വീണ്ടുമൊരു ഓണക്കാലം കൂടിയെത്തി. അത്തം മുതല്‍ പത്ത് ദിവസവും പൂക്കളൊരുക്കിയിരിക്കും സദ്യയൊരുക്കിയും ആഘോഷങ്ങളെല്ലാമായുള്ള ഓണത്തിന് കോവിഡ് വെല്ലുവിളിയാണെങ്കിലും മലയാളികള്‍ കഴിയുന്ന പോലെ ഓണമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. അത്തം തുടങ്ങിയതോടെ വീടുകള്‍ക്ക് മുന്നില്‍ പൂക്കളങ്ങളും നിറഞ്ഞു. പറമ്പിലും തൊടിയിലും നടന്നു പൂ പറിച്ചിരുന്ന കാലത്ത് നിന്ന് ഇന്ന് ഒരുപാട് മാറ്റമുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ഈ കാഴ്ച ഇന്നും അത്ര വിരളമല്ല. പണ്ടൊക്കെ ഓണപ്പൂക്കളങ്ങളില്‍ നിര്‍ബന്ധമായി കണ്ടുവന്നിരുന്ന ചില പൂക്കളുണ്ട്. ഇന്ന് ഇലകള്‍ വരെ പൂക്കളത്തില്‍ സ്ഥാനം പിടിക്കുമ്പോള്‍ പുതുതലമുറയും അറിഞ്ഞിരിക്കണം ഏതായിരുന്നു പൂക്കളങ്ങളിലുണ്ടായിരുന്ന യഥാര്‍ഥ പൂക്കളെന്ന്. ഇനിയുള്ള ദിവസങ്ങളില്‍ ഓരോ പൂക്കളെയായി നമുക്ക് പരിചയപ്പെടാം.
മുക്കുറ്റി
തുമ്പയുടെ അത്ര തന്നെ പ്രാധാന്യം പൂക്കളത്തിലുള്ള ഒരു പൂവാണ് മുക്കുറ്റി. തുമ്പച്ചെടി പോലെ തന്നെ പറമ്പിലും പാതയോരങ്ങളിലുമെല്ലാം സുലഭമായി കാണുന്നു.തെങ്ങിന്റെ ഒരു കുഞ്ഞന്‍ പതിപ്പ് പോലെ തോന്നിക്കുന്ന സസ്യമാണ് മുക്കുറ്റി. മഞ്ഞനിറത്തിലുള്ള വളരെ ലോലമായ പൂക്കളാണ് മുക്കുറ്റിയുടെ ആകര്‍ഷണം.
ഇന്തോ-മലേഷ്യന്‍ ജൈവമണ്ഡലത്തില്‍ കാണപ്പെടുന്ന ഏകവര്‍ഷിയായ ചെറു സസ്യമാണ് മുക്കുറ്റി.. ആയുര്‍വേദത്തില്‍ ദശപുഷ്പങ്ങളില്‍ പെടുന്ന സസ്യമാണിത്. ജലം കെട്ടിനില്‍ക്കാത്ത തണല്‍പ്രദേശങ്ങളിലാണ് മുക്കുറ്റി കാണപ്പെടുന്നത്. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്. 8 മുതല്‍ 15 സെ.മീ. വരെയാണ് സാധാരണ മുക്കുറ്റിയുടെ വളര്‍ച്ച. അഞ്ചിതളുള്ള പൂക്കള്‍ക്ക് പത്ത് കേസരങ്ങളും അഞ്ചറയുള്ള അണ്ഡാശയവും ഉണ്ടാകും. വിത്തുകള്‍ മണ്ണില്‍ വീണ് തൊട്ടടുത്ത മഴക്കാലത്ത് മുളക്കുന്നു.തൊട്ടാവാടിയുടെ അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോള്‍ ഇലകള്‍ വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട്. രാത്രിയില്‍ ഇവയുടെ ഇലകള്‍ കൂമ്പിയിരിക്കും.
Discussion about this post