താമരപൂ ഇഷ്മില്ലാത്തവരുണ്ടാകില്ല. പക്ഷെ ഇതൊക്കെ വീട്ടില്‍ വളര്‍ത്തുന്നത് എളുപ്പമാണോ എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഒന്ന് ശ്രദ്ധിച്ചാല്‍ മനോഹരമായ താമര പൂക്കള്‍ നമ്മുടെ വീടുകള്‍ക്ക് മുന്നില്‍ അലങ്കാരമായി വിരിഞ്ഞുനില്‍ക്കും. വെറുതെ കാണാന്‍ മാത്രമല്ല, വാണിജ്യാടിസ്ഥാനത്തിലും താമര വളര്‍ത്താം.
കുറഞ്ഞ സ്ഥലമുള്ളവര്‍ക്കും മറ്റും സൗകര്യപൂര്‍വം വളര്‍ത്താന്‍ കഴിയുന്നതാണ് ബൗള്‍ താമരകള്‍. ബൗള്‍ താമരയ്ക്ക് വിത്തല്ല,ട്യൂബര്‍ ആണ് നടാന്‍ നല്ലത്. ബൗള്‍ ലോട്ടസിന്റെ പൂവുണ്ടായി കഴിഞ്ഞ് കൊഴിഞ്ഞു കഴിഞ്ഞാല്‍ ഇലയും ഉണങ്ങിത്തുടങ്ങും. ആ സമയത്ത് ചെടി പുറത്തെടുക്കുമ്പോള്‍ തണ്ടുകളും ട്യൂബറും കാണാം. ഇത് അടര്‍ത്തിയെടുത്തിട്ടാണ് നടേണ്ടത്.
നടേണ്ട വിധം
വലിയൊരു പ്ലാസ്റ്റിക് പാത്രത്തില്‍ എല്ലുപൊടി ആദ്യം ഇട്ടുകൊടുക്കുക. എല്ലുപൊടി ഇടണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ എല്ലുപൊടി ഇട്ടുകൊടുത്താല്‍ പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് സഹായിക്കും. നന്നായി ഉണക്കിപ്പൊടിച്ച ചാണകം അതിലേക്ക് ഇട്ടുകൊടുക്കുക. ചാണകമൊന്ന് ലെവല്‍ ചെയ്തുകൊടുത്ത ശേഷം കുറച്ച് മണ്ണോ പാടത്തെ ചെളിയോ ഇട്ടുകൊടുക്കാം. മണ്ണിലേക്ക് ട്യൂബര്‍ നടുക. ട്യൂബറിന്റെ ബള്‍ബ് പോലിരിക്കുന്ന ഭാഗം മുഴുവന്‍ മണ്ണിനടിയില്‍ വരാന്‍ ശ്രദ്ധിക്കണം. മുകുളങ്ങളെല്ലാം മണ്ണിന് മുകളിലുമായിരിക്കണം.തുടര്‍ന്ന് വെള്ളം നിറയ്ക്കുക.
മുകുളങ്ങളും ഇലയുമെല്ലാം മുകളിലേക്ക് വരുന്നതിനനുസരിച്ചാണ് വെള്ളത്തിന്റെ അളവ് കൂട്ടേണ്ടത്. ചാണകപ്പൊടി, പിണ്ണാക്ക് പൊടി, എന്‍പികെ(ഒരു സ്പൂണില്‍ കൂടുതല്‍ കൊടുക്കരുത്) എന്നിവ വളമായി കൊടുക്കാം. ചാണകപ്പൊടിയും പിണ്ണാക്ക് പൊടിയുമെല്ലാം ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞ് ചെളിയുടെ താഴെ വെച്ചുകൊടുത്താല്‍ മതി. നേരിട്ട് വളം വിതറിക്കൊടുക്കാന്‍ പാടില്ല.
Discussion about this post