ബേക്കറി ചെറി അഥവാ കരോണ്ട ചെറി എന്ന ചെറു ഫലവൃക്ഷം നമ്മുടെ ചുറ്റുവട്ടത്തെല്ലാം കാണാറുണ്ട്. എന്നാൽ കായകളിലെ കറ നീക്കിയാലേ ഇത് കഴിക്കാനാകൂ. രണ്ടര മാസം പ്രായമായ കായ്കൾ സംസ്കരിച്ച് ഉപയോഗിക്കാനാകും.ചെറി എന്ന പേരിൽ നമ്മുടെ ബേക്കറികളിൽ നിന്നും ലഭിക്കുന്നതും കരോണ്ട ചെറിയുടെ കായ്കൾ തന്നെ. കേക്കുകൾ അലങ്കരിക്കാനും ഫ്രൂട്ട് സലാഡ് തയ്യാറാക്കാനുമെല്ലാം കരോണ്ട ചെറി സംസ്കരിച്ച് ഉപയോഗിക്കാറുണ്ട്.
പറിച്ചെടുത്ത ഒന്നര കിലോ കായ്കൾ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു മിനിറ്റ് തിളച്ച വെള്ളത്തിൽ മുക്കി വയ്ക്കാം. ശേഷം കായ്കളുടെ വിത്തുകൾ ഒരു വശം മാത്രം നെടുകെ മുറിച്ച് വിത്തുകൾ നീക്കം ചെയ്യാം. പുളിരസം നീക്കുക എന്നതാണ് അടുത്ത പടി. നാല് ശതമാനം വീര്യമുള്ള ചുണ്ണാമ്പ് ലായനിയാണ് വേണ്ടത്. അതിനായി 40 ഗ്രാം നീറ്റിയ ചുണ്ണാമ്പ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് എടുക്കാം. ശേഷം ഇതിലേക്ക് ചെറിപ്പഴം ഇട്ടു വയ്ക്കാം. പത്ത് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ കരോണ്ടചെറി ചുണ്ണാമ്പ് ലായനിയിൽ സൂക്ഷിക്കണം. അതിനുശേഷം കായ്കൾ ലായനിയിൽ നിന്നും നീക്കം ചെയ്ത് ശുദ്ധജലത്തിൽ കഴുകിയെടുക്കാം.
കായകൾക്ക് ആകർഷകമായ സ്വാദും മധുരവും നൽകുക എന്നതാണ് അടുത്ത പടി. ഇതിനായി ആദ്യം 350 ഗ്രാം പഞ്ചസാര ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ലായനി തയ്യാറാക്കുക. ഇതിൽ ഒന്നര ഗ്രാം കെ എം എസ് എന്ന സംരക്ഷക വസ്തുവും ഓറഞ്ച് റെഡ്, റാസ്പ്ബെറി റെഡ് എന്നീ നിറങ്ങൾ 100 മില്ലി ഗ്രാം വീതവും ചേർത്തു കൊടുക്കാം. രണ്ടാം ദിവസം കായ്കൾ ലായനിയിൽ നിന്നും മാറ്റി ലായനിയിലേക്ക് ഏകദേശം 50 ഗ്രാം പഞ്ചസാര ചേർത്ത് ചൂടാക്കാം. ചെറുചൂടുള്ള ലായനിയിൽ കായ്കൾ വീണ്ടും ഇട്ടു വയ്ക്കാം. പഞ്ചസാര ലായനിയുടെ വീര്യം കുറയുന്നതിനനുസരിച്ച് ഈ പ്രക്രിയ ആവർത്തിക്കണം. ഒരു കിലോ ഗ്രാം പഞ്ചസാര ഉപയോഗിച്ച് കഴിയുമ്പോൾ കായ്കൾ ലായനിയിൽ നിന്നും മാറ്റി അതിൽ ഒരു ഗ്രാം സിട്രിക് ആസിഡ് കൂടി ചേർത്ത് തിളപ്പിക്കുക. ചെറുചൂടോടെ ഈ ലായനിയിൽ വീണ്ടും പഴങ്ങൾ ഇട്ടു വയ്ക്കാം. ഒരാഴ്ചവരെ പഴങ്ങൾ ലായനിയിൽ സൂക്ഷിക്കണം. വേണ്ടത്ര നിറവും സ്വാദും ആയി കഴിഞ്ഞാൽ പഴങ്ങൾ സിറപ്പിൽ നിന്നും വൃത്തിയുള്ള സ്ഫടിക ഭരണിയിലേക്ക് മാറ്റി സൂക്ഷിക്കാം.
Discussion about this post