ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഏറ്റവും നല്ല പഴമാണ് അവക്കാഡോ. ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ വെണ്ണപ്പഴം അഥവാ ബട്ടർ ഫ്രൂട്ട് എന്നാണ് അവക്കാഡോ അറിയപ്പെടുന്നത്. ഇതിലടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകൾ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ധാരാളം വൈറ്റമിനുകളും പൊട്ടാസ്യവും അടങ്ങിയിട്ടുള്ള അവക്കാഡോ പോഷക സമ്പുഷ്ടമായ ഫലമാണ്.
സമതലത്തിലും മലയോര മേഖലകളിലും ഒരുപോലെ കൃഷി ചെയ്യാൻ ഉതകുന്ന ഫലവൃക്ഷമാണ് അവക്കാഡോ. മധ്യ അമേരിക്കയും മെക്സിക്കോയും ആണ് അവക്കാഡോയുടെ ജന്മദേശം. പിങ്കർട്ടൻ, ഹാസ്, പർപ്പിൾ ഹൈബ്രിഡ് എന്നിങ്ങനെ ഒട്ടേറെ ഇനങ്ങളുണ്ട്. ഫുർട്ടി, പർപ്പിൾ ഹൈബ്രിഡ് എന്നിവ കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ അനുയോജ്യമായ ഇനങ്ങളാണ്. നല്ലനീർവാർച്ചയും വളക്കൂറും 5 മുതൽ 7 വരെ അമ്ലതയുമുള്ള മണ്ണാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്.
ഒരേ വൃക്ഷത്തിൽ തന്നെ ആൺപൂവും പെൺപൂവും ഉണ്ടെങ്കിലും ഇവ വ്യത്യസ്ത സമയങ്ങളിൽ വിരിയുന്നതിനാൽ ഒരു വൃക്ഷത്തിൽ തന്നെ പരാഗണം സാധ്യമല്ല. അതിനാൽ വിത്ത് മുളപ്പിച്ച തൈകൾ നടുമ്പോൾ രണ്ടു വൃക്ഷങ്ങൾ നടുന്നത് കൂടുതൽ കായ് പിടിക്കാൻ നല്ലതാണ്. ഇത് ഒഴിവാക്കാനായി ഗ്രാഫ്റ്റ് ചെയ്ത തൈകളും ഉപയോഗിക്കാം.
90 സെന്റീമീറ്റർ വീതിയിലും ആഴത്തിലുമുള്ള കുഴികളെടുത്ത് അതിൽ മേൽമണ്ണും ജൈവവളവും ചേർത്ത് നിറച്ച് തൈകൾ നടാം. മഴയെത്തും മുൻപ് തൈകൾ നടണം. ഏപ്രിൽ മെയ് മാസങ്ങളാണ് നടാൻ നല്ലത്.
അംളത്വം ഏഴിൽ കൂടുതലുള്ള മണ്ണാണെങ്കിൽ ഇരുമ്പിന്റെ അഭാവ ലക്ഷണങ്ങൾ പ്രകടമാകാം. അങ്ങനെയുണ്ടായാൽ 30 മുതൽ 35 ഗ്രാം വരെ ഇരുമ്പ് ചീലേറ്റ് വളം ചെടിയൊന്നിന് എന്ന തോതിൽ നൽകാം. വേനൽക്കാലത്ത് തൈകൾക്ക് തണൽ നൽകണം. പുതയിടുന്നത് വേനൽ കാഠിന്യത്തെ അതിജീവിക്കാൻ സഹായിക്കും. ആവശ്യത്തിന് ജലസേചനം നൽകാൻ ശ്രദ്ധിക്കണം. ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നത് ചെടി അഴുകാൻ കാരണമാകും. അതുകൊണ്ടുതന്നെ നീർവാർച്ച ഉറപ്പുവരുത്തേണ്ടതുണ്ട്. ശിഖരങ്ങൾ കൂടുതൽ വ്യാപിച്ച് വളരുന്ന ഇനങ്ങൾ കൊമ്പുകോതുന്നത് നല്ലതാണ്.
വിത്ത് മുളപ്പിച്ച് നട്ട തൈകൾ കായ്ക്കാനായി 6 വർഷമെടുക്കും. ഗ്രാഫ്റ്റ് തൈകൾ 3 വർഷം കൊണ്ട് കായ്ക്കും. നവംബർ ഡിസംബർ മാസത്തിലാണ് പൂക്കുന്നത്. മൂപ്പെത്തിയ പഴങ്ങൾ 5 മുതൽ 10 ദിവസം കൊണ്ട് പഴുക്കും.
Discussion about this post