വീട്ടിൽ ഇരിക്കുന്ന സമയം കൃഷിക്ക് വേണ്ടി ഉപയോഗിക്കാൻ പ്രോത്സാഹനം നൽകി അഗ്രി ടിവി തുടങ്ങിയ വീട്ടിലിരിക്കാം …. വിളയൊരുക്കാം എന്ന ക്യാമ്പയിനിന്റെ ഭാഗമായി മുളക് എങ്ങനെ കൃഷി ചെയ്യാം എന്ന് നോക്കാം.
പച്ചക്കറി വിളകളിലെ പ്രധാനിയാണ് മുളക്. ധാരാളം പോഷകഗുണമുള്ള മുളകിൽ വൈറ്റമിൻ എ, സി, ഇരുമ്പ്, ക്യാപ്സൈസിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഉണക്കമുളകിനെന്നപോലെ പച്ച മുളകിനും കേരളത്തിൽ ഏറെ പ്രിയമുണ്ട്. മുളകിനമായ കാന്താരി കേരളത്തിന്റെ തനത് വിളയാണ്.
വേനൽക്കാലത്ത് വൈറസ് രോഗങ്ങളുടെ കാഠിന്യം കൂടുതലായിരിക്കും. ക്യാപ്സിക്കം എന്ന ഇനം വളർത്തേണ്ടത് മഞ്ഞു കാലത്താണ്. കാന്താരി നടാൻ യോജിച്ചത് മഴക്കാലമാണ്.
നഴ്സറികളിൽ വിത്തുപാകി തൈ പറിച്ചുനട്ടാണ് മുളക് കൃഷി ചെയ്യുന്നത്. തവാരണകളിലോ പ്രോട്രേകളിലോ വിത്ത് പാകാം. തുടക്കത്തിലെ തൈ ചീയൽ ഒഴിവാക്കാനായി 10 കിലോഗ്രാം അഴുകി ഉണക്കിയ കാലി വളത്തോടൊപ്പം ഒരു കിലോ ഗ്രാം വേപ്പിൻ പിണ്ണാക്കും 100 ഗ്രാം ട്രൈക്കോഡർമ്മയും ചേർത്ത് നന്നായി ഇളക്കണം. ഈ മിശ്രിതം ചെറുതായി നനച്ചശേഷം തണലിൽ രണ്ടാഴ്ച സൂക്ഷിക്കണം. ഇതിനോടൊപ്പം 100 ഗ്രാം പി ജി പി ആർ മിക്സ് വൺ കൂടി ചേർത്ത് തവാരണകളിൽ ഉപയോഗിക്കാം. പ്രോട്രേയിൽ ചകിരിച്ചോർ കമ്പോസ്റ്റിനോടൊപ്പം ട്രൈക്കോഡർമ ചേർത്ത് ഉപയോഗിച്ചാൽ ചീയൽ ശല്യം കുറയ്ക്കാം. പാകുന്നതിന് മുൻപ് 20 ഗ്രാം സ്യൂഡോമോണസ് ഫ്ളൂറസൻസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ വിത്ത് മുക്കി വയ്ക്കുന്നത് നല്ലതാണ്. ഒരു മാസം പ്രായമായ തൈകളാണ് പറിച്ചു നടേണ്ടത്. പറിച്ചു നടുന്നതിന് മുൻപേ 10 ശതമാനം വീര്യമുള്ള സ്യൂഡോമോണാസ് ഫ്ളൂറസൻസ് ലായനിയിൽ 5 മിനിറ്റ് മുക്കിവെച്ച ശേഷം നടാം.
തൈകൾ പറിച്ചു നടുന്നതിന് രണ്ടാഴ്ച മുൻപ് കുമ്മായം ചേർത്ത് മണ്ണിന്റെ പുളിരസം ക്രമപ്പെടുത്താം. ഒരു സെന്റിന് ഒരു കിലോ മുതൽ 3 കിലോ വരെ കുമ്മായം വേണ്ടി വരും. മണ്ണ് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ വേണം കുമ്മായം ചേർക്കാൻ. അടിവളമായി സെന്റിന് 100 കിലോഗ്രാം എന്ന തോതിൽ ജൈവവളം മണ്ണിൽ ചേർക്കണം. രണ്ടടി അകലത്തിൽ ചാലുകൾ എടുത്ത് തൈകൾ നടാം. ചെടികൾക്കിടയിലും രണ്ടടി അകലം പാലിക്കാൻ ശ്രദ്ധിക്കാം. വീട്ടിലേക്കുള്ള ആവശ്യത്തിനായി ഗ്രോബാഗുകളിലും പച്ചമുളക് നടാം.
10 ദിവസം ഇടവിട്ട് മേൽ വളം നൽകുന്നത് വളരെ നല്ലതാണ്. പച്ച ചാണക ലായനി അല്ലെങ്കിൽ ബയോഗ്യാസ് സ്ലറി (ഒരു കിലോഗ്രാം 10 ലിറ്ററിൽ ലയിപ്പിച്ചത്), മണ്ണിരകമ്പോസ്റ്റ്, കോഴിവളം, ആട്ടിന്കാഷ്ഠം, ഒരു കിലോഗ്രാം കടലപ്പിണ്ണാക്ക് 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത് എന്നിവയിലേതെങ്കിലുമൊന്ന് ലഭ്യതയനുസരിച്ച് മണ്ണിൽ ചേർക്കാം.
ഗ്രോബാഗിലെ മുളക് കൃഷി
ഗ്രോബാഗിൽ കൃഷി ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നടീൽ മിശ്രിതത്തിന്റെ അനുപാതമാണ്. മേൽമണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് വേണം നടീൽ മിശ്രിതം തയ്യാറാക്കാൻ. പിന്നീട് ഈ മിശ്രിതം ഗ്രോ ബാഗിന്റെ മുക്കാൽഭാഗത്തോളം നിറയ്ക്കാം. ഒരു ഗ്രോബാഗിൽ 100 ഗ്രാം എല്ലുപൊടി, 100 ഗ്രാം വേപ്പിൻപിണ്ണാക്ക്, 100 ഗ്രാം ചാരം എന്നിവ ചേർക്കണം. ഇങ്ങനെ തയ്യാറാക്കിയ ഗ്രോബാഗുകളിൽ, 10 ദിവസത്തിനുശേഷം കള നീക്കി തൈകൾ പറിച്ചുനടാം. മിതമായ രീതിയിൽ മാത്രം നനയ്ക്കാൻ ശ്രദ്ധിക്കണം. മേൽവളമായി ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടി, ഒരു ഭാഗം എല്ലുപൊടി, ഒരു ഭാഗം മണ്ണിരകമ്പോസ്റ്റ്, ഒരു ഭാഗം ചാരം, അരഭാഗം കടലപിണ്ണാക്ക്, അരഭാഗം വേപ്പിൻ പിണ്ണാക്ക് എന്നിവ കൂട്ടിക്കലർത്തി ഒരു ചിരട്ട വീതം ആഴ്ചയിലൊരിക്കൽ തടത്തിൽ ചേർത്തു കൊടുക്കുന്നത് നല്ല വിളവ് നൽകാൻ സഹായിക്കും.
ചെടികൾക്ക് താങ്ങു നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ജലസേചനം അമിതമാകരുത്.
രോഗ കീട നിയന്ത്രണ മാർഗങ്ങൾ
നഴ്സറികളിലെ പ്രധാനപ്രശ്നം തൈ ചീയലാണ്. വിത്തുകൾ മുളച്ചു പൊങ്ങുന്നതിനു മുൻപ് തന്നെ മണ്ണിൽ വച്ച് ചീഞ്ഞ് അഴുകി നശിക്കുകയോ, മുളച്ചു പൊങ്ങിയ തൈകൾ കട ഭാഗത്ത് നനഞ്ഞ് പാടുകൾ ഉണ്ടായി മഞ്ഞളിപ്പ് ബാധിച്ച് അഴുകി വീഴുകയോ വാടി ഉണങ്ങുകയോ ചെയ്യുന്നത് കാണാം. മഴക്കാലങ്ങളിലും നഴ്സറികളിൽ നീർവാർച്ച കുറയുമ്പോഴും ഈ രോഗം കൂടുതലായി കാണപ്പെടുന്നു. രോഗത്തെ ചെറുക്കാനായി നഴ്സറികളിൽ നീർവാർച്ച സൗകര്യം ഉറപ്പുവരുത്തണം. രണ്ടടി ഉയരത്തിൽ ബെഡ്ഡുകൾ എടുത്തു വേണം വിത്ത് പാകാൻ. തൈകൾ കൂട്ടംകൂട്ടമായി വളരാൻ അനുവദിക്കരുത്. ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം ചേർത്ത് കൊടുക്കുന്നത് രോഗത്തെ ചെറുക്കാൻ സഹായിക്കും. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തൈകൾക്ക് ചുറ്റും ഒഴിച്ചു കൊടുക്കുകയും തൈകളിൽ തളിച്ചു കൊടുക്കുകയും ചെയ്യാം. രോഗംബാധിച്ച തൈകൾ ഉടൻ പിഴുതു നശിപ്പിക്കണം.
മുളകിന് വരുന്ന മറ്റൊരു പ്രധാന രോഗമാണ് ബാക്ടീരിയൽ വാട്ടം. രോഗ ബാധ മൂലം ചെടികൾ വാടുകയും മുരടിക്കുകയും ഇലകൾ മഞ്ഞളിച്ച് തൂങ്ങുകയും കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. തണ്ട് പിളർന്നു നോക്കിയാൽ ഉൾഭാഗം കടും തവിട്ടു നിറത്തിലോ കറുത്ത നിറത്തിലോ കാണാം. രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക എന്നതാണ് പരിഹാരം. ഉജ്ജ്വല, അനുഗ്രഹ, വെള്ളക്കാന്താരി എന്നിവ പ്രതിരോധശേഷിയുള്ള ഇനങ്ങളാണ്. ഒരു സ്ഥലത്ത് തുടർച്ചയായി മുളക് കൃഷി ചെയ്യുന്നത് ഒഴിവാക്കാം. രോഗബാധ കൂടുതലായി കണ്ടുവരുന്ന തോട്ടങ്ങളിൽ ഒരു സെന്റിന് 60 ഗ്രാം എന്ന തോതിൽ ബ്ലീച്ചിംഗ് പൗഡർ ചേർത്ത് കൊടുക്കുന്നത് നല്ലതാണ്. നിലമൊരുക്കുന്ന സമയത്താണ് ബ്ലീച്ചിംഗ് പൗഡർ ചേർക്കേണ്ടത്. തൈ നടുന്നതിന് ഒരാഴ്ച മുൻപ് ഒരു ശതമാനം ബോർഡോ മിശ്രിതം ഉപയോഗിച്ച് തടങ്ങൾ നനച്ചുകൊടുക്കണം. തൈകൾ നട്ടതിനുശേഷം സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ തെളിഞ്ഞ ചാണക ലായനിയിൽ കലക്കി തടത്തിൽ ഒഴിച്ചു കൊടുക്കുന്നതും ചെടികളിൽ തളിക്കുന്നതും ഈ രോഗത്തെ ഒഴിവാക്കാൻ സഹായിക്കും.
20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ സ്യൂഡോമോണാസ്, ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം എന്നിവ തളിക്കുന്നത് വഴി ആന്ത്രാക്നോസ്, കായചീയൽ, ഇലകരിച്ചിൽ, തണ്ട് കരിച്ചിൽ എന്നിങ്ങനെ പലതരം കുമിൾ രോഗങ്ങൾക്ക് പ്രതിവിധിയാണ്.
കായും തണ്ടും തുരക്കുന്ന പുഴുക്കളെ തടയാൻ ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് വേപ്പിൻകുരു സത്ത്.വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം, ഗോമൂത്രം- കാന്താരി മുളക് മിശ്രിതം, കിരിയാത്ത് -സോപ്പ് മിശ്രിതം എന്നിവയിലേതെങ്കിലും രണ്ടാഴ്ച ഇടവിട്ട് തളിച്ചുകൊടുക്കുന്നത് പലതരം കീടങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
Discussion about this post