ആവുന്ന കാലത്തോളം കൃഷി ചെയ്യണം എന്നത് മാത്രമാണ് ആലപ്പുഴ മുഹമ്മ കല്ലാപ്പുറത്തെ കര്‍ഷകന്‍ സുരേന്ദ്രന്‌റെ ആഗ്രഹം.
ഈ അറുപത്തിയെട്ടാം വയസിലും കൃഷിയിടത്തില്‍ സജീവമായിരിക്കുന്നതിന് പിന്നില്‍ അമിത ലാഭ പ്രതീക്ഷയില്ലാത്ത കഠിനാധ്വാനം മാത്രമാണ്.
വൈക്കത്തെ പരമ്പരാഗത കര്‍ഷക കുടുംബത്തിലെ അംഗമാണെങ്കിലും 30 വര്‍ഷത്തിലേറെയായി മുഹമ്മക്കാരനാണ് സുരേന്ദ്രന്‍.
അന്നുമുതല്‍ നാട്ടിലെ അറിയപ്പെടുന്ന കര്‍ഷകനും..വാട്ടര്‍ അതോറിറ്റിയിലെ കോണ്‍ട്രാക്ടര്‍ ജോലിയിലും
ചായക്കട നടത്തിപ്പിലുമെല്ലാം ഒരുകൈ നോക്കിയെങ്കിലും അവസാനം കൃഷി തന്നെയാണ് തന്റെ മേഖലയെന്ന് തിരിച്ചറിയുകയായിരുന്നു.
രണ്ടേക്കറോളം വരുന്ന സ്വന്തം സ്ഥലത്തും ഒന്നരയേക്കര്‍ പാട്ടത്തിനെടുത്ത സ്ഥലത്തുമാണ് കൃഷി. കുരുമുളകാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
വളരെ ബുദ്ധിമുട്ടിയാണ് ആലപ്പുഴയിലെ ഭൂപ്രകൃതിയില്‍ കുരുമുളക് വിളയിച്ചെടുത്തത്. എന്നാല്‍ കുരുമുളക് പരിചരണം വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന്
ഈ കര്‍ഷകന്‍ ഉറപ്പിച്ച് പറയുന്നു.
മിക്ക പച്ചക്കറികളും കൃഷി ചെയ്ത് നോക്കിയിട്ടുണ്ടെങ്കിലും നെയ് കുമ്പളം കര്‍ഷകനെന്ന നിലയിലാണ് സുരേന്ദ്രന്‍ പേരെടുത്തത്. ഔഷധ ഗുണമുള്ള നെയ് കുമ്പളത്തിന് ആവശ്യക്കാരേറെയാണ്. ഒരിയ്ക്കലും വിലയിടിവും നേരിടേണ്ടി വരാറില്ല. എന്നാലും ഒരു നെയ് കുമ്പളത്തിന് പുറമെയുള്ളതിനേക്കാള്‍ പത്ത് രൂപയോളം കുറച്ചാണ് സുരേന്ദ്രന്‍ വില്‍ക്കുന്നത്. പയര്‍, വെണ്ട, ചീര, തക്കാളി, വാഴ, തേങ്ങ, ജാതിക്ക, കപ്പ എന്നിവയെല്ലാം സുരേന്ദ്രന്‌റെ തോട്ടത്തിലുണ്ട്. ചാണകവും കപ്പലണ്ടി പിണ്ണാക്കുമെല്ലാമാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. ഈ അടുത്തകാലത്ത് മീന്‍ കൃഷിയിലും കൈവച്ചുനോക്കി.മുഹമ്മ കൃഷി ഭവനില്‍ നിന്ന് ലഭിക്കുന്ന പൂര്‍ണ പിന്തുണയാണ് ഈ കര്‍ഷകന് പ്രചോദനം.
ശ്വാസകോശസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കൃഷിയില്‍ സജീവമായി തുടരുന്നതിനെ കുടുംബം എതിര്‍ക്കാറുണ്ടെങ്കിലും മരണം വരെയും കൃഷിയുമായി മുന്നോട്ട് പോകുമെന്നാണ് സുരേന്ദ്രന്‌റെ നിലപാട്.
മറ്റ് ജോലികള്‍ക്ക് ഇടയിലും ചെറുതായെങ്കിലും കൃഷി ചെയ്യാന്‍ ഓരോരുത്തരും സമയം കണ്ടെത്തണമെ്ന്നാണ് ഈ കര്‍ഷകന്‌റെ അഭിപ്രായം.
Discussion about this post