തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കാർഷിക മേഖലയിൽ സമൂലമായ മാറ്റം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കൃഷിയും കാർഷിക വിപണന മാർഗങ്ങളും പരിഷ്കരിക്കുന്നതിനുള്ള പാഠമായി കോവിഡ് 19 നെ കാണണം. കോവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ നമുക്ക് അതിജീവിക്കാനുള്ള പച്ചക്കറികളും ധാന്യവർഗങ്ങളും ഇവിടെ കൃഷി ചെയ്യാനാകണം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ച് കൃഷി വകുപ്പ് വിപുലമായ പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അതിർത്തിയിലും ഭൂമി തരിശിടില്ല. എല്ലാ ഭൂമിയും കൃഷിക്കായി ഉപയോഗിക്കും. ഭൂമിയുടെ ഉടമസ്ഥരുമായി ധാരണയിലെത്തി കൃഷിയിറക്കാം. കാർഷിക മേഖലയെ ആധുനീകവൽക്കരിക്കുന്നതിന് കൃഷിവകുപ്പ് ഫലപ്രദമായ ഇടപെടൽ നടത്തുന്നുണ്ട്. ഭൂമിയുടെ കുറവ്
നികത്താൻ കുറഞ്ഞ സ്ഥലത്ത് നിന്നും കൂടുതൽ വിളകൾ ഉണ്ടാക്കുന്നതിൽ
ശ്രദ്ധിക്കണം. ഇക്കാര്യങ്ങൾ മുൻനിർത്തി കാർഷിക മേഖലയിൽ സമഗ്രമായ ഭാവി തന്ത്രം ആവിഷ്കരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് വർഷത്തിനുള്ളിൽ 25000 ഹെക്ടർ സ്ഥലത്ത് നെൽകൃഷി നടത്താനുള്ള പദ്ധതി ആരംഭിക്കും. അതാത് പ്രദേശത്തെ അവസ്ഥയ്ക്ക് ചേരുന്ന കൃഷി രീതിയും വിളകളുടെ തെരഞ്ഞെടുപ്പും ഉണ്ടാകണം. സ്വന്തമായി ചെറിയ രീതിയിലെങ്കിലും കൃഷി ചെയ്യണമെന്ന് ചിന്തിക്കുന്ന ഒരു സംസ്കാരത്തിലേക്ക് കേരളീയർ ചിന്തിച്ചു തുടങ്ങിയത് വലിയ മാറ്റമാണ്. മരച്ചീനി ഉൾപ്പെടെയുള്ള കിഴങ്ങ് വർഗങ്ങളും പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൽപാദിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
Discussion about this post