സംയോജിത കൃഷിയുടെ മികച്ച മാതൃക തന്നെയാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയായ ബിലുവിന്റെ കൃഷിയിടം. പരമാവധി സ്ഥലം ഉപയോഗപ്പെടുത്തി നാല് ഏക്കറിൽ നെല്ലും നാണ്യ വിളകളും പച്ചക്കറികളും ബിലു ഇവിടെ തന്നെ കൃഷി ചെയ്തെടുക്കുന്നു. പ്രാദേശികമായ വിപണി കണ്ടെത്തി കൃഷി ചെയ്യുന്നതിനാൽ കൃഷി ഏറെ ലാഭകരമാണെന്ന അഭിപ്രായമാണ് ഈ കർഷകന് പറയാനുള്ളത്.
കാർഷിക കുടുംബത്തിൽ ജനിച്ചുവളർന്ന ബിലുവിന് അച്ഛനും അമ്മയും പകർന്ന കാർഷിക അറിവുകളാണ് കൃഷിയിടത്തിൽ നൂറു മേനി വിളയിക്കാൻ കാരണമായത്. 12 വർഷങ്ങൾക്കു മുൻപ് വെറും 14 സെന്റിലാണ് ബിലു കൃഷി ആരംഭിച്ചത്. കൃഷി നൽകിയ വിജയവും, ആത്മസംതൃപ്തിയും ആണ് കൃഷിയിൽ തന്നെ തുടരാൻ കാരണമായതെന്ന് ബിലു പറയുന്നു. ഇതോടൊപ്പം 18 വർഷമായി ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ ജീവനക്കാരൻ കൂടിയാണ് ഇദ്ദേഹം. സഹപ്രവർത്തകരുടെ അകമഴിഞ്ഞ പ്രോത്സാഹനവും കൃഷിയിൽ തുടരാനുള്ള തൻറെ ആത്മവിശ്വാസത്തിന് കാരണമായിട്ടുണ്ടെന്ന് ബിലു പറയുന്നു
നാല് ഏക്കറുള്ള കൃഷിയിടത്തിൽ ഭൂരിഭാഗവും നെൽകൃഷിക്ക് വേണ്ടിയാണ് ഇദ്ദേഹം ഉപയോഗപ്പെടുത്തുന്നുവെന്നത് ഏറെ പ്രശംസനീയമാണ്. വിളവിൽ മുന്നിട്ടു നിൽക്കുന്ന പൊന്മണി തന്നെയാണ് നെല്ലുകൃഷിക്ക് ഉപയോഗിക്കുന്നത്. പലരും കൂലി ചെലവും കാലാവസ്ഥയിലെ വ്യതിയാനവും മൂലം നെൽകൃഷിയെ പൂർണമായും ഉപേക്ഷിക്കുമ്പോൾ ഈ കർഷകൻ അന്യം നിന്നു പോകുന്ന നെൽകൃഷിയെ കൈവിടാതെ ഇന്നും സൂക്ഷിക്കുന്നു. നെൽകൃഷിയിൽ നിന്ന് ലഭിക്കുന്ന ലാഭമല്ല മറിച്ച് നെൽകൃഷി പകരുന്ന സന്തോഷമാണ് ജീവിതത്തിൻറെ അടിസ്ഥാനം എന്നാണ് ബിലുവിൻറെ അഭിപ്രായം.
നെൽകൃഷി പോലെ തന്നെ ഏറെ പ്രാധാന്യത്തോടെ ചെയ്യുന്ന ഒന്നാണ് വാഴ കൃഷിയും. ഏറെ ലാഭവും സ്വാദിൽ മുന്നിട്ടു നിൽക്കുന്നതുമായ ആറ്റു നേന്ത്രൻ ഇനമാണ് കൃഷി ചെയ്യുന്നത്. ഒപ്പം ഇടവിളയായി കൂർക്ക, ചേമ്പ് തുടങ്ങിവയും കൃഷി ചെയ്യുന്നു. കൂടാതെ പോഷകാംശം ഏറെയുള്ളതും, വിപണിയിൽ ഏറെ സ്വീകാര്യതയുള്ളതുമായ ആമ്പക്കാടൻ ഇനത്തിൽപ്പെട്ട മരച്ചീനിയും വാണിജ്യ അടിസ്ഥാനത്തിൽ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും ഗ്രോബാഗിലും മണ്ണിലും ബിലു കൃഷി ചെയ്തെടുക്കുന്നു. തീർത്തും ജൈവരീതിയിൽ കൃഷി ചെയ്യുന്നതുകൊണ്ടുതന്നെ ബിലുവിന്റെ കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ വൻ ഡിമാൻഡ് ആണ് ഉള്ളത്.
മണ്ണിലെ പി എച്ച് ക്രമീകരിച്ചാണ് ബിലു കൃഷി ആരംഭിക്കുന്നത്. മണ്ണിലെ ഓരോ സൂക്ഷ്മ മൂലകങ്ങൾ തിരിച്ചറിഞ്ഞ് മണ്ണിന് ആവശ്യമായ ജൈവവളങ്ങൾ നൽകിയാണ് കൃഷി ആരംഭിക്കുന്നത്. ഫിഷ് അമിനോ ആസിഡ്, ജീവാമൃതം തുടങ്ങിയ വളക്കൂട്ടങ്ങളാണ് പ്രധാനമായും കൃഷിയിടത്തിൽ ഉപയോഗിക്കുന്നത്.
കൃഷിയിൽ പൂർണ്ണ പിന്തുണയേകി ഭാര്യ അനിതയും മകൾ ഗൗരിയും അച്ഛൻ ബാബുവും ബിലുവിനൊപ്പം കൂട്ടിനുണ്ട്. പ്രൈവറ്റ് സ്കൂളിൽ അധ്യാപികയായി ജോലിചെയ്യുന്ന അനിത ഒഴിവുസമയങ്ങളിൽ കൃഷിയിടത്തിൽ സജീവസാന്നിധ്യമാണ്. ഇത് കൂടാതെ കൃഷിഭവന്റെ പിന്തുണയും കാർഷിക മേഖലയിൽ തനിക്ക് ഏറെ കരുത്ത് പകരുന്നുവെന്ന് ഈ കർഷകൻ പറയുന്നു. വേങ്ങൂർ കൃഷി ഓഫീസർ ആയ ആര്യ മേഡം പകർന്ന കാർഷിക അറിവുകളും തൻറെ കാർഷികവൃത്തിയിൽ ഒട്ടേറെ ഗുണം ചെയ്തുവെന്നും ഈ കർഷകൻ പറയുന്നു. കാർഷിക മേഖലയിലെ മികവിന് ബിലുവിനും മകൾ ഗൗരിക്കും ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇത്തവണത്തെ വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റെ മികച്ച യുവകർഷക പുരസ്കാരവും ഇദ്ദേഹത്തിന് ആയിരുന്നു.
നാല് ഏക്കറിലെ കൃഷി കൂടുതൽ വിപുലപ്പെടുത്താനും മെയ് -ജൂൺ മാസങ്ങളിൽ വാണിജ്യ അടിസ്ഥാനത്തിൽ മുല്ല കൃഷി ചെയ്യാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഈ കർഷകൻ.
Discussion about this post