ബോറോൺ അഭാവത്തിന്റെ ആദ്യലക്ഷണം പ്രകടമാകുന്നത് പുതിയ ഇലകളിലാണ്. ഇലകളുടെ മിനുസവും തിളക്കവും നഷ്ടപ്പെട്ട് കട്ടിയുള്ളതാകുകയും ഇലയുടെ ഞരമ്പുകൾക്ക് കട്ടി കൂടുകയും ചെയ്യും. എന്നാൽ മാവിലെ ബോറോൺ അപര്യാപ്തതയുടെ ലക്ഷണം വ്യക്തമായി മനസ്സിലാകുന്നത് കായകളിലാണ്. മാങ്ങകൾ വെടിച്ചു കീറുന്നതും ബ്രൗൺ നിറമാകുന്നതുമാണ് പ്രധാന ലക്ഷണം. മാങ്ങയുടെ ഉൾഭാഗം കട്ടികുറഞ്ഞ് വെള്ളം പോലെയാകുന്നതും കാണാം.
വരണ്ട മണ്ണിലാണ് ബോറോൺ അപര്യാപ്തത സാധാരണയായി കാണാറുള്ളത്. മണ്ണിൽ ഫോസ്ഫറസിന്റെ അളവ് വർധിക്കുന്നതും മറ്റൊരു കാരണമാണ്. 5.5 നും 7.5 നും ഇടയിൽ അമ്ലതയുള്ള മണ്ണിൽ നിന്ന് മാത്രമേ ബോറോൺ എന്ന മൂലകം ചെടികൾക്ക് ലഭ്യമാവുകയുള്ളൂ. അതിനാൽ മണ്ണ് പരിശോധിച്ച് മൂലകങ്ങളുടെയും അമ്ലതയുടെയും അളവ് തിരിച്ചറിയണം. ശേഷം കൃത്യമായ അളവിൽ കുമ്മായം ചേർത്ത് അമ്ലത ക്രമീകരിക്കാം.
മണ്ണിലെ ബോറോൺ അപര്യാപ്തത പരിഹരിക്കാനായി ഒരു മൂടിന് 80 ഗ്രാം അല്ലെങ്കിൽ ഒരു ഏക്കറിന് നാലു കിലോഗ്രാം എന്ന തോതിലാണ് ബോറാക്സ് ചേർത്ത് കൊടുക്കേണ്ടത്. പുഷ്പിക്കുന്ന സമയത്താണ് ഇത് ചെയ്യേണ്ടത്. വളരെ പെട്ടെന്ന് ഫലം ലഭിക്കുന്നതിന് ഒരു ഗ്രാം ബോറാക്സ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിച്ച് കൊടുക്കുകയുമാവാം. പത്ര പോഷണം നൽകാൻ ഏറ്റവും നല്ല സമയം പുലർച്ചെയാണ്. മാവ് പൂക്കുന്നതിന് തൊട്ടുമുൻപ് നൽകുന്നതാണ് ഉത്തമം. അമിത തോതിൽ ഉപയോഗിക്കുന്നത് പാർശ്വഫലങ്ങളുണ്ടാക്കും. അതിനാൽ കൃത്യമായ അളവിൽ തന്നെ ബോറാക്സ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ബോറാക്സിനൊപ്പം മറ്റ് വളങ്ങൾ നൽകുന്നത് ഒഴിവാക്കാം. പ്രത്യേകിച്ച് അമോണിയ അടങ്ങിയവ.
Discussion about this post