അഗസ്ത്യമുനിക്ക് പ്രിയപ്പെട്ട വൃക്ഷമായതുകൊണ്ടാണ് അഗസ്ത്യ ചീര എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. അകത്തി എന്നും വിളിപ്പേരുണ്ട് ഇവയ്ക്ക്. ഫാബേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. സെസ്ബാനിയ ഗ്രാൻഡിഫ്ലോറ എന്നാണ് ശാസ്ത്രനാമം. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കാണുന്നത്. അകത്തി നാലിനം ഉണ്ട്. വെളുത്ത പൂക്കളുള്ളവ, ചുവന്ന പൂക്കളുള്ളവ, മഞ്ഞ പൂക്കളുള്ളവ, നീല പൂക്കളുള്ളവ എന്നിങ്ങനെ നാലിനം. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ഇവ പൂക്കുന്നത്.
അകത്തിയുടെ തൊലിയിൽ ടാനിൻ, വൈറ്റമിൻ സി, ഫോസ്ഫറസ്, കാൽസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ധാതുക്കളാൽ സമ്പന്നമായതുകൊണ്ടുതന്നെ ഇവയുടെ പൂവും ഇലകളും കറിവെക്കാൻ ഉപയോഗിക്കാറുണ്ട്. കാലിത്തീറ്റയായും ഉപയോഗിക്കുന്നു.
ഒത്തിരി ഔഷധഗുണങ്ങളും ഇവയ്ക്കുണ്ട്. ഇവയുടെ കുരു മുറിവുണക്കുവാനായി ഉപയോഗിക്കുന്നു. വൈറ്റമിൻ എ ഒത്തിരിയുള്ളതുകൊണ്ട് ഇലകൾ നേത്രരോഗങ്ങൾക്കും പരിഹാരമാണ്. ത്വക്ക് രോഗങ്ങൾക്കും മൂത്രാശയ രോഗങ്ങൾക്കും ഉത്തമമാണ് അകത്തി. പണ്ട് കാലത്ത് വസൂരി ചികിത്സയിലും ഇവ ഉപയോഗിച്ചിരുന്നു. വാത രോഗങ്ങൾക്കും നാഡികളുടെ ബലക്ഷയത്തിനും പരിഹാരമാണ് അകത്തി. ശരീരത്തിലെ ഹോർമോണുകളുടെ അളവിനെ ക്രമീകരിക്കാനും ഇവയ്ക്ക് കഴിവുണ്ട്. തൈറോയിഡ് രോഗങ്ങൾക്കും ഇവ പരിഹാരമാണ്.
Discussion about this post