ഈ വർഷത്തെ സംസ്ഥാനതല കർഷക ദിനാഘോഷം ഉദ്ഘാടനവും കർഷക അവാർഡ് വിതരണവും കൃഷിവകുപ്പിന്റെ കാർഷിക സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ കതിർ ആപ്പിന്റെ ലോഞ്ചും ചിങ്ങം ഒന്ന് ആഗസ്റ്റ് 17 ന് ശനിയാഴ്ച വൈകിട്ട് 3 ന് ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കർഷകദിനാഘോഷം ഉദ്ഘാടന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും.
കാലാവസ്ഥാ വ്യതിയാനം മൂലവും പ്രകൃതി ദുരന്തങ്ങളാലും സമാനതകളില്ലാത്ത പ്രതികൂല സാഹചര്യത്തിൽ കൂടിയാണ് കാർഷിക കേരളം മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തെയാകെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടൽ പോലുള്ള പ്രതിസന്ധിഘട്ടത്തിലും കാർഷികമേഖലയെ ചലനാത്മകമാക്കുന്നത് പാടത്തും പറമ്പിലും പകലന്തിയോളം പണിയെടുക്കുന്ന കർഷകരാണ്. കൃഷിക്കാരെയും കർഷക തൊഴിലാളികളെയും ആദരിച്ചുകൊണ്ട് ഈ വർഷത്തെ കർഷകദിനം വിളംബര ഘോഷയാത്ര, കലാപരിപാടികൾ തുടങ്ങിയ ആഘോഷ പരിപാടികളൊന്നുമില്ലാതെ ലളിതമായ ചടങ്ങുകളോടുകൂടിയാണ് ആചരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
Discussion about this post