വീടുകളിൽ അരി വേവിക്കുന്നതിനാണ് ഏറ്റവും കൂടുതൽ വിറകോ ഗ്യാസോ ഉപയോഗിക്കുന്നത്. പല വീടുകളിലും അരി വേവിക്കാൻ വിറകും മറ്റുള്ളവ പാകം ചെയ്യാൻ പാചക വാതകവും ഉപയോഗിക്കുന്നു. ചില തരം അരികൾ മണിക്കൂറുകളോളം വേവിക്കേണ്ടി വരുന്നു. .ഒരുപാട് ഇന്ധനവും ഉപയോഗിക്കേണ്ടി വരുന്നു.
അതൊക്കെ പഴങ്കഥ ആകാൻ പോകുന്നു. ഇതാ വരുന്നു നമ്മുടെ അഘോനി ബോറ അരി. കട്ടക്കിലെ Central Rice Research Institute (CRRI)പുറത്തിറക്കിയ പുതിയ നെല്ലിനം. ഇതിന്റെ അരി വേവിക്കേണ്ടതില്ല. വെറുതേ വെള്ളത്തിൽ ഇട്ടാൽ മതി. ചൂട് വെള്ളത്തിൽ ആണെങ്കിൽ 15മിനിറ്റ്, പച്ച വെള്ളത്തിലാണെങ്കിൽ അര മണിക്കൂർ അത്ര തന്നെ . ചോറ് റെഡി. അതിൽ പശുവിൻ പാലോ തേങ്ങാ പാലോ തൈരോ ശർക്കരയോ യോഗർട്ടോ, അവനവനിഷ്ടം പോലെ ചേർത്ത് ഉപയോഗിക്കാം. Cup നൂഡിൽസ് പോലെ Cup Rice ന്റെ കാലം വരാൻ പോകുന്നു.
യഥാർഥത്തിൽ ഇത് ഒരു പുതിയ ഇനം അല്ല. ആസ്സാമിലെ ജനങ്ങൾ നൂറ്റാണ്ടുകളായി കഴിച്ചുകൊണ്ടിരിക്കുന്ന കോമൾ ബോറ എന്ന Soft Rice ആണ്. അവർ വിശേഷ ദിവസങ്ങളിൽ ഈ ഇനം അരി ഉപയോഗിച്ച് നിരവധി വിഭവങ്ങൾ ഉണ്ടാക്കി ഭക്ഷിക്കുന്നു. ജോൾ പാൻ എന്നറിയപ്പെടുന്ന പ്രഭാത ഭക്ഷണവും അതുപയോഗിച്ചു ഉണ്ടാക്കാറുണ്ട്.
വളരെ കുറഞ്ഞ അളവിൽ അടങ്ങിയിരിക്കുന്ന അമിലോസ് ആണ് ഈ മാജിക്കിന് കാരണം. സാധാരണ അരികളിൽ 20-25% അമിലോസ് ഉള്ളപ്പോൾ അഘോനി ബോറ പോലുള്ള ഇനങ്ങളിൽ അമിലോസ് 5%ത്തിൽ താഴെ മാത്രം. നൂറ്റി നാല്പതോളം ദിവസം മൂപ്പുള്ള ഈ ഇനം ഹെക്ടറിന് നാല് മുതൽ നാലര ടൺ വരെ നെല്ല് നൽകും. ഇന്ത്യ യിലെ കിഴക്കൻ സംസ്ഥാനങ്ങളിലും ആന്ധ്ര പ്രദേശിലും ഒക്കെ ഇത് വിജയകരമായി കൃഷി ചെയ്യാം എന്ന് CRRI പറയുന്നു.
ഇത് ഒരു വിപ്ലവത്തിന്റെ വഴി മരുന്നാണ്. ഇന്ധന ഉപയോഗവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ ഇത്തരം ഇനങ്ങൾ സഹായിക്കും. സിയാച്ചിൻ. ലഡാക് പോലെ ഉള്ള പ്രദേശങ്ങളിലും യുദ്ധരംഗത്തും ഒക്കെ ഉള്ള ഭടന്മാർക്കും ഇതൊരു അനുഗ്രഹമാണ്.
പക്ഷെ ഗ്രാമീണ ഇന്ത്യയിൽ ശുദ്ധമായ വെള്ളം ലഭിക്കാത്ത ഇടങ്ങളിൽ ഇത് ഒരു ദുരന്തമായേക്കാം. അരി വേവിക്കുമ്പോൾ ഒരുമാതിരിപ്പെട്ട അണുക്കളെല്ലാം നശിക്കുന്നുണ്ട്. എന്നാൽ വേവിക്കേണ്ടാത്ത അരിയിൽ അണുവിമുക്തമായ വെള്ളം അല്ല ഉപയോഗിക്കുന്നത് എങ്കിൽ പണി പാളും.
തയ്യാറാക്കിയത്:
പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ
കൊല്ലം
Discussion about this post