ഇച്ഛാശക്തിയും ദൈവാനുഗ്രഹവും കരുത്തേകിയ ജീവിതത്തില്‍ കോട്ടയം സൗത്ത് പാമ്പാടി കുറ്റിക്കല്‍ സ്വദേശി ആനിയമ്മ തോമസ് എന്ന വീട്ടമ്മയ്ക്ക് കൂട്ടായത്
തന്റെ പ്രിയപ്പെട്ട ചെടികളാണ്. 2005ല്‍ ബാധിച്ച സ്തനാര്‍ബുദത്തോട് മനശക്തികൊണ്ട് പിടിച്ചു നിന്നു. അത്ഭുതകരമായി തിരിച്ചുകിട്ടിയ ജീവിതം തനിക്ക് പ്രിയപ്പെട്ട കാര്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ ഈ വീട്ടമ്മ തീരുമാനിച്ചു. തന്റെ ചെടിക്കമ്പം വീണ്ടും പൊടി തട്ടിയെടുത്തു.
സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടെ പിന്തുണ കൂടിയായപ്പോള്‍ ആനിയമ്മയുടെ ചെടിപ്രേമം ഇക്കഴിഞ്ഞ കര്‍ഷക ദിനത്തില്‍ ആനീസ് ഗാര്‍ഡനായി മാറി. നാടന്‍ പൂച്ചെടികളും ഇലച്ചെടികളുമാണ് തോട്ടത്തിലേറെയും. ഗന്ധരാജന്‍, വിവിധയിനം റോസ്, മുല്ല , നന്ത്യാര്‍വട്ടം തുടങ്ങി നാടന്‍ പൂച്ചെടി ഇനങ്ങളെല്ലാം ആനിയമ്മയുടെ പക്കലുണ്ട്. ഇപ്പോഴത്തെ ട്രെന്‍ഡി ചെടികളും ശേഖരത്തില്‍ കുറവല്ല. വെണ്ട, മത്തന്‍, പയര്‍, മുളക്, വഴുതന, തക്കാളി തുടങ്ങി പച്ചക്കറികളും തോട്ടത്തിലേറെയുണ്ട്.
ഏറെ പാവങ്ങള്‍ക്കും ആനീസ് ഗാര്‍ഡന്‍ സഹായമായി മാറി. ചെടി വില്‍പനയിലൂടെ ലഭിക്കുന്ന പണമെല്ലാം ആനിയമ്മ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചെലവഴിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിച്ചും വിദ്യാര്‍ഥികള്‍ക്ക് പഠനസഹായങ്ങള്‍ എത്തിച്ചുമെല്ലാം ഈ വീട്ടമ്മ മാതൃകയാവുകയാണ്. ആത്മാര്‍ഥവും ചിട്ടയുമായ പ്രവര്‍ത്തനം മാത്രമാണ് ആനിയമ്മ തോമസ് എന്ന വീട്ടമ്മയുടെ വിജയരഹസ്യം.
Discussion about this post