തെങ്ങ് ഒരു ബഹുവര്‍ഷ വിളയാണ്. ആറേഴു പതിറ്റാണ്ടു കാലം ഉത്പാദനം ഉണ്ടാകും. പ്രതിമാസം ഒരു ഓല ഒരു തെങ്ങില്‍ ഉണ്ടാകും. പ്രായപൂര്‍ത്തിയായ തെങ്ങില്‍ ഓരോ ഓലകവിളിലും ഒരു പൂങ്കുല വീതം വിരിയും. തെങ്ങിന്റെ ഉത്പാദനക്ഷമത കൂടുന്തോറും അതില്‍ നിന്നും നീക്കം ചെയ്യുന്ന മൂലകങ്ങളുടെ അളവും വര്‍ദ്ധിക്കും. തെങ്ങില്‍ നിന്നും ഏറ്റവും കൂടുതല്‍ നീക്കം ചെയ്യപ്പെടുന്ന മൂലകം പൊട്ടാഷ് ആണ്.
പ്രപഞ്ചത്തിലെ എല്ലാ സസ്യങ്ങള്‍ക്കും അവയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി പതിനേഴ് ആവശ്യമൂലകങ്ങള്‍ ആണ് വേണ്ടത്. അതില്‍ കാര്‍ബണ്‍ ,ഹൈഡ്രജന്‍ , ഓക്‌സിജന്‍ എന്നീ മൂലകങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നും കിട്ടുന്നു. അത് പ്രത്യേകം കൊടുക്കേണ്ടതില്ല.
തെങ്ങിന് വേണ്ട സംയോജിത വള പ്രയോഗരീതികള്‍
1 – അമ്ലത്വം ലഘൂകരിക്കല്‍ – മണ്ണില്‍ കുമ്മായ വസ്തുക്കള്‍ ഇടുക.കുമ്മായ വസ്തുക്കള്‍ ഇടുമ്പോള്‍ മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കണം. ഇത് പോഷക മൂലകങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതോടൊപ്പം സൂക്ഷ്മ ജീവാണുക്കളുടെ പ്രവര്‍ത്തനവും ശരിയായ രീതിയില്‍ ആകുവാന്‍ സഹായിക്കുന്നു. മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുവാന്‍ അമ്ലത്വം പരിഹരിക്കുക തന്നെ വേണം.
2 – ജൈവാംശം വര്‍ദ്ധിപ്പിക്കുക- മണ്ണിനെ ജീവനുള്ളതാക്കി മാറ്റുവാന്‍ ജൈവവളങ്ങള്‍ വേണം. മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുവാനും , മണ്ണിന് പോഷകമൂല്യങ്ങളും , ജലാംശയം നിലനിര്‍ത്തുവാനും ജൈവാംശം അത്യാവശ്യം ആണ്. സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം നിലനിര്‍ത്തുവാനും ജൈവാംശം മണ്ണില്‍ വേണം.
3 – രാസവള പ്രയോഗം- സസ്യങ്ങള്‍ക്ക് വളരാന്‍ ആവശ്യമായ പോഷകമൂല്യങ്ങള്‍ മണ്ണില്‍ എത്തിക്കുന്നതിന് രാസവളങ്ങള്‍ ആവശ്യം ആണ്. ജൈവവളത്തില്‍ നിന്നും എല്ലാ മൂലകങ്ങളും വേണ്ടതായ അളവില്‍ ലഭിക്കുവാന്‍ സാധ്യത കുറവ് ആണ്.
തെങ്ങിന്റെ വളപ്രയോഗ രീതി
മഴയെ ആശ്രയിച്ചുള്ള കൃഷിയില്‍ രണ്ട് തവണ വളപ്രയോഗം നടത്താം. അത് മെയ് – ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളിലും ചെയ്യാം. ഒരു വര്‍ഷ ശുപാര്‍ശ ചെയ്യുന്ന വളം രണ്ട് പ്രാവശ്യം ആയി കൊടുക്കുന്ന രീതി. മഴയുടെ തീവ്രത അനുസരിച്ച് വളങ്ങള്‍ നഷ്ടപ്പെടാതെ കൊടുക്കുക.
ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ വര്‍ഷത്തില്‍ നാല് തവണയായി വളപ്രയോഗം നടത്തുന്നതാണ് കൂടുതല്‍ നല്ലത്. ഒരു വര്‍ഷം ശുപാര്‍ശ ചെയ്തിട്ടുള്ള വളത്തിനെ വര്‍ഷത്തില്‍ നാല് തവണയായി നല്‍കുന്നത് മൂലം തെങ്ങുകള്‍ക്ക് വളങ്ങള്‍ കൃത്യമായി കിട്ടുന്നു എന്നതില്‍ ഉപരി കൊടുക്കുന്ന വളങ്ങള്‍ നഷ്ടപ്പെടാതെ നോക്കുവാനും സാധിക്കും.
സംയോജിത വളപ്രയോഗം
തൈകള്‍ നട്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം വളപ്രയോഗം തുടങ്ങാം. ഒന്നാം വര്‍ഷം ആകെ നിര്‍ദേശിക്കുന്ന വളത്തിന്റെ മൂന്നില്‍ ഒരു ഭാഗം കൊടുക്കാം, രണ്ടാം വര്‍ഷം ആകെ നിര്‍ദേശിക്കുന്ന വളത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം കൊടുകാം , മൂന്നാം വര്‍ഷം മുതല്‍ നിര്‍ദേശിക്കുന്ന മുഴുവന്‍ വളവും നല്‍കി തുടങ്ങാം.
തടം എടുക്കല്‍
വേനല്‍ മഴയിലെ വെള്ളം തടഞ്ഞു മണ്ണിന് ഈര്‍പ്പം കിട്ടുവാന്‍ തടം എടുക്കുന്നത് സഹായിക്കും. മണ്ണിന് ഇളക്കം കിട്ടുവാനും ,വായു സഞ്ചാരം പ്രധാനം കിട്ടുവാനും വേരോട്ടം കിട്ടുവാനും തടം എടുക്കല്‍ സഹായിക്കും. പോഷകമൂലകങ്ങള്‍ നഷ്ടപ്പെടുന്നത് തടയുവാനും തടം കൊണ്ട് കഴിയും.
തെങ്ങിന് ചുറ്റും രണ്ട് മീറ്റര്‍ വൃത്താകൃതിയില്‍ തടം എടുക്കണം.പയര്‍ പോലുള്ള പച്ചിലവളങ്ങള്‍ തടത്തില്‍ വളര്‍ത്തി അത് തെങ്ങിന് തന്നെ വളമായി നല്‍കാം. ഇത് മൂലം ജൈവവളത്തോടൊപ്പം നൈട്രജനും തെങ്ങിന് ലഭിക്കുന്നു.
സന്തുലിത വളപ്രയോഗത്തിന് മണ്ണ് പരിശോധന നടത്തണം
മണ്ണ് പരിശോധിച്ച് മണ്ണില്‍ കുറവുള്ള പോഷകമൂലകങ്ങള്‍ കൊടുക്കുക തന്നെ വേണം …അതിനായി കൃഷിയിടത്തില്‍ പല ഭാഗങ്ങളില്‍ നിന്നായി മണ്ണ് ശേഖരിച്ച് പരിശോധിക്കണം. വളക്കുഴികള്‍ പോലുള്ള ഫലഭൂയിഷ്ടമായ സ്ഥലങ്ങളിലെ മണ്ണ് ഒഴിവാക്കുക. രാസവളങ്ങള്‍ കൊടുത്തതിന് ശേഷമെ ഉടനെയുള്ള മണ്ണ് പരിശോധനയും ഒഴിവാക്കുക.
തെങ്ങിന്‍ തോപ്പില്‍ ജലാംശം നിലനിര്‍ത്തുവാന്‍ തൊണ്ട് അടുക്കുക. വളക്കുഴികള്‍ നിര്‍മ്മിക്കുക. അങ്ങിനെ മഴ പെയ്ത് കിട്ടുന്ന വെള്ളം മണ്ണില്‍ തന്നെ കഴിവതും താഴുവാന്‍ അനുവദിക്കുക.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post