നമ്മുടെ വീടുകളിൽ നിത്യവും വേണ്ട പച്ചക്കറി ആണ് മുളക്.അത് പച്ചയായും ഉണക്കിയും പൊടിച്ചും വേണം.നമ്മുടെ,ട്രോപ്പിക്കൽ കാലാവസ്ഥയിൽ വെള്ളീച്ച, മണ്ഡരി, ഇലപ്പേൻ ഇവ മൂന്നും ഇപ്പോൾ ഏറ്റവും കൂടുതൽ ആക്രമിക്കുന്നത് മുളകിനെ ആണ്.ആയതിനാൽ തന്നെ, സാമാന്യം ഭേദപ്പെട്ട രീതിയിൽ മരുന്ന് തളിച്ചെത്തുന്ന പച്ചക്കറിയാണ് മുളക്.
“മരുന്ന’ലയിൽ മുങ്ങിത്തോർത്തി,കറി വെയ്ക്കാൻ മുളകുകൾ വന്നു”….
ഒരിക്കലെങ്കിലും മുളക് കൃഷി ചെയ്തവർക്ക് നന്നായി മനസ്സിലാകും എത്ര വേഗമാണ് മുളക് ചെടി കീടങ്ങൾക്ക് അടിപ്പെടുന്നത് എന്ന്.അതുകൊണ്ട് അയൽ സംസ്ഥാനങ്ങൾ ഒൻപതു തവണ മരുന്നടിച്ചു വിളയിച്ചു കൊണ്ട് വരുന്ന മുളകുപയോഗിക്കുന്നതിനേക്കാൾ നല്ലത്, വേണ്ടി വന്നാൽ(വേണ്ടി വന്നാൽ മാത്രം ) ഒന്നോ രണ്ടോ തവണ ശരിയായ മരുന്ന് ശരിയായ ഡോസിൽ ഉപയോഗിച്ച് നമ്മൾ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കുന്നതല്ലേ?
എങ്കിൽ ഇതാ മുളക് നടാൻ നേരമായിവരുന്നു. മഴക്കാലത്ത് ഏറ്റവും നല്ല
വിളവ് തരുന്ന ഒരു പച്ചക്കറി ആണ് മുളക്. പക്ഷെ താഴെ പറയുന്ന കാര്യങ്ങൾ മുളക് കൃഷിയിൽ ശ്രദ്ധിക്കണം.മെയ് മാസം ആദ്യം തന്നെ തൈകൾ പറിച്ചു നടണം. നല്ല ഇനങ്ങൾ തന്നെ തെരഞ്ഞെടുക്കണം.
നല്ല ഇനങ്ങൾ ഏതൊക്കെ?
ജ്വാലാ മുഖി (സാമ്പാർ മുളക് )
G4 (ഭാഗ്യലക്ഷ്മി )നീണ്ട മുളക്
അനുഗ്രഹ (ഇടവിളയായും അല്പം തണലിലും വളരും )
അതുല്യ
സമൃദ്ധി
തേജസ് (മൂന്നും കാർഷിക കോളജ്, വെള്ളായണിയിൽ ഉരുത്തിരിച്ചെടുത്തത് )
ഉജ്ജ്വല, മഞ്ജരി (എരിവ് വളരെ കൂടിയ ഇനങ്ങൾ. കുലയായി മുകളിലേക്കു നിൽക്കുന്ന 6cm ഓളം നീളം ഉള്ള മുളക് ).അലങ്കാര മുളകായും വളർത്താം.( Foodscaping ന് പറ്റിയ ഇനം.വാട്ട രോഗം വരാൻ സാധ്യതയുള്ള ഇടങ്ങളിൽ റൂട്ട് സ്റ്റോക്ക് ആയി ഉപയോഗിക്കാനും ഈ ഇനങ്ങൾ അനുയോജ്യം.)
ബുള്ളറ്റ് (Syngenta seed company ) വെടിയുണ്ട യുടെ ആകൃതി
സിയറ (Mahyco Seed company).നീണ്ട അത്യുൽപ്പാദന ശേഷിയുള്ള ഇനം. ഒരു മുളക് 10-15 ഗ്രാം വരെ വരും നന്നായി പരിപാലിച്ചാൽ.. (ഹതും പറയണമല്ലോ ).
Advanta seeds company യുടെ AK 47, Dhoom
കാന്താരി
വെള്ള കാന്താരി
ഗുണ്ടുർ സന്നം (വറ്റൽ മുളക് )
ബ്യാഡഗി (എരിവ് കുറഞ്ഞ വറ്റൽ മുളക് )
കാശ്മീരി പിരിയൻ മുളക് (എരിവ് കുറഞ്ഞ നിറം കൂടിയ ഇനം )
രാംനാട് മുണ്ട് മുളക് (തമിഴ് നാട്ടിൽ കടുക് വറക്കാൻ ഉപയോഗിക്കുന്ന നീളം കുറഞ്ഞ അല്പം വലിയ ഉണ്ട മുളക്, ഗുണ്ടു മുളക്. ഇപ്പോൾ ഭൗമ സൂചികാ പദവിയും കെടച്ചിരിക്ക് )
എരിവ് കൂടിയ ഭൂത് ജോലാക്കിയ, നാഗ മിർച്ചി, ട്രിനിഡാഡ് സ്കോർപിയോൺ, കരോലിന റീപ്പർ, ഹബനിറോ പെപ്പെർ
സ്കോച്ച് ബോണറ്റ് (ജിമിക്കി കമ്മൽ മുളക് )
ബെൽ പെപ്പെർ (കാപ്സികം )എരിവ് തീരെ ഇല്ലാത്ത ഇനം
ബജി മുളക്
ഇങ്ങനെ വൈവിധ്യപൂർണമായ എത്രയോ ഇനങ്ങൾ.
മുളകിന്റെ ഗുണം നിശ്ചയിക്കുന്നത് പ്രധാനമായും രണ്ടു ഘടകങ്ങൾ ആണ്.
എരിവ് നൽകുന്ന Capsaicin,
നിറം നൽകുന്ന Capsanthin.
ഇതിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് മുളക് വിവിധ ഉപയോഗങ്ങൾക്കായി എടുക്കുന്നു.
എരിവ് അളക്കുന്നത് SHU (Scoville Heat Unit ) അടിസ്ഥാനത്തിൽ ആണ്. ഏറ്റവും എരിവ് കൂടിയ ഇനങ്ങൾ പതിനഞ്ചു ലക്ഷം SHU വരെ വരും. അത്തരം ഇനങ്ങൾ ഉപയോഗിച്ചാണ് സ്വയ രക്ഷയ്ക്കുള്ള പെപ്പെർ സ്പ്രേ ഉണ്ടാക്കുന്നത്.
ഉപയോഗിക്കുന്ന മുളകിന്റെ SHU പാചകക്കാരൻ അറിഞ്ഞില്ല എങ്കിൽ കറി ‘ശൂ ‘ ആയി പോകാൻ സാധ്യത ഉണ്ട്. ചില വീടുകളിൽ ‘ശ്ശാ ശി ‘ ഉണ്ടാകാനും അത് മതി.
നിറത്തിന്റെ അളവുകോൽ ASTA unit ആണ്. American Spice Trade Association അതിനു പ്രത്യേകം chart ഉണ്ടാക്കിയിട്ടുണ്ട്.
പച്ചമുളക് കൃഷി
മഴക്കാലമാണ് ഏറ്റവും യോജിച്ചതെങ്കിലും,വെള്ളം അല്പം പോലും മുളക് തടത്തിൽ കെട്ടി നിൽക്കാൻ പാടില്ല. അതായത്, ഇപ്പോൾ തടം എടുത്താണ് നടുന്നതെങ്കിലും, മഴ ആകുമ്പോഴേക്കും ചെടിത്തടം അല്പം ഉയരത്തിൽ ആക്കിയേക്കണം.
മുളകിന്റെ വേര് ഒരുപാടു ആഴങ്ങളിൽ പോകാറില്ല. ആയതിനാൽ നന്നായി കിളച്ചു കട്ടയുടച്ച് 2 കിലോ ചാണകപ്പൊടി യും അല്പം എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് (ട്രൈക്കോഡെർമ്മ ചേർത്ത്) അടിവളമായി നൽകണം.
ബാക്റ്റീരിയൽ വാട്ടം വരാൻ സാധ്യത വളരെ കൂടുതൽ ആയതിനാൽ കിളച്ചൊരുക്കുമ്പോൾ കുമ്മായം ചേർ്ത് മണ്ണിന്റെ pH 6-6.5ലേക്ക് കൊണ്ട് വരണം. മുൻപ് തക്കാളി, വഴുതന എന്നിവ കൃഷി ചെയ്ത്, ബാക്റ്റീരിയൽ വാട്ടം വന്നിട്ടുള്ള മണ്ണാണ് എങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.
ഇനം അനുസരിച്ചു അകലം ക്രമീകരിക്കാം.ഒരുപാട് ശിഖരങ്ങൾ പടരാത്ത ഇനങ്ങൾ 45cmx45cm എന്ന അകലത്തിലും വെള്ള കാന്താരി, ഉണ്ടമുളക് എന്നിവ 75cmx75cm,90cmx75cm അകലത്തിലും ഒക്കെ നടാം. അല്പം അകലത്തിൽ നടുന്നത് തന്നെയാണ് നല്ലത്.
നാലാഴ്ച പ്രായമുള്ള, പ്രോ ട്രേയിൽ വളർത്തിയ 5-6 ഇലകൾ ഉള്ള കരുത്തുള്ള തൈകളാണ് പറിച്ചു നടാൻ നല്ലത്.വൈകുന്നേരങ്ങളിൽ പറിച്ച് നടുക.
രണ്ടാഴ്ചയിൽ ഒരിക്കൽ സ്യൂഡോമോണസ് 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടം കുതിർക്കുക.ശിഖരങ്ങൾ കൂടുതൽ ഉണ്ടാകാൻ നട്ടു 30 ദിവസം കഴിയുമ്പോൾ വേണമെങ്കിൽ മണ്ട നുള്ളാം. പൊതുവേ, vസ്വാഭാവികമായി തന്നെ അവയ്ക്ക് ശിഖരങ്ങൾ വന്നുകൊള്ളും.
ശിഖരങ്ങൾ ആയി തുടങ്ങുമ്പോൾ വെള്ളീച്ചയെ തടയാൻ ഒരു തവണ Tag Jio Veg 1.5 ഗ്രാം ഒരു litre വെള്ളത്തിൽ 1ml Helper /Stanowet ചേർത്ത് തളിക്കുക.
ഇത് ഇലപ്പേൻ (Thrips ) വഴിയുള്ള ഇല കുരുടിപ്പ് തടയും. ഇത് വെള്ളീച്ചകളെയും നിയന്ത്രിക്കും. Tata mida, Actara, Tagxone, Pegasus എന്നിവയും ഫലപ്രദം തന്നെ.
ഇലകളെ അരിവാൾ പോലെ അടിയിലേക്ക് വളച്ച് കുരുടിപ്പിക്കുന്ന മണ്ഡരികൾ ആണ് ഏറ്റവും വലിയ ശല്യം. വികൃതമായ ഇലകൾ പൊട്ടിച്ച് തീയിൽ ഇടുക. പിന്നീട് വരുന്നവ ചിലപ്പോൾ ശരിയായിക്കോളും. ഇല്ലെങ്കിൽ Oberon 0.75ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒരു തവണ ആവശ്യമെങ്കിൽ തളിക്കുക.(വില വളരെ കൂടുതൽ ആണ് ) കീടം വരുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. വെള്ളത്തിൽ അലിയുന്ന ഗന്ധകപ്പൊടി (Wettable Sulphur, Sulfex) എന്നിവയും 3ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയുടെ അടിവശം കേന്ദ്രീകരിച്ചു സ്പ്രേ ചെയ്യാം.
ആഴ്ചയിൽ ഒരിക്കൽ ഒരു ചെറിയ വളപ്രയോഗം നടത്തണം. ബയോ സ്ലറി, വളച്ചായ, ജീവാമൃതം, 19:19:19 ചെറിയ അളവിൽ(5ഗ്രാം /L) എന്നിവ ഓരോ ആഴ്ചയും മാറി മാറി നൽകാം.
രണ്ടോ മൂന്നോ തവണ ചെറിയ അളവിൽ മണ്ണിൽ കുമ്മായം കൊത്തി ചേർത്ത് നൽകാം. മുട്ടത്തോട് മിക്സിയിൽ പൊടിച്ചു മണ്ണിൽ കൊത്തിചേർത്ത് കൊടുക്കാം.
സൂക്ഷ്മ മൂലക കുറവ് (Micro nutrient deficiency ) വരാതിരിക്കൻ സമ്പൂർണ മൾട്ടി മിക്സ്/വെജിറ്റബിൾ സെപ്ഷ്യൽ /മൈക്രോഫുഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകാം ഒന്നോ രണ്ടോ തവണ മണ്ണിലോ ഇലയിലോ നൽകണം.
മണ്ണിൽ വേണ്ടത്ര കാൽസ്യം ഇല്ലെങ്കിലും ഇലകളിൽ ചുളിവുകൾ വരാം.
നട്ടു 35-40 ദിവസം കഴിയുമ്പോൾ പൂവിടാൻ തുടങ്ങും. യഥാസമയം വിളവെടുത്ത് (ഇത് വളരെ പ്രധാനമാണ് ) കൂടുതൽ കായ്കൾ പിടിക്കാൻ ചെടിയെ പ്രേരിപ്പിക്കുക.
മിതമായ നന നൽകാൻ ശ്രദ്ധിക്കുക ഇല്ലെങ്കിൽ വേര് പെട്ടെന്ന് അഴുകും. വളം കൂടിയാലും അഴുകും.ചെടിയിൽ തട്ടാതെ ഉണങ്ങിയ കരിയിലകൾ കൊണ്ട് തടം പുതയിടുക.
അമിതമായ പൂ കൊഴിച്ചിൽ ഉണ്ടെങ്കിൽ Vipul, 2ml ഒരു litre വെള്ളത്തിൽ അല്ലെങ്കിൽ Planofix 2.2ml, 10ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. ഒന്നോ രണ്ടോ തവണ കായ്കൾ പറിച്ച് കഴിയുമ്പോൾ ഇളം ഇലകൾ വെളുത്തുവരുന്നത് കണ്ടിട്ടുണ്ട്.അങ്ങനെ വരാതിരിക്കാൻ തുടക്കം മുതൽ തന്നെ രണ്ടാഴ്ചയിൽ ഒരിക്കൽ Calcium nitrate 5ഗ്രാം /L സ്പ്രേ ചെയ്യാം. അല്പം Magnesium sulphate ഒന്നോ രണ്ടോ തവണ മണ്ണിൽ ചേർക്കുന്നതും നന്ന്.
ഭേദമാക്കാൻ കഴിയാത്ത കേടുള്ള ചെടികൾ യഥാസമയം പറിച്ചു മാറ്റി കത്തിച്ച് കളയുക.
ഉണങ്ങി വീഴുന്ന ഇലകൾ പെറുക്കി മാറ്റുക. ഇലയിൽ പുള്ളി രോഗം വരുന്നു എങ്കിൽ Zinthane /Indofil 3ഗ്രാം ഒരു litre വെള്ളത്തിൽ 1ml Helper/Stanowet (പശ ) ചേർത്ത് തളിക്കുക.
അപ്പോൾ പറഞ്ഞ പോലെ..പ്രോ ട്രേ യിൽ തൈകൾ ഉണ്ടാക്കാൻ തുടങ്ങാം.
മെയ് മാസത്തിൽ പറിച്ച് നട്ടാൽ ഓണത്തിന് മുളക് വിൽക്കുകയും ചെയ്യാം. നന്നായി പരിപാലിച്ചാൽ എട്ടുമാസം മുതൽ ഒരു കൊല്ലം വരെ മുളക് പറിയ്ക്കാം.
പ്രമോദ് മാധവൻ
കൃഷി അസിസ്റ്റന്റ് ഡയറക്ടർ ,ആലപ്പുഴ
Discussion about this post