പത്തുമാസത്തോളം ദൈർഘ്യമുള്ള വിളയാണ് കപ്പ അഥവാ മരച്ചീനി. ഇത്രയും കാലത്തെ അധ്വാനത്തിനൊടുവിൽ കപ്പ വിളവെടുത്ത് വിപണിയിലെത്തിക്കുമ്പോൾ ന്യായമായ വില ലഭിച്ചില്ലെങ്കിലോ? ഇത്തരമൊരവസ്ഥ നേരിടേണ്ടിവന്ന എരുമേലി സ്വദേശിയായ ബിനോയ് തോമസ് എന്ന കർഷകൻ തന്റെ ഉൽപ്പന്നം കിട്ടിയ വിലയ്ക്ക് വിറ്റഴിക്കാൻ തയ്യാറായില്ല. ഉണക്കകപ്പയ്ക്ക് കൂടുതൽ വില ലഭിക്കും. ഇത്രയും കാലം കഷ്ടപ്പെടാമെങ്കിൽ കപ്പയുണക്കുന്നതിനായി രണ്ടാഴ്ച കൂടി അധ്വാനിച്ചാലെന്താണെന്ന് ബിനോയ് ചിന്തിച്ചു.1890 കിലോ കപ്പയാണ് ബിനോയ് വിളവെടുത്തത്.പച്ചക്കപ്പ കടയിൽ കൊടുത്താൽ ലഭിക്കുന്നത് 12 രൂപയാണ്. അതായത് 22680 രൂപ.
കപ്പയുണക്കാൻ കൂലിക്ക് ആളെ വച്ചില്ല. ബിനോയിയും ഭാര്യ നിമ്മിയും വീട്ടുകാരും അയൽപക്കത്തെ രണ്ടു മൂന്നു സുമനസ്സുകളും കൂടി ചേർന്നപ്പോൾ കാര്യങ്ങൾ എളുപ്പമായി. കപ്പ വിളവെടുത്ത് തൊലി പൊളിച്ച് ഇടത്തരം വലിപ്പത്തിൽ കൊത്തിനുറുക്കിയശേഷം വെള്ളം വാർത്തെടുത്ത് ടെറസിലും പാറപ്പുറത്തുമായി വിരിച്ച് അഞ്ചു ദിവസത്തോളം ഉണക്കിയെടുത്തു. കാലാവസ്ഥ കൂടി അനുകൂലമായ തോടെ 1890 കിലോ കപ്പ വലിയ ചിലവോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ഉണക്കിയെടുക്കാനായി.
നല്ല ഗുണനിലവാരമുള്ള കപ്പയാണ് ബിനോയ് നട്ടത്. 27 കിലോ ഉണക്കിയപ്പോൾ 10 കിലോ ലഭിച്ചു. 1890 കിലോ ഉണക്കിയെടുത്തപ്പോൾ 700 കിലോ ഉണക്കകപ്പ കിട്ടി. ഒരു കിലോ ഉണക്കകപ്പയ്ക്ക് 65 രൂപ ലഭിച്ചു. 700 കിലോയ്ക്ക് 45500 രൂപ.വിളവെടുത്ത കപ്പ ഇരട്ടി വിലയ്ക്ക് വിൽക്കാനായി. അധിക ചിലവ് വിറകും രണ്ടാഴ്ചത്തെ അധ്വാനവും. ആദ്യം വിളവെടുത്ത കപ്പയുടെ തടി ചീകി വെയിലത്തുണക്കി കത്തിച്ചതിനാൽ വിറകിന്റെ ചിലവും കുറഞ്ഞു. വീടിന് ചുറ്റുവട്ടത്ത് തന്നെയാണ് ഉണക്കകപ്പ വിറ്റഴിച്ചത്. പൂർണ്ണമായും ജൈവവളം ചേർത്ത് വളർത്തിയെടുത്ത കപ്പയ്ക്ക് ആവശ്യക്കാരേറെയായിരുന്നു.
ആവശ്യപ്പെട്ടവർക്കെല്ലാം ഉണക്കക്കപ്പ എത്തിക്കാനായില്ല എന്നത് മാത്രമാണ് ബിനോയുടെ ഇപ്പോഴത്തെ വിഷമം. വിലത്തകർച്ചയ്ക്ക് മുന്നിൽ പതറിപ്പോകുന്ന ഓരോ കർഷകനും ബിനോയ് ഒരു പാഠമാവുകയാണ്. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ മൂല്യവർദ്ധനവ് നടത്തി വിപണിയിലെത്തിക്കാനായാൽ വിലത്തകർച്ച നേരിടാനാകുമെന്ന് ഈ കർഷകൻ തെളിയിക്കുന്നു.
Discussion about this post