കേരളത്തിലെ കാർഷികമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകാൻ കാർഷിക വന വല്കരണത്തിലുടെ സാധിക്കും . നമ്മുടെ നാടിന്റെ ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് കൃഷി ചെയ്യുന്നത് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകാൻ സഹായിക്കും. കാർഷിക വിളകളും വൃക്ഷങ്ങളും ഇടകലർത്തി കൃഷി ചെയ്യുന്നതിലൂടെ മെച്ചപ്പെട്ട ലാഭം ഉണ്ടാക്കിയെടുക്കാൻ കഴിയുന്നു. അതുകൊണ്ടാണ് കാർഷിക വനവത്‌കരണത്തിന് സ്വീകാര്യത ഏറുന്നത്.
വൃക്ഷങളും കാർഷികവിളകളും ചേർന്ന സംയോജിത സ്ഥല വിനിയോഗ ക്രമമാണ് കേരളത്തിന് അനുയോജ്യമായ കാർഷിക വനവത്‌കരണം അഥവ അഗ്രോഫോറസ്റ്റ് . അതിനാൽ ഉപയോഗ പ്രദമായ വൃക്ഷവിളകൾ, ചെടികൾ, കാർഷിക വിളകൾ,കന്നുകാലികൾ എന്നിവ സംയോജിതമായി വളർത്തുന്നത് വഴി കർഷകന് സ്ഥായിയായ വരുമാനം ലഭിക്കുന്നു.
ഏത് സാഹചര്യത്തിലും , പല രീതിയിൽ കാർഷികവിളകൾ നട്ട് വളർത്താൻ കഴിയുമെന്നതാണ് കാർഷിക വനവത്കരണത്തിന്റെ പ്രധാന ഗുണം. ഒപ്പം സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക നേട്ടങ്ങൾ ഉണ്ടാക്കുകയും ജീവിത നിലവാരവും ഉയർത്തുകയും ചെയ്യുന്നു.
കാർഷിക വനവത്കരണ സമ്പ്രദായങ്ങളിൽ പ്രധാനമായവയിലേക്ക്
1. അഗ്രിസിൽവി കൾച്ചർ
കാർഷികവിളകൾക്കൊപ്പം വിവിധോദേശ വിളകളും ചേർത്ത് കൃഷി ചെയ്യുന്ന സമ്പ്രദായമാണിത്. കൃഷി ഭൂമികളിലും, വന ഭൂമികളിലും ഇതിന്റെ വക ഭേദങ്ങൾ കാണാൻ കഴിയും. കൃഷി ഭൂമിയില് അങ്ങിങ്ങായി കാണപ്പെടുന്ന വൃക്ഷങ്ങളാണ് കാർഷിക വനവത്കരണത്തിൽ മുഖ്യപങ്ക് വഹിക്കുന്നത്. മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുക, മണ്ണ്, ജലം എന്നിവ സംരക്ഷിക്കുക എന്നതാണ് ഇവയുടെ പ്രധാന ജോലികൾ എന്ന് പഠനങ്ങൾ തെളിയിക്കുന്നു.ഇവയോടൊപ്പം വളരുന്ന വിളകളിലും മെച്ചമുണ്ടാകുന്നു.
വൃക്ഷങ്ങളിൽ അധിഷ്ഠിതമായ കുരുമുളക് കൃഷിയുടെ വളർച്ചയെയും ഇവ സ്വാധീനിക്കുന്നുണ്ട്. പ്ലാവ്, തണൽ വൃക്ഷമായ സിൽവർ ഓക്ക് എന്നിവയാണ് കുരുമുളക് കൃഷിക്ക് താങ്ങായി ഉപയോഗിക്കാവുന്ന അനുയോജ്യ വൃക്ഷങ്ങൾ.
ഇവ പ്രത്യക അകലത്തിൽ ,പരിപാലിച്ച് വളർത്തിയാൽ കർഷകർക്ക് വരുമാനം കൂടുതൽ ലഭിക്കും. ദീർഘകാല – വൃക്ഷാധിഷ്ഠിത കൃഷിയിലൂടെ മണ്ണിന്റെ ജൈവ സമ്പുഷ്ടി വർധിപ്പിക്കാനും സാധിക്കുന്നു.
2. സിൽവോ പാസ്റ്റ്റൽ
വൃക്ഷങ്ങളെയും തീറ്റ പുല്ലിനെയും ഒരിടത്ത് വളർത്തുന്നതാണ് ഇൗ സമ്പ്രദായം. ഉപയോഗ ശൂന്യമായ തെങ്ങിൻ തോപ്പുകൾ ഉപയോഗ പ്രദമാക്കാനുള്ള മാർഗം കൂടിയാണിത്. കുറച്ച് സ്ഥലത്ത് നിന്ന് കൂടുതൽ ഉല്പാദനം ലഭ്യമാകുന്ന ഈ സമ്പ്രദായം അനുസരിച്ച് ക്ഷീരോൽപ്പാദന മേഖല നേരിടുന്ന കാലിത്തീറ്റ ലഭ്യതകുറവിന് പരിഹാരം കണ്ടെത്താൻ കഴിയും.
3. അഗ്രിസിൽവി പാസ്റ്റർ
വീട്ടുവളപ്പിലെ കൃഷി രീതിയാണ് ഇൗ സമ്പ്രദായം കൊണ്ട് ഉദ്ദേശിക്കുന്നത്. കന്നുകാലി വളർത്തൽ, കാർഷികവിളകൾ, വൃക്ഷങ്ങൾ എന്നിവ സംയോജിപ്പിച്ചുള്ള ഊർജിത കൃഷി രീതിയാണ് ഇതിന്റെ പ്രത്യകത.130 ഓളം വൃക്ഷങൾ ഉൾപ്പെട്ടിട്ടുള്ള പുരയിട കൃഷിയിൽ ഓരോ സ്ഥലത്തിന്റെയും തനത് ജൈവ സമ്പ്രദായം നില നിർത്താൻ സാധിക്കുന്നു എന്നതാണ് നേട്ടം.
ഇവ കൂടാതെ ഏറെ പ്രാധാന്യമേറിയ മറ്റൊന്നാണ് മുള വളർത്തൽ.
കഴിഞ്ഞ പ്രളയ സമയങ്ങളിൽ നാം ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയതാണ്. കാലാവസ്ഥ കെടുതികൾ നിന്ന് രക്ഷിക്കുന്നതിലും , കൊടും ശൈത്യത്തെ പ്രതിരോധിക്കുന്നതിലും മുള വഹിക്കുന്ന പങ്ക് ചെറുതല്ല. കൂടാതെ വിവിധ ഇനത്തിലുള്ള മുളകൾ ഭക്ഷ്യോപയോഗത്തിനും , ജൈവോർജ ഉൽപ്പാദനത്തിനും ഉപയോഗിക്കുന്നതിന് ഒപ്പം മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താനും ഇവ സഹായിക്കുന്നു.
Discussion about this post