കാര്ഷിക സേവനങ്ങള്ക്കും അര്‍ഹമായ വില ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് കേന്ദ്ര സര്ക്കാര്‍ അവകാശപ്പെടുന്ന 3 ബില്ലുകളാണ് രാഷ്ട്രപതി ഒപ്പ് വച്ചത്
1. കര്‍ഷകരുടെ ഉത്പാദന വ്യാപാര വാണിജ്യ (പ്രോല്‍സാഹന) ബില്ല്
പ്രാദേശിക ഭരണകൂടങ്ങളുടെ മേല്‍നോട്ടത്തിലുള്ള അഗ്രികള്‍ചര്‍ പ്രോഡക്ട് മാര്‍ക്കറ്റിങ് കമ്മിറ്റി അഥവാ എപിഎംസിയ്ക്ക് പുറത്തു വില്‍ക്കാനാകും. അതായത് എവിടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവോ അത് കമ്പോളമാകുമെന്ന് അർഥം. നിലവില്‍ എപിഎംസിയുടെ ലൈസന്‍സ് ഉള്ളവരാണ് വ്യാപാരികള്. പുതിയ നിയമപ്രകാരം ഉല്പ്പാദകര്‍, കയറ്റുമതിക്കാര്‍, മൊത്തവ്യാപാരികളെല്ലാം വ്യാപാരികളായി മാറും.
എപിഎംസി നിയമം നിലവിലില്ലാത്ത സംസ്ഥാനമാണ് കേരളം. കേന്ദ്രത്തിന്‍റെ പുതിയ പരിഷ്കാരമാകട്ടെ സംസ്ഥാനങ്ങള്‍ക്കൊക്കെ ബാധകമാണ് താനും. ഈ വിഷയത്തില്‍ കാര്ഷിക വിപണനം സംസ്ഥാന തീരുമാനമല്ലേ എന്ന ചോദ്യത്തിന് പ്രസക്തിയുമില്ല.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലുള്ള യൂണിയന്‍ ലിസ്റ്റിലെ എന്‍ട്രി – 42 പ്രകാരം അന്തര്‍ സംസ്ഥാന വിപണനത്തില്‍ കേന്ദ്രത്തിന് നിയമനിര്‍മാണം നടത്താമെന്ന ന്യായത്തിലാണ് എപിഎംസി ഭേദഗതി.
നിലവില്‍ 6700 നിയന്ത്രിത വിപണികള്‍ (മണ്‍ഡികള്‍) 2284 എപിഎംസികള്‍ എന്നിവയാണ് രാജ്യത്തുള്ളത്.ഇവയ്ക്ക് പുറത്തേക്ക് മെച്ചപ്പെട്ട വിപണികള്‍ ലഭ്യമാകുമെന്നാണ് സര്ക്കാര്‍ പറയുന്നത്.മികച്ച വില ഉറപ്പാക്കാനാകുമെന്നും ചൂഷണം ഇല്ലാതാകുമെന്നും സര്ക്കാര്‍ വാദിക്കുന്നുണ്ട്.ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത എന്തെന്നാല്‍ പ്രാദേശിക ഭരണകൂടങ്ങളുടെയും സര്‍ക്കാരിന്റെയും നിയന്ത്രണങ്ങള്‍ ഇല്ലാതെയാകുന്ന തുറന്ന വിപണിയില്‍ കര്‍ഷകരുടെ സംഘടിത വിലപേശലിന് പോലും ശക്തി ഉണ്ടാകില്ലയെന്നതാണ്.വൈകാതെ ഇവിടെ പ്രാദേശിക കുത്തകകള്‍ രൂപപ്പെടുകയും മിനിമം താങ്ങുവില കര്‍ഷകര്‍ക്ക് ഉറപ്പാക്കാനുള്ള സര്ക്കാര്‍ ശ്രമങ്ങള്‍ പരാജയമാകുകയും ചെയ്യും.
പ്രാദേശിക വിപണിയിലെ ഏജന്‍റുമാരെ പരിചയമുള്ള കര്‍ഷകര്‍ക്ക് സൂത്രക്കാരായ കോര്‍പ്പറേറ്റ് ഏജന്‍റുമാരെ കൈകാര്യം ചെയ്യാന്‍ അറിയണമെന്നില്ലല്ലോ.കൂടാതെ തദേശീയരായ ഏജന്‍റുമാരില്‍ നിന്ന് കൈവായ്പ എടുത്തിരുന്ന കര്‍ഷകര്‍ക്ക് ഒരു തിരിച്ചടി കൂടിയാണിത്.
2. കര്‍ഷക (ശാക്തീകരണ,സംരക്ഷണ) വില സ്ഥിരതാ കാര്ഷിക സേവന കരാര്‍ ബില്ല്
കരാര്‍കൃഷി രാജ്യാവ്യാപകമായി നടപ്പാക്കുന്നതിനുള്ള ബില്ലാണിത്.ഇവിടെ കരാര്‍കൃഷി മാത്രമല്ല അതുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ ബില്ലിന്‍റെ പരിധിയിലാണ് വരുന്നത്. ഇതനുസരിച്ച് വിത്ത് വിതയ്ക്കുമ്പോള്‍ തന്നെ കര്‍ഷകന് വിളയുടെ വില നിശ്ചയിക്കാം.കര്‍ഷകര്‍ക്ക് ഇടത്തട്ട് ചൂഷണമുണ്ടാകില്ലെന്ന് മാത്രമല്ല വിലത്തകര്‍ച്ച ബാധ്യത സ്പോണ്‍സര്‍മാരിലേക്ക് മാറും.
കൃഷിഭൂമിയും സേവനങ്ങളും കുത്തകകള്‍ക്ക് വിട്ടു നല്കി പ്രതിഫലം പറ്റി ജീവിക്കുന്ന കര്‍ഷകന്‍ എന്ന നിര്‍വചനം നല്‍കാമെന്ന് സാരം.
കരാര്‍ അനുസരിച്ചുള്ള ഉയര്ന്ന ഗുണമേന്മ മാനദണ്ഡങ്ങള്‍ കര്‍ഷകര്‍ക്ക് പാലിക്കാനായെന്ന് വരില്ല. ഇവയുടെ പേരില്‍ കരാറെടുത്ത കമ്പനികൾ വില വെട്ടിക്കുറക്കും . കര്‍ഷകര്‍ക്ക് മുന്‍തൂക്കം കിട്ടണമെന്ന് ചട്ടമില്ലല്ലോ. ചുരുക്കത്തില്‍ കരാര്‍കൃഷി സാധാരണ കര്‍ഷകര്‍ക്ക് ഗുണത്തെക്കാളേറെ ദോഷമാകും ചെയ്യുക.
3. ആവശ്യസാധന നിയമ ഭേദഗതി ബില്ല്
കോവിഡ് മഹാമാരിക്കാലത്ത് കാര്‍ഷികോല്‍പ്പന്ന കയറ്റുമതിയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഭക്ഷ്യോല്‍പ്പാദന രംഗത്തെ വളര്‍ച്ചയായിരുന്നു അതിനു കാരണം.ഭക്ഷ്യസംസ്കരണത്തിനും കയറ്റുമതിക്കുമായി പരിധിയില്ലാതെ സംഭരിച്ചു സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ആവശ്യ സാധനനിയമം ഭേദഗതി ചെയ്തിരിക്കുന്നത്.
വിദേശ നിക്ഷേപത്തിന് വഴിയൊരുക്കുമെന്നും കര്‍ഷകര്‍ക്ക് വിലസ്ഥിരത ആനൂകൂല്യം ലഭ്യമാകുമെന്നും സര്ക്കാര്‍ പറയുന്നു.
സംഭരണത്തിന് പരിധിയില്ലാതാകുന്നതോടെ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണം ഇല്ലാതാകുക കൂടിയാണ്. കൂടുതല്‍ സംഭരണ ശേഷിയുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ വിപണി നിയന്ത്രിക്കും.ഇതോടെ ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള സര്ക്കാര്‍ സംഭരണം സ്വകാര്യ മേഖലയ്ക്ക് സ്വന്തമാകും.
ജൂണില്‍ ഓര്‍ഡിനന്‍സ് ഇറക്കിയപ്പോള്‍ പഞ്ചാബ് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് മാത്രമായിരുന്നു പ്രതിഷേധമുയര്‍ന്നത്.മൂന്നു മാസങ്ങള്‍ക്ക് ശേഷം അവ ബില്ലുകളായി പാര്‍ലമെന്‍റില്‍ എത്തിയപ്പോള്‍ പഞ്ചാബിന് ഒപ്പം ഹരിയാനയിലെ കര്‍ഷകരും പിന്നാലെ ഉത്തരേന്ത്യയിലേ കർഷകരോക്കെയും തെരുവിലിറങ്ങി.
പ്രധാന്‍മന്ത്രി കിസാന്‍ യോജന വിശദമായി നോക്കിയാല്‍ ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ 14.5 കോടി കര്‍ഷക കുടുംബങ്ങളുണ്ടെന്ന് മനസിലാക്കാം.5 ഏക്കറില്‍ താഴെ കൃഷി ഭൂമിയുള്ള 86 ശതമാനം ചെറുകിട കര്‍ഷകരുമുണ്ട്. പുതിയ പരിഷ്കാരങ്ങള്‍ ബാധിക്കാന്‍ പോകുന്നത് ഇൗ 86 ശതമാനം വരുന്ന ജനതയെയാണ്.
പ്രതിഷേധങ്ങള്‍ കനക്കുകയാണ്.കോരന് കുമ്പിളില്‍ തന്നെ കഞ്ഞിയെന്നു പറയുമ്പോലെ ഒരു മുഴം കയറിന്‍റെയോ വിഷകുപ്പിയുടെയോ സഹായത്താല്‍ ജീവിതം അവസാനിപ്പിക്കാന്‍ വിധിക്കപ്പെട്ട കര്‍ഷകരുള്ള രാജ്യമാണിത്. പാടത്ത് പൊന്ന് വിളയിക്കാനാവശ്യമായ സഹായങ്ങള്‍ കിട്ടി എന്നല്ല പകരം കര്‍ഷകര്‍ക്കിത് കറുത്ത ദിനമെന്ന പ്ലക്കാര്‍ഡുമായി അവര്‍ തെരുവിലുണ്ട്.
കുത്തകകളെ വിശ്വസിക്കാം എന്ന് രാജ്യം ഭരിക്കുന്നവര്‍ തന്നെ പറയുമ്പോള്‍ കര്‍ഷകരുള്‍പ്പെടെ ആശങ്കയിലാണ്.ആശങ്കകളെ മറികടക്കാന്‍ സഹായിക്കേണ്ടവരുടെ നിലപാടുകളെ പഴിച്ച്.
Discussion about this post