കർഷകരുടെ ഉന്നമനവും കാർഷിക മേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് കൃഷിഭവനുകൾ മുഖേന നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കൃഷിഭവനിലൂടെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നു. കോംപ്രിഹന്‍സിവ് ഡെവലപ്മെൻറ് ഓഫ് റൈസ് പദ്ധതിയിലൂടെ പാടശേഖരസമിതികൾക്ക് വളർച്ച ഉപാധികൾ വാങ്ങുന്നതിനായി കൃഷിഭൂമിയുടെ വിസ്തൃതി അനുസരിച്ച് ഹെക്ടർ ഒന്നിന് 5500 രൂപ വീതം സബ്സിഡി നൽകുന്നു. തരിശുനിലങ്ങളിൽ കൃഷി ചെയ്യുന്നതിനായി കർഷകർക്ക് ഹെക്ടർ ഒന്നിന് 40,000 രൂപ വീതം നൽകുന്ന പദ്ധതിയാണ് തരിശു നില കൃഷി. പാട്ട കൃഷി ആണെങ്കിൽ പദ്ധതിപ്രകാരം 35000 രൂപ കർഷകനും 5000 രൂപ സ്ഥല ഉടമയ്ക്കും ലഭ്യമാകും. സ്പെഷ്യാലിറ്റി റൈസ് പദ്ധതിയിലൂടെ പൊക്കാളി കൃഷി ചെയ്യുന്ന കർഷകരെ സഹായിക്കുന്നതിനായി കൃഷിഭവൻ മുഖേന ഹെക്ടർ ഒന്നിന് പതിനായിരം രൂപ സബ്സിഡി നൽകുന്നു.
പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതി പ്രകാരം നെല്ലുൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്പാദക ഇൻസെന്റീവ് ആയി കർഷകർക്ക് ഹെക്ടറിന് ആയിരം രൂപ വീതം ആനുകൂല്യം ലഭ്യമാകും. പാടശേഖരസമിതിക്ക് പാടശേഖരങ്ങളിൽ വരുന്ന അനുബന്ധ ചെലവുകൾ വഹിക്കുന്നതിനായി ഓപ്പറേഷൻ സപ്പോർട്ട് പദ്ധതി വഴി ഹെക്ടർ ഒന്നിന് 360 രൂപ വീതം നൽകുന്നു. സോയൽ ആൻഡ് റൂട്ട് ഹെൽത്ത് മാനേജ്മെൻറ് പദ്ധതിയിലൂടെ മണ്ണിൻറെ അമ്ലത പരിഹരിക്കുന്നതിനും മികച്ച വിളവ് ലഭ്യമാക്കുന്നതിനും ആയി കുമ്മായ വസ്തുക്കൾ ലഭ്യമാക്കുന്നതിന് ഹെക്ടറിന് 5400 രൂപ വീതം ധനസഹായം ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
Summery : Schemes through Krishi Bhavan
Discussion about this post