കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ഒരു ഔഷധച്ചെടിയാണ് ആടലോടകം. ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരാൻ കഴിയുന്ന ഒരു കുറ്റിച്ചെടിയാണിത്. പ്രധാനമായും രണ്ടു തരത്തിലുള്ള ആടലോടകങ്ങളുണ്ട്. വലിയ ആടലോടകവും ചെറിയ ആടലോടകവും. ചെറിയ ആടലോടകം ചിറ്റാടലോടകം എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
ആടലോടകത്തിന് വരൾച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട്.ഇതിന്റെ ഇലകൾക്ക് സുഖകരമല്ലാത്ത മണമുള്ളതു കാരണം മൃഗങ്ങൾ തിന്നാറില്ല. ആയതിനാൽ വേലിച്ചെടിയായും വളർത്താൻ പറ്റിയതാണ്.
ആയുർവേദ മരുന്നുകളുടെ ഉൽപാദനത്തിന് കൂടുതലായി ഉപയോഗിക്കുന്നത് ചിറ്റാടലോടകമാണ്. ചെടിയുടെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. പ്രത്യേകിച്ച് ഇലകളും വേരുകളും. ഇലകളിൽ അടങ്ങിയിട്ടുള്ള വാസിസീൻ എന്ന പദാർത്ഥം ചുമ, ആസ്ത്മ തുടങ്ങിയ രോഗങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. അൾസർ, പൈൽസ് എന്നിവ മൂലമുണ്ടാകുന്ന രക്തസ്രാവം ചികിത്സിക്കാൻ ആടലോടകം ഉപയോഗിക്കുന്നുണ്ട്. മോണകളിൽ ഉണ്ടാകുന്ന രക്തസ്രാവത്തിനും ഇത് നല്ലതാണ്. ആടലോടകത്തിന്റെ ഇലയിൽ നിന്നെടുക്കുന്ന നീര് വിളർച്ച, മഞ്ഞപ്പിത്തം, ചർദ്ദി, പനി, ത്വക്ക് രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്.
അജഗന്ധി, വസിക എന്നിവയാണ് പ്രധാന ഇനങ്ങൾ. ഏതൊരു മണ്ണിലും വളരാൻ കഴിവുള്ള ചെടിയാണ് ആടലോടകം. എന്നാൽ നല്ല വളക്കൂറും നീർവാർച്ചയുമുള്ള മണ്ണിൽ കൂടുതൽ വിളവ് നൽകും. നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കാത്ത ഇടങ്ങളിലും ആടലോടകം വളർത്താനാകും. തെങ്ങിന് ഇടവിളയായി വളർത്താനും പറ്റിയ സസ്യമാണ് ആടലോടകം.
15 മുതൽ 20 സെന്റീമീറ്റർ നീളമുള്ളതും മൂന്നോ നാലോ മുട്ടുകളുള്ളതുമായ കമ്പുകൾ നട്ട് ആടലോടകം വളർത്താം. ഏപ്രിൽ- മെയ് മാസങ്ങളിലാണ് കമ്പുകൾ നടേണ്ടത്. വാരങ്ങളെടുത്താണ് നടേണ്ടത്. വരികൾക്കിടയിൽ 60 സെന്റീമീറ്ററും ചെടികൾക്കിടയിൽ 30 സെന്റീമീറ്ററും അകലം പാലിക്കണം. അടിവളമായി ജൈവവളം നൽകുന്നത് നല്ലതാണ്. ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഡിസംബർ- ജനുവരി മാസങ്ങളാണ് വിളവെടുക്കാൻ ഉത്തമം. ഇലകൾ ആദ്യവർഷത്തിൽ തന്നെ ശേഖരിക്കാം എന്നാൽ വേരുകൾ വിളവെടുക്കാണമെങ്കിൽ രണ്ടു വർഷം കഴിയണം.
Discussion about this post