രാസ്നാദി ചൂർണ്ണം, രാസ്നാദി കഷായം എന്നിവയിലെ പ്രധാന ചേരുവയാണ് രസ്ന അഥവാ ചിറ്റരത്ത. ഇഞ്ചിയുടെ കുടുംബത്തിൽപെട്ട ബഹുവർഷിയായ ഔഷധസസ്യമാണിത്. ഇഞ്ചിയോട് രൂപസാദൃശ്യമുള്ള ചിറ്റരത്തയുടെ കിഴങ്ങുകളാണ് ഔഷധയോഗ്യമായ ഭാഗം.
മലേഷ്യയാണ് ചിറ്റരത്തയുടെ ജന്മദേശം കേരളത്തിൽ ഒരു ഔഷധ സസ്യമായാണ് ചിറ്റരത്ത ഉപയോഗിക്കപ്പെടുന്നത്. എന്നാൽ ഉത്തരേന്ത്യയിൽ ഔഷധം എന്നതുപോലെതന്നെ സുഗന്ധവിള യായും ചിറ്റരത്ത ഉപയോഗിക്കുന്നുണ്ട്.
ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ചിറ്റരത്ത വളരുന്നത്. തണലിലും കൃഷി ചെയ്യാനാകും. റബ്ബർ തോട്ടങ്ങളിലും തെങ്ങിൻ തോപ്പിലും ഇടവിളയായി വളർത്താവുന്ന ഔഷധസസ്യം കൂടിയാണിത്. ഒന്നര മീറ്ററോളം ഉയരം വെക്കുന്ന ചിറ്റരത്തയുടെ ഇലകൾ വീതി കുറഞ്ഞതും നീളമുള്ളതും മിനുസമേറിയതുമാണ്.
ചിറ്റരത്തയുടെ വേരിൽ കാംഫൈറെഡ്, ഗലാനിൻ, ആല്പിനിൻ എന്നീ 3 ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിന്റെ തണ്ടിൽ തൈലരൂപത്തിൽ മീഥൈൽ സിനമേറ്റ്, സിൻകോൾ, ഡി-പെനീൻ, ക്യാംഫർ എന്നീ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും വാതരോഗങ്ങൾക്കും പ്രമേഹം രക്തസമ്മർദ്ദം എന്നിങ്ങനെയെല്ലാമുള്ള പ്രശ്നങ്ങൾക്കും ചിറ്റരത്ത മരുന്നാണ്. തലവേദന, നെഞ്ചുവേദന, ചുമ, ആസ്ത്മ, ആർത്രൈറ്റിസ് എന്നിവയുടെ ചികിത്സയ്ക്ക് ചിറ്റരത്ത ഉപയോഗിക്കുന്നുണ്ട്. കുളിച്ച ശേഷം തലയിൽ രാസ്നാദി ചൂർണം പുരട്ടുന്നത് ജലദോഷത്തിനുള്ള പ്രതിവിധിയാണ്. ആട്ടിൻ പാലിൽ ചിറ്റരത്ത ചേർത്ത് നിർമ്മിക്കുന്ന കഷായം ആസ്ത്മക്കുള്ള മരുന്നാണ്.
മുളയുള്ള വിത്തിഞ്ചി കഷണങ്ങൾ നട്ടാണ് ചിറ്റരത്ത കൃഷി ചെയ്യുന്നത്. തടങ്ങളിൽ നടുമ്പോൾ ചെടികൾ തമ്മിലും വരികൾ തമ്മിലും 30 സെന്റീമീറ്റർ അകലം പാലിക്കാം. കരിയില കൊണ്ട് പുതയിടുന്നത് നല്ലതാണ്. അടിവളമായി കാലിവളവും എല്ലുപൊടിയും രാജ്ഫോസും ചേർത്തുകൊടുക്കാം.
18 മാസം മുതൽ ചെടികൾ വിളവെടുത്ത് തുടങ്ങാം. മൂന്നു വർഷം പ്രായമായ ചുവടുകളാണ് വിളവെടുക്കാൻ ഉത്തമം. വിളവെടുത്ത ഇഞ്ചി 5 സെന്റീമീറ്റർ നീളമുള്ള കഷണങ്ങളാക്കി മുറിച്ച് ഉണക്കിയെടുക്കാം.
Discussion about this post