നിങ്ങൾക്ക് ഒരു ഫ്ലവർ ഷോ കാണണോ, എങ്കിൽ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ സ്വദേശി ആനി സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്തേക്ക് പോന്നോളൂ. നൂറുകണക്കിന് ഓർക്കിഡ് പൂക്കൾ മഴവിൽ അഴകിൽ പൂവിട്ട് നിൽക്കുന്ന കാഴ്ച കാണാം ഇവിടെ. പ്രത്യേകം തയ്യാറാക്കിയ ട്രെല്ലിസിലും പെർഗോള യിലും ഓർക്കിഡ് ചെടികൾ വളർന്നുനിൽക്കുന്ന കാഴ്ച അതിമനോഹരം തന്നെയാണ്. കൂട്ടത്തിൽ ആനി ചേച്ചിക്ക് ഏറ്റവും പ്രിയം ഡെഡ്രോബിയം ഇനങ്ങളോടാണ്. ഏകദേശം രണ്ടായിരത്തിലധികം ഇനങ്ങളാണ് ആനി ചേച്ചിയുടെ ഓർക്കിഡ് ശേഖരത്തിൽ ഉള്ളത്. വെയിൽ നല്ല രീതിയിൽ ലഭ്യമാകുന്ന വീട്ടുമുറ്റത്ത് തന്നെയാണ് ഭൂരിഭാഗം ചെടികളും നട്ടു പരിപാലിച്ചിരിക്കുന്നത്.
ഏറെയും കളിമൺ ചട്ടികളിലാണ് വളർത്തിയിരിക്കുന്നത്. സ്റ്റാൻഡുകൾ ക്രമീകരിച്ച് മനോഹരമായ അടക്കിവച്ചിരിക്കുന്ന ഓർക്കിഡുകളുടെ ശേഖരം ഏതൊരു ഉദ്യാന പ്രേമിയെയും ആകർഷിക്കും. കരി മാത്രം ഉപയോഗപ്പെടുത്തിയാണ് ഏറെയും ഓർക്കിഡുകൾ നട്ടിരിക്കുന്നത്. മഴക്കാലത്ത് എം പി കെ വളങ്ങൾ നൽകുകയും വേനൽക്കാലത്ത് ചേച്ചി പ്രത്യേകമായി തയ്യാറാക്കുന്ന ജൈവവളം നൽകുകയുമാണ് ചെയ്യുന്നത്. ഏകദേശം മൂന്നു മണിക്കൂർ സമയം ചെടികളുടെ പരിപാലനത്തിനായി ആനി മാറ്റിവെക്കുന്നുണ്ട്. ഇപ്പോൾ വീട്ടുമുറ്റത്ത് ഫ്ലവർഷോ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആനി ചേച്ചി. ഭർത്താവ് സെബാസ്റ്റ്യനും മക്കളും പൂർണ്ണപിന്തുണയേകി ആനി ചേച്ചിക്ക് കൂട്ടിനായി എപ്പോഴും ഇവിടെയുണ്ട്.
Discussion about this post