കേരളത്തിലെ വാഴ കൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങളാണ് ഇലതീനി പുഴുക്കൾ. പട്ടാളപ്പുഴു, കമ്പിളിപ്പുഴു, ഇലചുരുട്ടിപ്പുഴു എന്നിങ്ങനെ ആറോളം ഇല തീനിപ്പുഴുക്കൾ വാഴയെ ആക്രമിക്കുന്നുണ്ട്. മിക്ക പുഴുക്കളും ഇളം പ്രായത്തിലുള്ള വാഴകളെയാണ് കൂടുതലായി ആക്രമിക്കുന്നത്. എന്നാൽ ഇലചുരുട്ടിപ്പുഴുക്കൾ ഏത് പ്രായത്തിലുള്ള സസ്യങ്ങളെയും ആക്രമിക്കും. ആക്രമണം നേരിട്ട വാഴയിലയിൽ വട്ടത്തിലുള്ള സുഷിരങ്ങൾ കാണാം. പുതുനാമ്പുകളിൽ തുളകളും ഉണ്ടാകും. ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കാഷ്ടം ഇവയുടെ സാന്നിധ്യം വേഗത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു. ഇല തീനി പുഴുക്കളുടെ ആക്രമണം രൂക്ഷമായാൽ അത് വിളവിനെ സാരമായി ബാധിക്കും. അതിനാൽ തുടക്കത്തിൽ തന്നെ ഇവയെ നിയന്ത്രിക്കണം
ജൈവ നിയന്ത്രണ മാർഗങ്ങൾ
ബാസില്ലസ് തുറിഞ്ചിയെൻസിസ് എന്ന മിത്ര ബാക്ടീരിയ അടങ്ങിയ കീടനാശിനി മൂന്നു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയിൽ തളിക്കാം. ബിവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും ഗുണം ചെയ്യും. ബാസിലസ്, ബിവേറിയ എന്നിവയടങ്ങിയ കീടനാശിനികൾ തളിക്കുന്നത് വഴി കീടങ്ങൾ രോഗംവന്ന് നശിച്ചു പോകുകയാണ് ചെയ്യുന്നത്. 5 മില്ലി അല്ലെങ്കിൽ 10 മില്ലിലിറ്റർ വേപ്പെണ്ണ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും നല്ലതാണ്. ജൈവ നിയന്ത്രണ മാർഗങ്ങൾ ആക്രമണം രൂക്ഷമാകുന്നു അതിനു മുൻപ് തന്നെ ആരംഭിക്കണം.
Discussion about this post