കുരുമുളക് ചെടിയുടെ പാര്‍ശ്വ ശാഖകള്‍ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളക് ചെടികള്‍ ഉണ്ടാക്കുന്നത്. സാധാരണയായി താങ്ങുകാലുകളില്‍ പറ്റിപ്പിടിച്ച് മുകളിലോട്ട് വളരുന്ന കുരുമുളക് ചെടിയുടെ സ്വഭാവം ഇത്തരത്തില്‍ ഉണ്ടാക്കിയെടുക്കുന്ന കുറ്റിക്കുരുമുളക് ചെടികള്‍ക്ക് ഉണ്ടാകില്ല. ഇവ നിലത്തോ പോളിബാഗിലോ ചട്ടിയിലോ കുറ്റിച്ചെടി പോലെ വളര്‍ത്താവുന്നതാണ്.
കുറ്റിക്കുരുമുളക് ഉണ്ടാക്കുന്നതിനുള്ള പാര്‍ശ്വ ശാഖകള്‍ തീരെ മൂപ്പ് കൂടിയതോ തീരെ ഇളയതോ ആകാന്‍ പാടുള്ളതല്ല. മധ്യപ്രായമുള്ള, പച്ചനിറം മാറാത്ത പാര്‍ശ്വശാഖകളാണ് ഇവയ്ക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്. മെയ്-ജൂണ്‍ മാസങ്ങളിലാണ് കുറ്റിക്കുരുമുളകിനായി പാര്‍ശ്വശാഖകള്‍ ശേഖരിക്കേണ്ടത്. ഇവ നാല്-അഞ്ച് മൊട്ടുള്ള കഷ്ണങ്ങളായി മുറിച്ചെടുത്തതിന് ശേഷം ചുവടുഭാഗം 1000 പിപിഎം ഇന്‍ഡോള്‍ ബ്യുട്രിക് ആസിഡ് അഥവാ ഐബിഎ ലായനിയില്‍ 45 സെക്കന്റ് മുക്കിയ ശേഷം നടുന്നത് വേരുപിടിക്കാന്‍ വളരെ ഗുണകരമാണ്.
1000 പിപിഎം ഐബിഎ ലായനി ഉണ്ടാക്കുന്നതിനായി 1 ഗ്രാം ഐബിഎ 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി പാകമാക്കാം.
വേര് പിടിച്ച് വളര്‍ന്നുകഴിഞ്ഞ കുറ്റിക്കുരുമുളകിന് 15 ഗ്രാം കടലപ്പിണ്ണാക്ക്, 30 ഗ്രാം വേപ്പിന്‍പിണ്ണാക്കും ഒരാഴ്ച ഇടവിട്ട് നല്‍കുന്നത് വളര്‍ച്ചയ്ക്ക് നല്ലതാണ്. വീട്ടാവശ്യങ്ങള്‍ക്കല്ലാതെ വാണിജ്യപരമായി കുറ്റിക്കുരുമുളക് കൃഷി ചെയ്യുമ്പോള്‍ 2 ഗ്രാം യൂറിയ, 2.5 ഗ്രാം ഫോസ്ഫറസ്, 4 ഗ്രാം പൊട്ടാഷ് എന്നിവ രണ്ട് മാസം ഇടവിട്ട് നല്‍കുന്നത് നല്ല വിളവ് നല്‍കാന്‍ സഹായിക്കും.
തൈകള്‍ ഭാഗികമായി തണല്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ വെക്കുന്നതാണ് അഭികാമ്യം. അതുപോലെ നീണ്ടുവരുന്ന തണ്ടുകള്‍ സമയാസമയങ്ങളില്‍ മുറിച്ച് കുറ്റിയായി നിര്‍ത്താന്‍ ശ്രദ്ധിക്കണം. രണ്ട് വര്‍ഷം കൂടുമ്പോള്‍ ചട്ടിമാറ്റി കൊടുക്കേണ്ടതാണ്. 3 വര്‍ഷം പ്രായമായ കുറ്റിക്കുരുമുളക് ചെടിയില്‍ നിന്ന് ഏകദേശം 1 കിലോ പച്ചകുരുമുളക് പറിക്കാവുന്നതാണ്.
കൃത്യമായ പരിപാലനം നല്‍കുകയാണെങ്കില്‍ 10 മുതല്‍ 15 വര്‍ഷം വരെ ഇവയില്‍ നിന്ന് വിളവെടുക്കാന്‍ സാധിക്കും.
വിവരങ്ങള്‍ക്ക് കടപ്പാട്: ഐറിന സി.കെ.
അസിസ്റ്റന്റ് പ്രൊഫസര്‍(ഹോര്‍ട്ടികള്‍ച്ചര്‍)
കുരുമുളക് ഗവേഷണ കേന്ദ്രം
പന്നിയൂര്‍
ഫോണ്‍: 0460 2227287
Discussion about this post