ശീതകാല വിളകളായ കാബേജ്, കോളിഫ്ലവർ എന്നിവയെ ബാധിക്കുന്ന രോഗങ്ങളും അവയുടെ ജൈവ നിയന്ത്രണമാർഗങ്ങളും പരിചയപ്പെടാം
വേരു വീക്കം
കാബേജ്, കോളിഫ്ലവർ എന്നിവ സ്ഥിരമായി കൃഷി ചെയ്യുന്ന സ്ഥലങ്ങളിലാണ് വേരു വീക്കം എന്ന കുമിൾ രോഗം രോഗം കാണുന്നത്. വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ സാധാരണയായി ഈ രോഗം കണ്ടു വരുന്നു. പകൽസമയത്ത് ചെടികൾ വാടി നിൽക്കുന്നതാണ് രോഗത്തിന്റെ ലക്ഷണം. രാത്രികാലത്ത് പൂർവസ്ഥിതിയിലാവുകയും ചെയ്യും. വേരുകൾ അസാധാരണമാംവിധം വീർത്തിരിക്കുന്നത് കാണാം. ഇതുമൂലം ചെടികൾക്ക് വെള്ളവും വളവും വലിച്ചെടുക്കാൻ സാധിക്കാതെ വരും. കുറച്ചുനാളുകൾക്ക് ശേഷം ചെടി ഉണങ്ങി പോകും.
കരിംകാല് രോഗം
ചെടിയുടെ ചുവട് ഭാഗത്തുനിന്ന് വേരുകളിലേക്കും തണ്ടിലേക്കും വ്യാപിക്കുന്ന കുമിൾ രോഗമാണിത്. കറുത്ത് അഴുകിയ പാടുകളായിട്ടാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ചെടിയുടെ ചുവടുഭാഗം ഉണങ്ങി ചെടി നശിച്ചുപോകും.
ഇലകരിച്ചിൽ
ഇലകരിച്ചിൽ മറ്റൊരു കുമിൾ രോഗമാണ്. ചെറിയ പൊട്ടുകൾ പോലുള്ള പാടുകൾ പ്രത്യക്ഷപ്പെട്ട് പിന്നീട് അവ വ്യാപിച്ച് ഇലകൾ കരിഞ്ഞു പോകുന്നത് കാണാം.
നിയന്ത്രണ മാർഗങ്ങൾ
ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ചാണകം ഉപയോഗിക്കുന്നത് മണ്ണിലൂടെ പകരുന്ന പല രോഗങ്ങളെയും തടയാൻ സഹായിക്കും.
ഒരു സെന്റിൽ ഒന്നു മുതൽ രണ്ട് കിലോഗ്രാം എന്ന തോതിൽ കുമ്മായം ചേർത്ത് രണ്ടാഴ്ചയ്ക്കുശേഷം കൃഷി ആരംഭിക്കാം
സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി രണ്ടാഴ്ചയിലൊരിക്കൽ ചെടികളിൽ തളിച്ചു കൊടുക്കാം.
ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവ വളം എങ്ങനെ നിർമിക്കാം?
ട്രൈക്കോഡർമ സമ്പുഷ്ടീകരണത്തിനായി തണലുള്ള പ്രദേശമോ ഷെഡ്ഡോ തിരഞ്ഞെടുക്കാവുന്നതാണ്. രണ്ട് കിലോഗ്രാം ട്രൈക്കോഡർമ 90 കിലോ ഗ്രാം ഉണങ്ങിയ ചാണകപ്പൊടിയും 10 കിലോഗ്രാം വേപ്പിൻ പിണ്ണാക്കുമായി ചേർത്തിളക്കണം. ശേഷം ഈ മിശ്രിതം ഒരടി ഉയരമുള്ള കൂനകളായി നിരത്തണം . 40 ശതമാനം ജലാംശം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. എല്ലാദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും നല്ലതുപോലെ ഇളക്കി ചെറിയ തോതിൽ വെള്ളം തളിച്ച് കൊടുക്കുന്നത് ജലാംശം നിലനിർത്തുന്നതിന് സഹായിക്കും. ശേഷം കൂനയുടെ മുകളിൽ നനഞ്ഞ ചാക്ക് വിരിച്ച് മൂടി വയ്ക്കണം. ഒരാഴ്ച കഴിയുമ്പോൾ മിശ്രിതത്തിൽ ട്രൈക്കോഡെർമയുടെ വെള്ള പൂപ്പലും പച്ച രേണുക്കളും കൊണ്ട് നിറഞ്ഞിരിക്കും. ഈ മിശ്രിതം ആവശ്യാനുസരണം മണ്ണിലോ തടങ്ങളിലോ ചേർത്തുകൊടുക്കണം. കൂടുതൽ ഉണങ്ങിയതും വെള്ളം കെട്ടി നിൽക്കുന്നതുമായ മണ്ണിൽ മിശ്രിതം ഉപയോഗിക്കാൻ പാടില്ല. ട്രൈക്കോഡർമ ചേർത്തതിനുശേഷം ഒരു മാസം വരെ രാസവളപ്രയോഗം ഒന്നുംതന്നെ നടത്താൻ പാടില്ല. രോഗം വരാതിരിക്കാൻ ആണ് ഈ മാർഗ്ഗം സ്വീകരിക്കേണ്ടത്. അഞ്ചു മുതൽ ആറു മാസത്തിനുള്ളിൽ ഈ മിശ്രിതം ഉപയോഗിക്കണം.
Discussion about this post