തീരപ്രദേശങ്ങളിൽ നിർമാണപ്രവർത്തനത്തിന് ഇളവ് അനുവദിക്കുന്ന തീരദേശ പരിപാലന പ്ലാൻ സജ്ജമായി. പ്ലാൻ ദേശീയ ഭൗമശാസ്‌ത്ര പഠനകേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് കൈമാറി. 2019-ലെ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സിആർസെഡ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലാൻ തയ്യാറാക്കിയത്.
പുഴ, കായൽതീരത്ത് നിന്ന് 100 മീറ്റർ വിട്ടാണ് നേരത്തെ നിർമാണപ്രവർത്തനം അനുവദിച്ചതെങ്കിൽ ഭേദഗതി പ്രകാരം 50 മീറ്ററായി കുറയും. കടൽത്തീരത്ത് 200 മീറ്റർ എന്നത് 50 മീറ്ററുമാകും. സ്വകാര്യഭൂമിയിലെ കണ്ടൽച്ചെടികൾക്ക് ബഫർസോൺ എന്ന നിബന്ധനയും എടുത്തുകളഞ്ഞു. സർക്കാർ ഭൂമിയിൽ ആയിരം ചതുരശ്ര മീറ്റർ കണ്ടൽക്കാട് ഉണ്ടെങ്കിൽ മാത്രമാകും ബഫർസോൺ ബാധകമാകുക. എന്നാൽ കണ്ടൽക്കാടുകൾക്ക് സംരക്ഷണമുണ്ടാകും.
ബണ്ടുകൾക്ക് സമീപവും നിർമാണത്തിന് നിയന്ത്രണങ്ങളോടെ അനുമതി ലഭിക്കും. നഗരപ്രദേശത്തെ ഇളവുകൾ 66 പഞ്ചായത്തുകൾക്ക് അനുവദിക്കാനും പ്ലാനിൽ വ്യവസ്ഥ ചെയ്യുന്നു. ഭൗമശാസ്‌ത്ര പഠന കേന്ദ്രം ഡയറക്‌ടർ പ്രൊഫ. എൻ വി ചലപതി റാവു, ഡോ. റെജി ശ്രീനിവാസ് എന്നിവർ ചേർന്നാണ് പ്ലാൻ സമർപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ 2019 തീരദേശ പരിപാലന നിയമം കേരളത്തിൽ നിലവിൽ വരും.
ഇളവ് ലഭിക്കുന്ന പഞ്ചായത്തുകൾ
തിരുവനന്തപുരം ജില്ല
അണ്ടൂർക്കോണം, ചെങ്കൽ, ചിറയൻകീഴ്, കടയ്ക്കാവൂർ, കരുംകുളം, കോട്ടുങ്കൽ, മംഗലാപുരം, വക്കം, വെങ്ങാനൂർ
ആലപ്പുഴ ജില്ല
അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്
എറണാകുളം ജില്ല
ചെല്ലാനം, ചേരനല്ലൂർ, എളങ്കുന്നപ്പുഴ, കടമക്കുടി, കുമ്പളം, കുമ്പളങ്ങി, മുളവുക്കാട്, നായരമ്പലം, ഞാറയ്ക്കൽ, വരാപ്പുഴ
മലപ്പുറം ജില്ല
ചേലേമ്പ്ര, തേഞ്ഞിപ്പാലം, വാഴക്കാട്, വാഴയൂർ
കോഴിക്കോട് ജില്ല
അത്തോളി, കോട്ടൂർ, മാവൂർ, മൂടാടി, നടുവണ്ണൂർ, ഒളവണ്ണ, പെരുമണ്ണ, പെരുവയൽ, തലക്കുളത്തൂർ, തിക്കോടി, തിരുവള്ളൂർ, ഉള്ളേര്യ
കണ്ണൂർ ജില്ല
അഴീക്കോട്, ചെറുകുന്ന്, ചിറയ്ക്കൽ, ചൊക്ലി, കല്യാശേരി, കണ്ണംപുരം, മാട്ടൂൽ, ന്യൂമാഹി, പാപ്പിനിശേരി, രാമന്ത്ളി, വളപട്ടണം
കാസർകോട് ജില്ല
അജാനൂർ, ചെങ്കള, മൊഗ്രാൽ പുത്തൂർ, പുല്ലൂർ-പെരിയ, തൃക്കരിപ്പൂർ, ഉദുമ
A Coastal Management Plan is in place to allow construction activities in coastal areas.
Discussion about this post