ധാരാളം പോഷകമൂല്യങ്ങളുള്ള വിളയാണ് ചുരയ്ക്ക . ചുരങ്ങ, ചെരവക്കായ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.ഭക്ഷ്യയോഗ്യമായ നാരുകളും ജലാംശവും ധാരാളം അടങ്ങിയിട്ടുള്ള ചുരയ്ക്ക യിൽ ഊർജ്ജവും കൊഴുപ്പും വളരെ കുറവാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ചുരയ്ക്ക വളരെ നല്ല ആഹാരം തന്നെ.
ജനുവരി-മാർച്ച്, സെപ്റ്റംബർ – ഡിസംബർ മാസങ്ങളാണ് ചുരയ്ക്ക കൃഷി ചെയ്യാൻ ഏറ്റവും നല്ല സമയം. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുകയാണെങ്കിൽ മെയ് – ജൂൺ മാസങ്ങളിൽ നടാം.പൂസ സമ്മർ പ്രൊലിഫിക് ലോംഗ്, അർക്ക ബഹാർ എന്നിവയാണ് പ്രധാന ഇനങ്ങൾ.
വിത്ത് നേരിട്ട് പാകിയാണ് ചുരയ്ക്ക കൃഷിചെയ്യുന്നത്.ഒരു സെന്റിന് 12 മുതൽ 16 ഗ്രാം വരെ വിത്ത് വേണ്ടിവരും. 60 സെന്റീമീറ്റർ വ്യാസവും 30 മുതൽ 45 മീറ്റർ ആഴവുമുള്ള കുഴികളിലാണ് ചുരയ്ക്ക നടേണ്ടത്. പന്തലിൽ പടർത്തി വളർത്തുമ്പോൾ ചെടികൾ തമ്മിലും വരികൾ തമ്മിലും മൂന്നു മീറ്റർ അകലം പാലിക്കണം. നിലത്ത് പടർന്നു വളരുന്നതിന് വരികൾ തമ്മിൽ 3-4 മീറ്ററും ചെടികൾ തമ്മിൽ രണ്ട് മീറ്ററും അകലം പാലിക്കാം.കമ്പോസ്റ്റും ജൈവവളങ്ങളും ചാണകവും മേൽമണ്ണുമായി ചേർത്ത് നിറച്ച കുഴികളിൽ നാലഞ്ച് വിത്തുകൾ പാകാം. വിത്ത് പാകുന്നതിന് രണ്ടാഴ്ച മുൻപ് മണ്ണിൽ കുമ്മായം ചേർത്ത് ഇളക്കാൻ മറക്കരുത്.ഒരു തടത്തിന് അഞ്ച് കിലോഗ്രാം ചാണകം, 100 ഗ്രാം എല്ലുപൊടി എന്നിവ ചേർക്കുന്നത് വളരെ നല്ലതാണ്. നാലഞ്ച് ദിവസത്തിനുള്ളിൽ വിത്തുകൾ മുളക്കും. മുളച്ചുവന്ന തൈകളിൽ ഏറ്റവും ആരോഗ്യമുള്ള മൂന്നെണ്ണം നിലനിർത്തി ബാക്കിയുള്ളവ പിഴുതുമാറ്റാം.
കൃത്യമായി നനയ്ക്കാൻ ശ്രദ്ധിക്കണം. രണ്ടാഴ്ച ഇടവിട്ട് ജൈവവളങ്ങൾ നൽകുന്നത് നല്ലതാണ്. ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോആസിഡ്, പിണ്ണാക്ക് ലായനി തുടങ്ങിയവ പത്ര പോഷണം വഴി നൽകാം.നട്ട് രണ്ടുമാസത്തിനുള്ളിൽ കായകൾ വിളവെടുക്കാം. മൂപ്പെത്താത്ത ഇളം കായകളാണ് വിളവെടുക്കേണ്ടത്.
Discussion about this post