അനേകം പോഷകഗുണങ്ങൾ ഉള്ള ചെറു വൃക്ഷമാണ് അഗത്തി.അഗത്തിച്ചീരയിൽ മാംസ്യം, കൊഴുപ്പ്, അന്നജം, നാര്, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയോടൊപ്പം വൈറ്റമിൻ എ, സി എന്നീ പോഷകഗുണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് അഗത്തിച്ചീര. ഹൃദയാരോഗ്യത്തിനും ഏറെ നല്ലത്.
ചീര എന്ന് വിളിക്കുന്നുണ്ടെങ്കിലും പയറു വർഗ്ഗത്തിൽ പെടുന്ന ഒരു ചെറു വൃക്ഷമാണ് അകത്തി. വെജിറ്റബിൾ ഹമ്മിങ് ബേർഡ് എന്നും അഗത്തിയെ വിളിക്കാറുണ്ട്. അഗസ്ത്യമുനിയുടെ പ്രിയപ്പെട്ട സസ്യമായതിനാൽ അഗസ്തി എന്നും മുനിദ്രുമം എന്നും ഇതിന് പേരുണ്ട് . വളരെ വേഗത്തിൽ വളരുന്ന അഗത്തി, രുദ്ര മന്ദാരം എന്ന പേരിലും അറിയപ്പെടുന്നു. ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപൈൻസ്, അമേരിക്ക എന്നിവിടങ്ങളിൽ സമൃദ്ധമായി കൃഷിചെയ്തുവരുന്നു.
വൈറ്റമിൻ സി അടങ്ങിയ അഗത്തി ചീര കഴിക്കുന്നത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നത് തടയും. വായ്പുണ്ണിന് നാട്ടു മരുന്നായും അഗത്തി ഉപയോഗിക്കാറുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അകത്തി ഇലയും പൂവും ചേരുവയായുള്ള ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. പനി, തലവേദന, ചുമ, വിളർച്ച, മുഴകൾ എന്നിങ്ങനെ അനേകം രോഗങ്ങളുടെ ചികിത്സയ്ക്ക് ആയുർവേദ മരുന്നായി അഗത്തി വൃക്ഷത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. വൈറ്റമിൻ ഇ അടങ്ങിയിട്ടുള്ളതിനാൽ, അഗത്തി മറവിക്കും മരുന്നാണത്രേ.
ഇനങ്ങൾ
പ്രധാനമായും രണ്ട് അഗത്തി ഇനങ്ങളാണ് കൃഷി ചെയ്തു പോരുന്നത്. വെളുത്ത നിറത്തിലുള്ള പൂക്കളുള്ളവയും ചുവന്ന നിറത്തിലുള്ള പൂക്കളുള്ളവയുമുണ്ട്. ചുവന്ന നിറത്തിലുള്ള പൂക്കൾക്ക് വെളുത്ത നിറത്തിലുള്ള പൂക്കളെക്കാൾ താരതമ്യേന കയ്പ്പ് കൂടുതലാണ്.
നടീൽ സമയം
മെയ്- ജൂൺ മാസങ്ങളിൽ തവാരണകളിൽ വിത്തുകൾ പാകി മുളപ്പിച്ചും കമ്പുനട്ടും അഗത്തിച്ചീര വളർത്താം. നന്നായി പൊടിഞ്ഞ മണ്ണിൽ ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും മണലും സമാസമം ചേർത്ത് യോജിപ്പിച്ചാണ് നടീൽ മിശ്രിതം തയ്യാറാക്കേണ്ടത്. മിശ്രിതം നനച്ചശേഷം വിത്ത് പാകാം.
അഞ്ചു ദിവസം കൊണ്ട് വിത്ത് മുളയ്ക്കും. ഒന്നര മാസം പ്രായമാകുമ്പോഴോ എട്ടിലെ പരുവത്തിലോ തൈകൾ പറിച്ചുനടാം. കമ്പ് മുറിച്ച് നട്ട് ഉണ്ടാക്കുന്ന തൈകൾ നന്നായി വേരുപിടിച്ച ശേഷം മാറ്റി നടാം. വിത്തുകൾ പാകുന്നതിന് മുൻപും തൈകൾ പറിച്ചു നടുന്നതിന് മുൻപും ബീജാമൃതമോ സ്യൂഡോമോണാസ് ഫ്ളൂറസൻസോ ഉപയോഗിച്ച് വിത്ത് പരിചരണം നടത്തുന്നത് പലവിധ രോഗങ്ങളെ ചെറുക്കാൻ സഹായിക്കും.
നടീൽ
നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിലാണ് അകത്തി നടേണ്ടത്. 60 സെന്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളിൽ തൈകൾ നടാം. ഒന്നിൽ കൂടുതൽ തൈകൾ നടുകയാണെങ്കിൽ ചെടികൾ തമ്മിലും വരികൾ തമ്മിലും നാലു മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കണം. അഗത്തിയുടെ നല്ല വിളവിന് ഏറ്റവും ഉത്തമം കറുത്ത പരുത്തി മണ്ണാണ്. എങ്കിലും എല്ലാത്തരം മണ്ണിലും അഗത്തി ഭേദപ്പെട്ട വിളവ് നൽകും.
3 മാസം പ്രായമായ ചെടികളുടെ തലപ്പ് നുള്ളുന്നത് ഇവ കുറ്റിച്ചെടിയായി വളർത്തുന്നതിന് നല്ലതാണ്.
വളപ്രയോഗം
നല്ല വിളവിന് വളപ്രയോഗം ഗുണം ചെയ്യും. നടുന്നതിനു മുൻപ് കുഴിയിൽ 10 മുതൽ 15 കിലോഗ്രാം വരെ പൊടിച്ച ചാണകവും ഒന്നര കിലോ വേപ്പിൻപിണ്ണാക്കും അരക്കിലോ റോക്ക് ഫോസ്ഫേറ്റും ഒരു കിലോ ചാരവും ചേർത്തുകൊടുക്കാം. എല്ലാവർഷവും ഏപ്രിൽ മെയ് മാസങ്ങളിൽ ഇതേ അളവിൽ വളപ്രയോഗം ആവർത്തിക്കണം. മണ്ണിൽ ജീവാമൃതം പോലെയുള്ള ജൈവ വളങ്ങൾ നൽകുന്നത് മിത്ര സൂക്ഷ്മാണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും.
മഴക്കാലത്ത് ചുവട്ടിൽ മണ്ണിട്ട് കൊടുക്കുകയും വേനൽക്കാലത്ത് ആഴ്ചയിലൊരിക്കൽ നനയ്ക്കുകയും വേണം. രോഗങ്ങളും കീടങ്ങളും തീരെ കുറവുള്ള വളരെയധികം പ്രതിരോധശേഷിയുള്ള വൃക്ഷമാണ് അഗത്തി. ഏറെ പോഷകഗുണമുള്ള അഗത്തി മനുഷ്യന്റെ ആരോഗ്യത്തിനെന്നപോലെ മണ്ണിന്റെ ആരോഗ്യത്തിനും ഏറ്റവും നല്ല സസ്യങ്ങളിലൊന്നാണ്. ആരോഗ്യത്തിനും രോഗപ്രതിരോധശേഷി നേടുന്നതിനും മണ്ണിനെ സംരക്ഷിക്കുന്നതിനും അടുക്കളത്തോട്ടങ്ങളിൽ അഗത്തി നട്ടു പിടിപ്പിക്കാം.
Discussion about this post