കണ്ടാല്‍ കവുങ്ങ് പോലെ തോന്നുന്ന ഉഷ്ണമേഖലാ വിളയാണ് അക്കായി. ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ പ്രദാനം ചെയ്യുന്ന ഒരു പഴവര്‍ഗമാണിത്. അരിക്കോസി സസ്യകുടുംബത്തില്‍പ്പെട്ട വിളയാണ് ഇത്. കായ്കള്‍ അക്കായി ബെറി എന്ന പേരിലാണ് അറിയപ്പെടുന്നത്. കറുത്ത മുന്തിരിപോലുള്ള കായ്കള്‍ ഒരു കുലയില്‍ 500 മുതല്‍ 800 വരെ എണ്ണം കാണും. പഴങ്ങള്‍ നേരിട്ട് കഴിക്കാം. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഉണ്ടാക്കാം.
വിറ്റാമിനുകള്‍, കാത്സ്യം, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ തുടങ്ങി അനേകം പോഷകമൂലകങ്ങളുടെ അമൂല്യ കലവറയാണ് ഈ ഫലം. 100 ഗ്രാം പൊടിയില്‍ 533.9 കലോറി ഊര്‍ജം അടങ്ങിയിട്ടുണ്ട്. എല്‍ ഡി കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ട്യൂമര്‍, കാന്‍സര്‍ എന്നിവ പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കും. മൂല്യവര്‍ധിത ഉല്‍പ്പന്നമായ അക്കായി ഓയിലിനും മാര്‍ക്കറ്റില്‍ നല്ല ഡിമാന്റാണ്.
നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയും ജൈവസമ്പന്നവുമായ മണ്ണിലാണ് അക്കായി വളരുക. രണ്ടടി ആഴം, വീതി, നീളത്തില്‍ കുഴികളെടുത്ത് ചാണകവും, കമ്പോസ്റ്റും, മേല്‍മണ്ണും ചേര്‍ത്ത് കുഴികള്‍ മൂടിയശേഷം തൈ നടാം.വിത്തുകള്‍ മുളപ്പിച്ച തൈകളാണ് സാധാരണയായി നടീലിന് ഉപയോഗിക്കുന്നത്. കാറ്റത്ത് ആടി ഉലയാതിരിക്കാന്‍ കമ്പ് നാട്ടി ചെടി കെട്ടിവയ്ക്കണം. വേനലില്‍ ജലസേചനവും മറ്റ് പരിചരണമുറകളും കൃത്യമായി ചെയ്യണം. നന്നായി പരിപാലിക്കപ്പെട്ടാല്‍ നാലാം വര്‍ഷം കായ്ക്കും. വര്‍ഷം മുഴുവന്‍ അക്കായി കായ്ക്കും.
മഴക്കാലം വിളവെടുപ്പിന് അനുയോജ്യമല്ല. ജനുവരി മുതല്‍ ജൂണ്‍ വരെയും, ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയും വിളവെടുക്കാം. 25 മീറ്റര്‍വരെ ഉയരത്തിലെത്തുന്ന ഈ പനവര്‍ഗ്ഗത്തിന്റെ ശാഖകളും ശിഖരങ്ങളും മൂന്നുമീറ്റര്‍വരെ വ്യാപിച്ചു കിടക്കും.
Discussion about this post