ്ത്തിയും അടുക്കുന്നത് തെങ്ങിന് ഏറെ ഗുണം ചെയ്യും.
ഇടവിളകള്‍ കൃഷി ചെയ്യുന്നതും തോട്ടം കിളച്ചിടുന്നതും വെള്ളം ഉപരിതലത്തില്‍ തന്നെ സംരക്ഷിക്കാന്‍ സഹായിക്കും.
തയ്യാറാക്കിയത്
പ്രമോദ് മാധവന്‍
Discussion about this post