അടുത്ത 25 വർഷംകൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിനുതകുന്ന വിധത്തിൽ കാർഷിക മേഖലയിൽ ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിനായി പുതിയ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുകയും സഹകരണ മേഖലയുമായി ബന്ധപ്പെടുത്തി കാർഷിക മേഖലയ്ക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കും. നവകേരള നിർമിതിക്ക് കർഷകരുമായി ആലപ്പുഴയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കാർഷികോത്പാദനങ്ങളുടെ മൂല്യവർദ്ധന, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിതരണ-സംഭരണമടക്കമുള്ള കാര്യങ്ങൾ ശക്തിപ്പെടുത്തും. അഗ്രി കോർപ്പറേറ്റുകളുടെ സ്വാധീനത്തിൽ നിന്ന് കേരളത്തിലെ കാർഷികമേഖലയേയും കർഷകരേയും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ വിട്ടുവീഴ്ച കൂടാതെ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നു.ഇതിൻറെ ഭാഗമായി 23,245 കൃഷിക്കൂട്ടങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 20 ശതമാനത്തോളം വിവിധ ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവയാണ്. കൃഷിക്കൂട്ടങ്ങളുടെ രൂപീകരണത്തോടെ മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ കാർഷികമേഖലയിൽ സൃഷ്ടിച്ചു.നൂതന കാർഷിക സാങ്കേതികവിദ്യകളായ പോളിഹൗസുകൾ, മഴമറകൾ, അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് എന്നിവയിൽ താൽപ്പര്യമുള്ള ധാരാളം യുവജനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അവരെ ഈ രംഗത്ത് പിടിച്ചുനിർത്തുവാനും പ്രോത്സാഹനം നൽകാനുമുള്ള പദ്ധതികളും നടപ്പാക്കുന്നു.
കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ വ്യാപനത്തിനായി കാർഷിക മിഷൻ തന്നെ സർക്കാർ ആരംഭിച്ചിട്ടുണ്ട്.സിയാൽ മോഡലിൽ കാപ്‌കോ കമ്പനി ആരംഭിച്ച് നവീന പദ്ധതികൾക്ക് തുടക്കമിടാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. 2375 കോടി രൂപയുടെ കേര പദ്ധതിക്ക് തുടക്കമായെന്നും മന്ത്രി പറഞ്ഞു.ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, എ.എം. ആരിഫ് എം.പി., എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ്, എം.എസ്. അരുൺകുമാർ, ദിലീമ ജോജോ,.കാർഷികോത്പാദന കമ്മീഷ്ണറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ.ബി. അശോക്, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ സീറാം സാംബശിവറാവു, ജില്ല കളക്ടർ ജോൺ വി. സാമുവൽ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post