ശീതകാല കിഴങ്ങുവർഗ പച്ചക്കറി വിളയായ ക്യാരറ്റ് കേരളത്തിലെ സമതല പ്രദേശങ്ങളിൽ മഞ്ഞുകാലത്ത് കൃഷി ചെയ്യാം. ഒക്ടോബർ മുതൽ ജനുവരി വരെയാണ് കൃഷി ചെയ്യേണ്ടത്. സമതല പ്രദേശങ്ങളിൽ നല്ല വിളവ് നൽകുന്ന ഇനങ്ങളാണ് പൂസ കേസർ, പൂസ രുധിര, പൂസ അസിത, പൂസ വൃഷ്ടി എന്നിവ. രണ്ടര മാസം മുതൽ മൂന്ന് മാസം കൊണ്ട് മൂപ്പെത്തുന്ന ഇനമാണ് പൂസ് രുധിര.
നല്ല വളക്കൂറുള്ള നന്നായി പൊടിഞ്ഞ മണ്ണാണ് കൃഷി ചെയ്യാൻ ഉത്തമം. കൃഷി ആരംഭിക്കുന്നതിനുമുൻപ് മണ്ണിൽ അഴുകാതെ കിടക്കുന്ന ജൈവഅവശിഷ്ടങ്ങൾ നീക്കം ചെയ്യണം. ഒരു സെന്റിന് 100 കിലോ ജൈവവളമാണ് അടിവളമായി ആവശ്യം.
തടങ്ങളിലോ പ്ലാസ്റ്റിക് കവറിലോ ഗ്രോബാഗിലോ വിത്ത് പാകാം. മണലുമായി ചേർത്താണ് വിത്തുകൾ പാകേണ്ടത്. തയ്യാർ ചെയ്ത ബെഡ്ഡുകളിൽ 5 സെന്റിമീറ്റർ ആഴത്തിൽ ചാലുകളെടുത്ത് വിത്തുകൾ വിതയ്ക്കാം. ഒരു സെന്റിന് 30 ഗ്രാം വിത്ത് വേണ്ടിവരും.3 ആഴ്ച കഴിയുമ്പോൾ അധികമുള്ള തൈകൾ പറിച്ചുമാറ്റി ചെടികൾ തമ്മിലുള്ള അകലം ഏതാണ്ട് 10 സെന്റീമീറ്റർ ആക്കണം. കിഴങ്ങുകളുടെ ആരോഗ്യപൂർണമായ വളർച്ചയ്ക്ക് മണ്ണിൽ ജൈവാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. വളർന്നുവരുന്നത് അനുസരിച്ച് ചുവട്ടിൽ മണ്ണ് കയറ്റി കൊടുക്കണം. അമിതമായി ജലസേചനം നൽകാതിരിക്കാൻ ശ്രദ്ധിക്കണം മൂന്നു നാല് ദിവസത്തെ ഇടവേളകളിൽ വെള്ളമൊഴിക്കുന്നതാണ് നല്ലത്. ചാലിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. മൂപ്പെത്തിക്കഴിഞ്ഞാൽ അധികം നനക്കരുത്.
70 മുതൽ 80 ദിവസത്തിനുള്ളിൽ കിഴങ്ങുകൾ പൂർണ വളർച്ചയെത്തും. വിളവെടുക്കുന്നതിന് മുൻപ് നന്നായി നനച്ചു കൊടുക്കുന്നത് നല്ലതാണ്.
രോഗകീടനിയന്ത്രണം
ഇല കരിച്ചിൽ രോഗം അകറ്റാനായി സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ തെളിഞ്ഞ ചാണക ലായനിയിൽ കലക്കി ചെടികളിൽ തളിക്കുകയും ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യാം. ട്രൈക്കോഡർമ എന്ന മിത്രകുമിൾ വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവയിൽ സമ്പുഷ്ടീകരിച്ച മിശ്രിതം മണ്ണിൽ ചേർത്ത് കൊടുക്കുന്നത് മണ്ണിൽ നിന്നും പകരുന്ന പലതരം രോഗങ്ങളെയും വേരിനെ ബാധിക്കുന്ന നിമാവിരകളെയും ചെറുക്കാൻ സഹായിക്കും. തവാരണകളിൽ വേപ്പിൻപിണ്ണാക്ക് 10 കിലോ ഒരു സെന്റിന് എന്ന തോതിൽ ചേർത്ത ശേഷം ഒരാഴ്ച കഴിഞ്ഞ് വിത്ത് പാകുന്നതും നിമാവിരകളിൽ നിന്ന് വിളയെ സംരക്ഷിക്കും. ഇടവിളയായി ശതാവരി, ബന്ദി എന്നീ സസ്യങ്ങൾ കൃഷി ചെയ്യുന്നതും നല്ലതാണ്.
വേപ്പിൻകുരു സത്ത്, വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം എന്നിവ രണ്ടാഴ്ചയിലൊരിക്കൽ തളിച്ച് കൊടുക്കുന്നത് പലതരം കീടങ്ങളെ അകറ്റും.
Discussion about this post